അബൂദബി: ശൈഖ് സായിദ് സ്റ്റേഡിയത്തിൽ കാര്യങ്ങൾ എല്ലാം പെട്ടെന്ന് തീർന്നു. കൊൽകത്ത നൈറ്റ് റൈഡേഴ്സിനെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ നാണംകെടുത്തി വിട്ടു. ടോസ്നേടി ബാറ്റിങ് തെരഞ്ഞെടുത്തത് മുതൽ തുടങ്ങിയ കൊൽകത്തയുടെ വീഴ്ച 13.3 ഓവറിൽ ബാംഗ്ലൂർ പൂർണമാക്കി.
മുഹമ്മദ് സിറാജിെൻറ തീപാറുന്ന പന്തുകൾക്ക് മുമ്പിൽ പതറിത്തുടങ്ങിയ കൊൽകത്തയുടെ ഇന്നിങ്സ് 84 റൺസിൽ അവസാനിച്ചിരുന്നു. 30 റൺസെടുത്ത നായകൻ ഇയാൻ മോർഗൻ കൊൽകത്തയുടെ ടോപ്സ്കോററായി. ഇന്നിങ്സിൽ ആകെ പിറന്നത് രണ്ടു സിക്സറുകൾ മാത്രം. എട്ടുറൺസിന് മൂന്നുവിക്കറ്റെടുത്ത സിറാജും 15 റൺസിന് രണ്ടുവിക്കറ്റെടുത്ത ചാഹലും കൊൽകത്തയെ നിലം തൊടിച്ചില്ല. രണ്ടുമെയ്ഡൻ ഓവറുകൾ എറിഞ്ഞ് സിറാജ് ഐ.പി.എല്ലിൽ പുതുചരിത്രമെഴുതി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് കാര്യങ്ങൾ എളുപ്പമായിരുന്നു. 16 റൺസെടുത്ത ആരോൺ ഫിഞ്ചിനേയും 25 റൺസെടുത്ത ദേവ്ദത്ത് പടിക്കലിനേയും നഷ്ടമാക്കി ബാംഗ്ലൂർ 13.3 ഓവറിൽ കളിതീർത്തു. വിരാട് കോഹ്ലി 18ഉം ഗുർക്രീത് സിങ് മാൻ 21 റൺസുമെടുത്ത് പുറത്താകാതെ നിന്നു. ജയത്തോടെ ബാംഗ്ലൂർ 14 പോയൻറുമായി രണ്ടാം സ്ഥാനത്തേക്ക് കയറി. 10 പോയൻറുള്ള കൊൽകത്ത നാലാം സ്ഥാനത്ത് തുടരുന്നു.
English summary
Royal Challengers Bangalore embarrassed Kolkata Knight Riders