കീവിനെ വളഞ്ഞും രണ്ടാമത്തെ വന്‍നഗരമായ ഖാര്‍ക്കീവിനെ ഷെല്ലിങ്ങില്‍ തവിടുപൊടിയാക്കിയും റഷ്യന്‍ സംഹാരയുദ്ധം

0

കീവ്‌/മോസ്‌കോ: അധിനിവേശത്തിന്റെ ആറാംദിനം യുക്രൈന്‍ തലസ്‌ഥാനമായ കീവിനെ വളഞ്ഞും രണ്ടാമത്തെ വന്‍നഗരമായ ഖാര്‍ക്കീവിനെ ഷെല്ലിങ്ങില്‍ തവിടുപൊടിയാക്കിയും റഷ്യന്‍ സംഹാരയുദ്ധം. ഇന്നലത്തെ റോക്കറ്റാക്രമണങ്ങളില്‍ മാത്രം 70 യുക്രൈന്‍ സൈനികര്‍ കൊല്ലപ്പെട്ടു.
ഖാര്‍ക്കീവില്‍ മാത്രം 11 സാധാരണക്കാരാണു മരിച്ചത്‌. സമാധാനചര്‍ച്ചകള്‍ക്കു പിന്നാലെ തനിനിറം പുറത്തെടുത്ത റഷ്യന്‍ സേന യുക്രൈന്‍ നഗരങ്ങളെ തച്ചുടയ്‌ക്കുക ലക്ഷ്യമിട്ടാണ്‌ നീങ്ങുന്നത്‌ എന്നു വ്യക്‌തമായി. യുക്രൈനുമേല്‍ ത്വരിതവിജയം നേടുക എന്ന ലക്ഷ്യം പരാജയപ്പെട്ടതോടെ നഗരങ്ങളെ ബോംബിട്ടു തകര്‍ക്കുക എന്ന ലക്ഷ്യത്തിലേക്കു റഷ്യന്‍ കമാന്‍ഡര്‍മാര്‍ തന്ത്രം മാറ്റി.
കീവ്‌ നഗരം ലക്ഷ്യമിട്ടുവരുന്ന 65 കിലോമീറ്ററോളം നീളത്തില്‍ റഷ്യന്‍ ടാങ്ക്‌ പടയുടെ ചിത്രവും പുറത്തുവന്നു. കീവിനു പുറത്തുള്ള ആന്റോനോവ്‌ വിമാനത്താവളം മുതല്‍ പ്രൈബ്രിസ്‌ക്‌ നഗരം വരെ നീളുന്ന പടുകൂറ്റന്‍ സേനാവ്യൂഹത്തിന്റെ ചിത്രമാണ്‌ അമേരിക്കന്‍ ഉപഗ്രഹകമ്പനിയായ മാക്‌സാര്‍ പുറത്തുവിട്ടത്‌. കീവിലെ യുക്രൈന്‍ സുരക്ഷാസേനയുടെ കേന്ദ്രങ്ങള്‍ക്കു നേര്‍ക്ക്‌ ആക്രമണം നടത്തുമെന്നും പ്രദേശത്തിനു സമീപമുള്ള ഒഴിഞ്ഞുപോകണമെന്നും റഷ്യന്‍ സേന നഗരവാസികള്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌. ഖാര്‍ക്കീവിലെ പടുകൂറ്റന്‍ സര്‍ക്കാര്‍ മന്ദിരത്തിലേക്ക്‌ റഷ്യന്‍ മിസൈല്‍ പതിച്ച്‌ നിമിഷാര്‍ധം കൊണ്ട്‌ തീഗോളമായി മാറുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഖാര്‍ക്കീവ്‌ നഗരമധ്യത്തിലെ ഫ്രീഡം സ്‌ക്വയറിലാണ്‌ ആക്രമണമുണ്ടായത്‌. ഇന്നലെ രാവിലെയുണ്ടായ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടെന്നാണ്‌ വിവരം.

Leave a Reply