യുക്രെയ്‌ൻ നഗരങ്ങളിൽ റഷ്യ ബോംബാക്രമണം നടത്തുന്നെന്ന കാര്യം നിഷേധിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ

0

യുക്രെയ്‌ൻ നഗരങ്ങളിൽ റഷ്യ ബോംബാക്രമണം നടത്തുന്നെന്ന കാര്യം നിഷേധിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ഇത്തരം വിവരങ്ങൾ വ്യാജമാണെന്നു ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായുള്ള ഫോൺ സംഭാഷണത്തിൽ പുട്ടിൻ പറഞ്ഞു. കീവിലും മറ്റു വലിയ നഗരങ്ങളിലും വ്യോമാക്രമണങ്ങൾ നടക്കുന്നെന്നത് വ്യാജ പ്രചാരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞതായി റഷ്യ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.

റഷ്യയുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ യുക്രെയ്‌നുമായി ചർച്ചകൾ സാധ്യമാകൂവെന്നും പുട്ടിൻ കൂട്ടിച്ചേർത്തു. ‘യുക്രെയ്‌നുമായും സമാധാനം ആഗ്രഹിക്കുന്ന എല്ലാവരുമായും റഷ്യ ചർച്ചയ്ക്കു തയാറാണ്. എന്നാൽ റഷ്യയുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റപ്പെടുമെന്ന വ്യവസ്ഥയിൽ മാത്രമാകും അത്.’– പുട്ടിൻ പറഞ്ഞു.

യുക്രെയ്‌ന്റെ ആണവരഹിത പദവി, ക്രിമിയയെ റഷ്യയുടെ ഭാഗമായി അംഗീകരിക്കൽ, കിഴക്കൻ യുക്രെയ്നിലെ വിഘടനവാദ പ്രദേശങ്ങളുടെ ‘പരമാധികാരം’ എന്നിവ ഉൾപ്പെടെയാണ് റഷ്യയുടെ വ്യവസ്ഥകൾ. റഷ്യ–യുക്രെയ്ൻ മൂന്നാംവട്ട ചർച്ച ഈയാഴ്ച അവസാനം നടക്കുമെന്നാണ് കരുതുന്നത്.

Leave a Reply