യുക്രൈനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

0

മോസ്‌കോ: യുക്രൈനില്‍ റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. യുദ്ധം ആരംഭിച്ച് പത്താംദിവസമാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടിയാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കും.

ഏറ്റുമുട്ടല്‍ രൂക്ഷമായ മരിയൂപോള്‍, വോള്‍നോവാക്ക എന്നിവടങ്ങളിലാണ് അടിയന്തര വെടിനിര്‍ത്തലുണ്ടായത്. ലോകരാജ്യങ്ങളുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥന കണക്കിലെടുത്താണ് തീരുമാനം. ഇന്ത്യന്‍ സമയം 12.30 ന് വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. കുടുങ്ങിക്കിടക്കുന്ന സിവിലിയന്മാരെ ഒഴിപ്പിക്കുന്നതിന് മനുഷ്യ ഇടനാഴി ഒരുക്കും.

കഴിഞ്ഞദിവസം റഷ്യ ആക്രമിച്ച സപോര്‍ഷ്യ ആണവ നിലയത്തിന്റെ നിയന്ത്രണം യുക്രൈന്‍ തിരികെ പിടിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ചെര്‍ണോബിലിലെ ആണവ നിലയം കഴിഞ്ഞ പത്തുദിവസമായി റഷ്യന്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. ഇവിടത്തെ ജീവനക്കാര്‍ മാനസികമായും ശാരീരികമായും തളര്‍ന്നിരിക്കുകയാണെന്ന് സ്ലാവുച്ച് മേയര്‍ യൂറി ഫോമിചെവ് പറഞ്ഞു.

കീവിന് അടുത്തുള്ള ഇര്‍പിന്‍ നഗരത്തിലെ സൈനിക ആശുപത്രിയില്‍ റഷ്യന്‍ സൈന്യം ബോംബ് ആക്രമണം നടത്തി. തെക്കുകിഴക്കന്‍ തുറമുഖനഗരമായ മരിയുപോള്‍ റഷ്യന്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. മേഖലയുടെ നിയന്ത്രണം റഷ്യയുടെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

റഷ്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഇതുവരെ 28 കുട്ടികള്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ അറിയിച്ചു. 840 പേര്‍ക്ക് പരിക്കേറ്റതായും യുക്രൈന്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ തലവനായ ഒലെക്‌സി ഡാനിലോവ് പറഞ്ഞു. ആക്രമണം നടക്കുന്ന മേഖലകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രക്ഷപ്പെടാനുള്ള അവസരം ഉണ്ടാക്കണമെന്നും ഡാനിലോവ് അഭ്യര്‍ത്ഥിച്ചു.

കീവിലെ ബുച്ച നഗരത്തില്‍ കാറില്‍ പോകുകയായിരുന്ന സാധാരണക്കാരുടെ കാറിന് നേര്‍ക്ക് റഷ്യന്‍ സൈന്യം വെടിയുതിര്‍ത്തു. 17 വയസ്സുള്ള പെണ്‍കുട്ടി അടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുക്രൈന്‍ നഗരമായ സുമിയിലും ചെര്‍ണീവിലും റഷ്യ വ്യോമാക്രമ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സുമിയില്‍ നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികല്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here