കിഴക്കന്‍ യുക്രൈനിലെ റഷ്യന്‍ പിന്തുണയുള്ള രണ്ടു വിമത മേഖലകളെ സ്വതന്ത്ര രാഷ്‌ട്രമായി റഷ്യ അംഗീകരിച്ചതിനു പിന്നാലെ ഇവിടേക്കു സൈന്യത്തെ അയച്ച്‌ റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാദിമിര്‍ പുടിന്റെ പ്രകോപനം

0

മോസ്‌കോ: കിഴക്കന്‍ യുക്രൈനിലെ റഷ്യന്‍ പിന്തുണയുള്ള രണ്ടു വിമത മേഖലകളെ സ്വതന്ത്ര രാഷ്‌ട്രമായി റഷ്യ അംഗീകരിച്ചതിനു പിന്നാലെ ഇവിടേക്കു സൈന്യത്തെ അയച്ച്‌ റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാദിമിര്‍ പുടിന്റെ പ്രകോപനം. ഇതോടെ ഉപരോധപ്രഖ്യാപനങ്ങളും രൂക്ഷപ്രതികരണവുമായി അമേരിക്കന്‍ നേതൃത്വത്തിലുള്ള പാശ്‌ചാത്യരാജ്യങ്ങള്‍. യുദ്ധത്തിന്റെ മുന്നോടിയെന്ന്‌ ഐക്യരാഷ്‌ട്രസഭ അപലപിക്കുകയും ചെയ്‌തതോടെ യുക്രൈന്‍ സംഘര്‍ഷം നിര്‍ണായകഘട്ടത്തില്‍.
തിങ്കളാഴ്‌ച അര്‍ധരാത്രിയോടെ യുക്രൈന്‍ അതിര്‍ത്തി ലക്ഷ്യമാക്കി റഷ്യന്‍ സൈനികവാഹനങ്ങള്‍ നീങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ തുടക്കമാണോ ഇതെന്ന്‌ വ്യക്‌തമല്ല. എന്നാല്‍, വലിയ സൈനികനടപടിയുടെ തുടക്കമാണിതെന്നാണ്‌ യു.എസ്‌, യുറോപ്യന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്‌. സൈനികനീക്കത്തെ “സമാധാനദൗത്യ”മെന്നാണ്‌ പുടിന്‍ വിശേഷിപ്പിച്ചത്‌. എന്നാല്‍ റഷ്യന്‍ നടപടിയെത്തുടര്‍ന്ന്‌ വിളിച്ചുചേര്‍ത്ത ഐക്യരാഷ്‌ട്ര രക്ഷാസമിതിയുടെ അടിയന്തരയോഗത്തില്‍ ഈ പ്രയോഗത്തെ അസംബന്ധം എന്നാണ്‌ യു.എസ്‌. അംബാസിഡര്‍ ലിന്‍ഡാ തോമസ്‌ ഗ്രീന്‍ഫീല്‍ഡ്‌ വിശേഷിപ്പിച്ചത്‌.
യുക്രൈന്‍ അതിര്‍ത്തിയില്‍ ആഴ്‌ചകളോളം വന്‍സൈനികവിന്യാസം നടത്തിയശേഷമാണ്‌ മുന്‍ സോവിയറ്റ്‌ യൂണിയന്റെ ഭാഗമായിരുന്ന യുക്രൈനിലെ ഡൊനെറ്റ്‌സ്‌ക്‌, ലുഗാന്‍സ്‌ക്‌ വിമത മേഖലകളുടെ സ്വാതന്ത്ര്യം പുടിന്‍ അംഗീകരിച്ചത്‌. ഇത്‌ അധിനിവേശ സേനയ്‌ക്കു താവളം ഒരുക്കാനാണെന്നാണ്‌ ആശങ്ക. ദേശീയ ടെലിവിഷനിലൂടെ ഒരു മണിക്കൂറിലേറെ നീണ്ട അഭിസംബോധനയില്‍ സൈനികനടപടി പ്രഖ്യാപിച്ച പുടിന്‍, യുക്രൈന്‍ പരാജയപ്പെട്ട രാഷ്‌ട്രമാണെന്നും പാശ്‌ചാത്യരാജ്യങ്ങളുടെ കളിപ്പാവ ആണെന്നും ആരോപിച്ചു. റഷ്യന്‍ നീക്കത്തെത്തുടര്‍ന്ന്‌ യുക്രൈന്‍ പ്രസിഡന്റ്‌ വോളോദിമിര്‍ സെലന്‍സ്‌കി ദേശീയ സുരക്ഷാകൗണ്‍സിലിന്റെ അടിയന്തരയോഗം വിളിച്ചു. ലോകനേതാക്കളുടെ പിന്തുണ ഫോണിലൂടെയും അഭ്യര്‍ഥിച്ചു.
അടിയന്തര യു.എന്‍. രക്ഷാസമിതിയോഗത്തില്‍ പാശ്‌ചാത്യരാജ്യങ്ങള്‍ റഷ്യന്‍ നടപടിയെ അപലപിച്ചപ്പോള്‍ എല്ലാവരും സംയമനം പാലിക്കണമെന്നും നയതന്ത്രപരിഹാരമുണ്ടാക്കണമെന്നുമാണ്‌ റഷ്യയുടെ ഏറ്റവും അടുത്ത സുഹൃത്തായ ചൈന നിലപാട്‌ എടുത്തത്‌. റഷ്യയ്‌ക്കുമേല്‍ പുതിയ ഉപരോധങ്ങള്‍ കൊണ്ടുവരാനാണ്‌ യു.എസിന്റെയും യൂറോപ്യന്‍ യൂണിയന്റെയും നീക്കം. ബ്രിട്ടനാകട്ടെ, ഇന്നലെ അഞ്ച്‌ റഷ്യന്‍ ബാങ്കുകള്‍ക്കു വിലക്ക്‌ ഏര്‍പ്പെടുത്തി. ഏതാനും റഷ്യന്‍ സാമ്പത്തിക വമ്പന്മാര്‍ക്കെതിരേയും ഉപരോധം തുടങ്ങി.
റഷ്യയില്‍നിന്ന്‌ ജര്‍മനിയിലേക്കു വാതക ഇന്ധനമെത്തിക്കുന്ന വന്‍ പദ്ധതിയായ നോര്‍ഡ്‌ സ്‌ട്രീം വാതക പൈപ്പ്‌ലൈനിന്റെ രണ്ടാംഘട്ടം നിര്‍ത്തിവയ്‌ക്കുന്നതായി ജര്‍മനി പ്രഖ്യാപിച്ചു. പുതിയ ഉപരോധം അമേരിക്ക ഉടന്‍ പ്രഖ്യാപിക്കും. റഷ്യയ്‌ക്കുമേല്‍ ഏര്‍പ്പെടുത്തേണ്ട ഉപരോധങ്ങള്‍ അംഗരാജ്യങ്ങള്‍ക്ക്‌ യൂറോപ്യന്‍ കമ്മിഷന്‍ കൈമാറിയിട്ടുണ്ട്‌.

Leave a Reply