റഷ്യ-യുക്രൈൻ യുദ്ധം; ആഗോള വ്യാപാര വളർച്ച 2022ൽ പകുതിയാകുമെന്ന് WTOയുടെ മുന്നറിയിപ്പ്

0

ഉക്രെയിനിലെ യുദ്ധം ആഗോള വ്യാപാര വള‍ർച്ചയെ സാരമായി ബാധിക്കുമെന്ന് വേൾഡ് ട്രേഡ് ഓർഗനൈസേഷൻെറ മുന്നറിയിപ്പ്. വ്യാപാര വള‍ർച്ച പകുതിയായി കുറയുന്നതോടൊപ്പം ആഗോള GDPയും തക‍ർച്ചയിലേക്ക് കൂപ്പുകുത്തും. റഷ്യയുടെ ഉക്രെയിൻ അധിനിവേശം ജനങ്ങളെ പ്രതിസന്ധിയിലേക്ക് നയിക്കുന്നതിനൊപ്പം ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമേൽപ്പിക്കുമെന്നും WTO വ്യക്തമാക്കി. സംഘർഷം നീളുകയാണെങ്കിൽ ആഗോള സമ്പദ് വ്യവസ്ഥ പല ബ്ലോക്കുകളായി കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങും. ജനീവ ആസ്ഥാനമായിട്ടുള്ള സംഘടന യുദ്ധത്തിൻെറ അനന്തരഫലങ്ങളെക്കുറിച്ച് പഠിച്ച് പ്രാഥമികമായ അവലോകനം നടത്തുകയാണ് ചെയ്തിരിക്കുന്നത്.

മൊത്തത്തിലുള്ള ലോക വ്യാപാരത്തിലും ഉൽപ്പാദനത്തിലും റഷ്യയുടെയും ഉക്രെയ്‌ന്റെയും പങ്ക് താരതമ്യേന കുറവാണ്. എന്നാൽ, അവശ്യ ഉൽപ്പന്നങ്ങളുടെ, പ്രത്യേകിച്ച് ഭക്ഷ്യധാന്യങ്ങളുടെയും ഊർജത്തിന്റെയും പ്രധാന വിതരണക്കാരാണ് ഇരുരാജ്യങ്ങളും. 0.7 ശതമാനം മുതൽ 1.3 ശതമാനം വരെ ആഗോള ജിഡിപി വള‍ർച്ച കുറയ്ക്കാൻ യുദ്ധം കാരണമാവുമെന്ന് ലോക വ്യാപാര സംഘടന വിലയിരുത്തുന്നു. ആഗോള വ്യാപാര വളർച്ച 4.7 ശതമാനത്തിൽ നിന്ന് പകുതിയായി കുറയാനാണ് സാധ്യത. കഴിഞ്ഞ ഒക്ടോബറിൽ WTO വ്യാപാര വള‍ർച്ച പ്രവചിച്ചത് 2.4 ശതമാനത്തിനും മൂന്ന് ശതമാനത്തിനും ഇടയിലാണ്.

2022 ഫെബ്രുവരി 24നാണ് റഷ്യയുടെ ഉക്രെയിൻ അധിനിവേശം ആരംഭിക്കുന്നത്. ഏഴാഴ്ചയായിട്ടും സംഘ‍ർഷത്തിന് അയവ് വന്നിട്ടില്ല. ലോകത്തെ ചില മേഖലകളെ യുദ്ധം വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും ലോക വ്യാപാര സംഘടന പറയുന്നു. റഷ്യയിൽ നിന്നും ഉക്രെയിനിൽ നിന്നും കൂടുതൽ ഇറക്കുമതി നടക്കുന്നത് യൂറോപ്പിലേക്കാണ്. അതിനാൽ യൂറോപ്യൻ സാമ്പത്തിക വ്യവസ്ഥയെ തന്നെയാണ് കാര്യമായി ബാധിക്കുക.

ധാന്യങ്ങളുടെയും മറ്റ് ഭക്ഷണപദാ‍ർഥങ്ങളുടെയും ഇറക്കുമതി നിലച്ചതിനാൽ കാർഷിക വിപണിയിൽ വില കുതിച്ചുയരും. ദരിദ്രമേഖലകളിൽ ഇത് ഭക്ഷ്യക്ഷാമത്തിന് വരെ കാരണമാവുമെന്നും WTO വിലയിരുത്തുന്നു. ആഫ്രിക്കയും മിഡിൽ ഈസ്റ്റ് മേഖലയും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങും. റഷ്യയിൽ നിന്നും ഉക്രെയിനിൽ നിന്നുമാണ് ഇവിടേക്കുള്ള 50 ശതമാനം ഭക്ഷ്യധാന്യങ്ങളും ഇറക്കുമതി ചെയ്യുന്നതെന്നും WTO ചൂണ്ടിക്കാട്ടി. ധാന്യ കയറ്റുമതിയിൽ വലിയ ഇടിവുണ്ടാവുമെന്നതിനാൽ ചില സബ് സഹാറൻ രാജ്യങ്ങളിൽ 50 മുതൽ 85 ശതമാനം വരെ വിലക്കയറ്റത്തിനും സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here