ആഫ്രിക്കന്‍ നേഷന്‍സ്‌ കപ്പ്‌ ഫുട്‌ബോള്‍ കിരീടം സാദിയോ മാനെയുടെ സെനഗലിന്‌

0

യാവുണ്ടെ: ആഫ്രിക്കന്‍ നേഷന്‍സ്‌ കപ്പ്‌ ഫുട്‌ബോള്‍ കിരീടം സാദിയോ മാനെയുടെ സെനഗലിന്‌. എട്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ മുഹമ്മദ്‌ സലയുടെ ഈജിപ്‌തിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ്‌ സെനഗല്‍ കന്നിക്കിരീടം ഉയര്‍ത്തിയത്‌. 120 മിനിറ്റിലും ഇരുപക്ഷത്തിനും ഗോള്‍ കണ്ടെത്താനായില്ല. തുടര്‍ന്നാണ്‌ ഷൗട്ടൗട്ടില്‍ ജേതാക്കളെ നിര്‍ണയിച്ചത്‌. 4-2 നായിരുന്നു സെനഗലിന്റെ ജയം. ലിവര്‍പൂളില്‍ സഹതാരമായ ഈജിപ്‌തിന്റെ മുഹമ്മദ്‌ സലയുടെ കണ്ണീര്‍ വീണ മത്സരത്തിനൊടുവില്‍ സെനഗലിന്റെ സാദിയോ മാനേ കിരീടത്തില്‍ മുത്തമിട്ടു. 2002, 2019 വര്‍ഷങ്ങളില്‍ ഫൈനലില്‍ കാലിടറിയതിന്റെ നിരാശമാറ്റാനും ഇതോടെ സെനഗലിനായി.
കാമറൂണിനെതിരായ സെമി പോരാട്ടത്തിനിടെ അരങ്ങേറിയ ചൂടന്‍ പെരുമാറ്റത്തിന്റെ പേരില്‍ ചുവപ്പുകാര്‍ഡ്‌ കണ്ട്‌ പുറത്തായ കാര്‍ലോസ്‌ കെ്വയ്‌റോസിനു പകരം അണ്ടര്‍ 20 പരിശീലകന്‍ ദിയാ എല്‍ സയിദിനായിരുന്നു ഈജിപ്‌തിന്റെ ചുമതല. സെനഗലാകട്ടെ വാറ്റ്‌ഫോഡ്‌ വിങ്ങര്‍ ഇസ്‌മായില സാറിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തി.
മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയതു സെനഗലായിരുന്നു. കളിയുടെ ഏഴാം മിനിറ്റില്‍ സാലിയു സിസ്സിനെ വീഴ്‌ത്തിയതിനു പെനാല്‍റ്റി വിധിച്ചതോടെ സെനഗലിനു തുടക്കത്തിലേ ലീഡെടുക്കാന്‍ അവസരം ലഭിച്ചു. കിക്കെടുക്കാനെത്തിയതു സൂപ്പര്‍താരം സാദിയോ മാനെ. സെമിയിലെ ഷൂട്ടൗട്ടില്‍ കാമറൂണ്‍ കടക്കാന്‍ ഈജിപ്‌തിനെ തുണച്ച ഗോള്‍കീപ്പര്‍ മുഹമ്മദ്‌ അബൗ ഗബാലിനെ കീഴടക്കാന്‍ പക്ഷേ, മാനെയ്‌ക്കായില്ല. മാനെയുടെ കിക്ക്‌ തടുത്തിട്ട്‌ ഗബാല്‍ ഒരിക്കല്‍ക്കൂടി മികവ്‌ ആവര്‍ത്തിച്ചു. കിക്കിനു മുമ്പ്‌ ഈജിപ്‌ഷ്യന്‍ സൂപ്പര്‍താരം മുഹമ്മദ്‌ സല തന്റെ ഗോള്‍കീപ്പറുമായി ആശയവിനിമയം നടത്തിയതും വഴിത്തിരിവായി.
