ആർ.എസ്.ഉണ്ണിയുടെ സ്വത്തുമായി ബന്ധപ്പെട്ട കേസ്; എൻ.കെ.പ്രേമചന്ദ്രൻ എംപി ഉൾപ്പെടെയുള്ളവർക്കെതിരെ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമച്ചു ക്രമക്കേട്, മോഷണം തുടങ്ങിയ വകുപ്പുകൾ ചുമത്തി

0

അന്തരിച്ച ആർഎസ്പി നേതാവ് ആർ.എസ്.ഉണ്ണിയുടെ സ്വത്തുമായി ബന്ധപ്പെട്ട കേസിൽ എൻ.കെ.പ്രേമചന്ദ്രൻ എംപി ഉൾപ്പെടെയുള്ളവർക്കെതിരെ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമച്ചു ക്രമക്കേട്, മോഷണം തുടങ്ങിയ വകുപ്പുകൾ ചുമത്തി ശക്തികുളങ്ങര പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. അതിക്രമിച്ചു കടക്കൽ, അസഭ്യം വിളിക്കൽ, വധഭീഷണി തുടങ്ങിയ വകുപ്പുകളാണു നേരത്തേ ചുമത്തിയിരുന്നത്.

കേസിൽ പ്രേമചന്ദ്രൻ എംപി രണ്ടാം പ്രതിയും പാർട്ടി നേതാവ് കെ.പി.ഉണ്ണിക്കൃഷ്ണൻ മൂന്നാം പ്രതിയുമാണ്. ശക്തികുളങ്ങര സ്വദേശികളായ പുഷ്പൻ, ഹരികൃഷ്ണൻ, കണ്ടാലറിയാവുന്ന മറ്റുള്ളവർ എന്നിവരാണു മറ്റു പ്രതികൾ. ഡിസംബർ 31ന് ഒന്ന്, 3, 4, 5 പ്രതികളും കണ്ടാലറിയാവുന്ന മറ്റുള്ളവരും ചേർന്നു പരാതിക്കാരുടെ വീട്ടിൽ അതിക്രമിച്ചു കയറി അസഭ്യം വിളിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് ആർഎസ് ഉണ്ണിയുടെ കൊച്ചുമകൾ അഞ്ജന നൽകിയ പരാതി പ്രകാരം പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആർ.

വീട്ടിൽ അതിക്രമിച്ചു കയറിയവരുടെ കൂട്ടത്തിൽ എൻ.കെ.പ്രേമചന്ദ്രൻ ഉണ്ടായിരുന്നില്ലെന്ന് എഫ്ഐആർ വ്യക്തമാക്കുന്നു. ഇതെത്തുടർന്നാണ് എംപി ഉൾപ്പെടെയുള്ളവർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ് കൊല്ലം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ആർ.എസ്.ഉണ്ണി ഫൗണ്ടേഷൻ എന്ന പേരിൽ സംഘടന രൂപീകരിച്ചു സ്വത്ത് കൈക്കലാക്കാൻ ശ്രമം നടത്തിയെന്നാണ് ആരോപണം.

Leave a Reply