ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു; ശിവമോഗയിൽ നിരോധനാജ്ഞ, സംഘർഷം

0

ശിവമോഗ: ശിരോവസ്ത്ര വിവാദങ്ങളെത്തുടർന്നു നേരത്തെ സംഘർഷാവസ്ഥ നിലനിന്നിരുന്ന കർണാടകയിലെ ശിവമോഗയിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. ഇതേത്തുടർന്നു സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെ നഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. ഞായറാഴ്ച രാത്രിയിലാണ് ബജ്‌രംഗ് ദൾ പ്രവർത്തകനായ ഹർഷ (26) കുത്തേറ്റു മരിച്ചത്. പ്രദേശത്ത് സിആർപിസി 144 വകുപ്പ് ഏർപ്പെടുത്തിയതായി ശിവമോഗ ഡെപ്യൂട്ടി കമ്മീഷണർ സെൽവമണി ആർ പറഞ്ഞു.

നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷം സ്ഥിതിഗതികൾ ശാന്തമാണ്. ക്രമസമാധാനപാലനത്തിനായി ലോക്കൽ പൊലീസിനെയും ആർഎഎഫിനെയും വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ ഉദ്ധരിച്ചു വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. അതേസമയം, കൊലപാതകികളെ സംബന്ധിച്ചു ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

മുൻ കരുതൽ നടപടിയുടെ ഭാഗമായി നഗരപരിധിയിലെ സ്‌കൂളുകൾക്കും കോളജുകൾക്കും രണ്ട് ദിവസത്തേക്ക് അവധിയായിരിക്കുമെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ മന്ത്രി സന്ദർശിച്ചു. പ്രതികളെ എത്രയും വേഗം പിടികൂടാൻ ഊർജിത അന്വേഷണം നടക്കുന്നതായും അദ്ദേഹം അറിയിച്ചു.

അഞ്ചു പേർ അടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് സംശയിക്കുന്നത്. യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മുസ്‌ലിം തീവ്രസംഘടനകൾക്കെതിരേ ആരോപണവുമായി ശിവമോഗയിൽനിന്നുള്ള ബിജെപി നേതാവും ഗ്രാമവികസന മന്ത്രിയുമായ കെഎസ് ഈശ്വരപ്പ രംഗത്തുവന്നു. താൻ ശിവമോഗ സന്ദർശിക്കുമെന്നും ഗുണ്ടായിസം അനുവദിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

അതേസമയം, ക്രമസമാധാന നില തകർന്നെന്നും സംഭവത്തിൽ ആഭ്യന്തരമന്ത്രി രാജിവയ്ക്കണമെന്നും കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

അതിനിടെ, കൊലപാതകത്തിൽ പ്രതിഷേധിച്ചു നഗരത്തിലെ സീഗെഹട്ടി പ്രദേശത്തു ചില അക്രമികൾ നിരവധി വാഹനങ്ങൾ കത്തിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്‌ലിം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നതു നിരോധിച്ചതുമായി ബന്ധപ്പെട്ട വിവാദം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കർണാടകയിലെ പല ജില്ലകളിലും സംഘർഷാവസ്ഥ ഉണ്ടായിരുന്നു.

ഹിജാബിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ശക്തിപ്രകടനവും പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയതാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്. അതിനിടയിലാണ് ഇപ്പോൾ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടിരിക്കുന്നത്.

Leave a Reply