സ്‌കോര്‍ ചെയ്യാനുള്ള അവസരം നഷ്‌ടപ്പെടുത്തിയതിനുപിന്നാലെ വര്‍ധിത വീര്യത്തോടെ സെനഗല്‍ ആര്‍ത്തിരമ്പി. വിങ്ങില്‍ ഇസ്‌മായില്‍ സാറയുടെ വേഗവും ബോക്‌സിനുള്ളില്‍ സാദിയോ മാനെയുടെ പ്രതിഭയും ഈജിപ്‌തിനു പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചു. 43-ാം മിനിറ്റിലാണ്‌ ഈജിപ്‌ത് ആദ്യമായി ലക്ഷ്യത്തിലേക്കു പന്തു പായിച്ചത്‌. മുഹമ്മദ്‌ സലയുടെ വലംകാല്‍പ്രഹരം പക്ഷേ, സെലഗലിന്റെ ചെല്‍സി ഗോളി എഡ്വേര്‍ഡ്‌ മെന്‍ഡി രക്ഷിച്ചു.
രണ്ടാം പകുതി തുടങ്ങി മൂന്നു മിനിറ്റിനകം സെനഗലിനു ബോക്‌സിനു തൊട്ടുപുറത്തു ഫ്രീ കിക്ക്‌ ലഭിച്ചെങ്കിലും ഇദ്രിസ ഗ്യൂയെയുടെ ഷോട്ട്‌ പുറത്തേക്കു പോയി.
77-ാം മിനിറ്റില്‍ സെനഗല്‍ നിരയില്‍ ബംബ ദിയെങ്ങിനെയും ബൗലായെ ദിയയെയും കളത്തിലിറക്കി പരിശീലകന്‍ അലിയൗ സിസെ പരീക്ഷണം നടത്തി. അധികസമയത്തു മാഴ്‌സെ താരമായ ദിയെങ്ങിന്റെ ഹെഡര്‍ ഈജിപ്‌ത് ഗോളി ഗബാസ്‌കി കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തിയത്‌ അവിശ്വസനീയമായി. പിന്നാലെ ദിയെങ്ങിന്റെ തന്നെ 30 വാര അകലെനിന്നുള്ള ഷോട്ടിനും ഗബാസ്‌കി രക്ഷകനായി.
ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സെലഗലിനുവേണ്ടി ആദ്യ രണ്ടു കിക്കെടുത്ത കാലിദൗ കൗലിബാലിയും അബ്‌ദൗ ദിയാലോയും ലക്ഷ്യം കണ്ടു. ഈജ്‌പിതിനായി ആദ്യ കിക്കെടുത്ത സിസോ ഗോളടിച്ചപ്പോള്‍ മുഹമ്മദ്‌ അബ്‌ദെല്‍മോനെമിന്റെ ഷോട്ട്‌ പോസ്‌റ്റിലിടിച്ചു മടങ്ങി. സെനഗലിന്റെ ബൗന സാറിന്റെ പെനാല്‍റ്റി ഗബാസ്‌കി രക്ഷപ്പെടുത്തി. ലഹീമിന്റെ പെനാല്‍ട്ടി മെന്റിയും തടുത്തിട്ടതോടെ മാനെ ഒരിക്കല്‍ക്കൂടി സ്‌പോട്ട്‌ കിക്കിനായെത്തി. ഏഴാം മിനിറ്റില്‍ പിഴച്ചെങ്കിലും ഇത്തവണ പന്ത്‌ വലയിലേക്ക്‌ അടിച്ചുകയറ്റിയ മാനെ സെനഗലിനു കന്നിക്കിരീടം സമ്മാനിച്ചു.
ഈജിപ്‌തിനായി അഞ്ചാം പെനാല്‍റ്റിയെടുക്കാന്‍ കാത്തുനിന്ന മുഹമ്മദ്‌ സല ഹതാശനായി കണ്ണീരണിഞ്ഞു മടങ്ങുമ്പോള്‍ മാനെയും സെനഗല്‍ സംഘവും കന്നിക്കിരീടത്തിന്റെ ആഘോഷം തുടങ്ങിക്കഴിഞ്ഞിരുന്നു.

Leave a Reply