യുക്രെയ്ൻ പ്രസിഡന്റ് പോളണ്ടിലേക്കു മുങ്ങിയെന്ന് റഷ്യൻ പ്രചാരണം; കീവിൽ നിന്ന് വീഡിയോ സന്ദേശത്തിലൂടെ ആരോപണങ്ങൾക്ക് മറുപടി നൽകി സെലെൻസ്കി

0

കീവ്: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പോളണ്ടിലേക്കു മുങ്ങിയെന്ന റഷ്യൻ പ്രചാരണത്തിന് മറുപടി. കീവിലെ ഓഫിസിൽ നിന്നു വിഡിയോ സന്ദേശത്തിലൂടെയാണ് മറുപടി നൽകിയത്. റഷ്യ ആക്രമണം ശക്തമാക്കുന്നതിനു മുൻപ് മാർച്ച് 2ന് സെലെൻസ്കി പോളണ്ടിലേക്കു കടന്നെന്നും അമേരിക്കയിൽ അഭയം തേടാൻ ആലോചിക്കുന്നെന്നുമാണു റഷ്യൻ പാർലമെന്റ് അംഗത്തെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. യുക്രെയ്‌ൻ പാർലമെന്റ് അംഗങ്ങൾക്കു സെലെൻസ്കിയെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും പ്രചാരണമുണ്ടായിരുന്നു. ഇതെത്തുടർന്ന് ഇന്നലെ കീവിലെ ഓഫിസിൽ നിന്ന് സെൽഫി വിഡിയോ സന്ദേശത്തിൽ പ്രത്യക്ഷപ്പെട്ട സെലെൻ‍സ്കി ആരോപണങ്ങൾക്ക് മറുപടി നൽകി.

‘യുക്രെയ്നിൽ നിന്നു ഞാൻ ഒളിച്ചോടിയെന്ന വാർത്ത ഒന്നിടവിട്ട ദിവസങ്ങളിൽ കാണുന്നുണ്ട്. ​ഞാനെവിടെയും പോയിട്ടില്ല. ഞങ്ങൾ ഇവിടെ ജോലിയിലാണ്. ഇടയ്ക്കൊന്ന് ഓടാൻ പോകണമെന്ന് തോന്നാറുണ്ട്. പക്ഷേ, അതിനു സമയമില്ല’– യുക്രെയ്നിനു വിജയവും ശത്രുക്കൾക്കു മരണവും നേർന്ന് സെലെൻസ്കി സന്ദേശം അവസാനിപ്പിക്കുന്നു. റഷ്യ ആക്രമണം ആരംഭിച്ച ഫെബ്രുവരി 24 മുതൽ പല തവണ സെലെൻസ്കി രാജ്യം വിട്ടതായി പ്രചാരണം ഉണ്ടായിരുന്നു.

Leave a Reply