കിഴക്കൻ യുക്രെയ്നിൽ സർവസന്നാഹങ്ങളുമായി ആക്രമണം ശക്തിപ്പെടുത്തിയ റഷ്യ സീവിയറേ ഡോണെറ്റ്സ്ക്, ലൈസിഷാങ്ക് ഇരട്ടനഗരങ്ങൾ വളഞ്ഞു

0

കീവ് ∙ കിഴക്കൻ യുക്രെയ്നിൽ സർവസന്നാഹങ്ങളുമായി ആക്രമണം ശക്തിപ്പെടുത്തിയ റഷ്യ സീവിയറേ ഡോണെറ്റ്സ്ക്, ലൈസിഷാങ്ക് ഇരട്ടനഗരങ്ങൾ വളഞ്ഞു. ശക്തമായി പ്രതിരോധിക്കുന്ന യുക്രെയ്ൻ സൈനികരെ അവിടെ കുടുക്കി കീഴടക്കാനാണ് ശ്രമം. കിഴക്കൻ പ്രവിശ്യകളായ ഡോണെറ്റ്സ്കും ലുഹാൻസ്കും നിയന്ത്രണത്തിലാക്കി മൂന്നു മാസം പിന്നിട്ട ‘യുക്രെയ്ൻ പ്രത്യേക സൈനിക നടപടി’യിൽ നിർണായകമാണ് റഷ്യയുടെ ഈ നീക്കം. എന്നാൽ, റഷ്യൻ സേന നിയന്ത്രണത്തിലാക്കിയ യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഹർകീവ് തിരിച്ചുപിടിച്ച യുക്രെയ്ൻ, ഭൂഗർഭ മെട്രോയുടെ പ്രവർത്തനം പുനരാരംഭിച്ചു. 3 മാസമായി ഭൂഗർഭ മെട്രോയിൽ അഭയം തേടിയിരുന്ന ജനം പുറത്തിറങ്ങിയതോടെ നഗരം സജീവമായി.

ഡോൺബാസ് മേഖലയിൽ റഷ്യ നിരന്തരമായ ആക്രമണമാണ് നടത്തുന്നത്. മിസൈൽ വർഷം തുടരുന്നതിനൊപ്പം ടാങ്ക് വ്യൂഹങ്ങൾ എല്ലാം തകർത്തു നീങ്ങുന്നു. പിടിയിലായ യുക്രെയ്ൻ പോരാളികളെ വിചാരണ ചെയ്തു ശിക്ഷിക്കുന്നതിന് ട്രൈബ്യൂണൽ രൂപീകരിക്കാൻ നടപടി ആരംഭിച്ചതായി ഡോണെറ്റ്സ്കിലെ റഷ്യ അനുകൂല വിമത നേതാവ് അറിയിച്ചു.

റഷ്യൻ സേന നിയന്ത്രണത്തിലാക്കിയ മരിയുപോളിൽ തകർന്ന ഭവനസമുച്ചയത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ അഴുകിത്തുടങ്ങിയ ഇരുന്നൂറിലേറെ മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതായി മേയറുടെ ഉപദേശകൻ പെട്രോ ആൻഡ്രുഷ്ചെങ്കോ അറിയിച്ചു. നാലര ലക്ഷം പേരുണ്ടായിരുന്ന നഗരം പൂർണമായി തകർത്തു. ഇപ്പോഴും ഒരു ലക്ഷത്തിലേറെ പേർ അവശ്യവസ്തുക്കൾ പോലും ലഭിക്കാതെ ഇവിടെ കുടുങ്ങിക്കിടക്കുന്നു.

റഷ്യ യുക്രെയ്നിൽ നടത്തിയ അധിനിവേശം യൂറോപ്യൻ യൂണിയനെതിരായ ആക്രമണമാണെന്ന് സ്പെയിൻ ആരോപിച്ചു. ഒരു ലക്ഷത്തിലേറെ അഭയാർഥികൾക്ക് സ്പെയിൻ അഭയം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പെദ്രോ സാഞ്ചെസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here