Monday, December 6, 2021

പാഠ്യപദ്ധതി പരിഷ്‌കരണത്തിനിടെ 2009-ല്‍ പുറത്താക്കപ്പെട്ട മലയാളം അക്ഷരമാല പാഠപുസ്‌തകങ്ങളിലേക്കു തിരിച്ചെത്തുന്നു

Must Read

തിരുവനന്തപുരം : പാഠ്യപദ്ധതി പരിഷ്‌കരണത്തിനിടെ 2009-ല്‍ പുറത്താക്കപ്പെട്ട മലയാളം അക്ഷരമാല പാഠപുസ്‌തകങ്ങളിലേക്കു തിരിച്ചെത്തുന്നു. ഇതിനുള്ള ശിപാര്‍ശ വിദഗ്‌ധസമിതി ഉടന്‍ സര്‍ക്കാരിനു കൈമാറും. മലയാളം ഭരണഭാഷയാക്കുകയും മലയാളത്തിനു വിപുലമായ പ്രചാരണം നല്‍കുകയും ചെയ്‌തിട്ടും പാഠപുസ്‌തകങ്ങളില്‍ അക്ഷരമാല ചേര്‍ത്തിട്ടില്ലെന്നതു വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു.
അക്ഷരമാല പാഠപുസ്‌തകങ്ങളില്‍ വീണ്ടും ഉള്‍പ്പെടുത്തുന്നതിലൂടെ പാലായിലെ വൈദികനായ റവ. ഡോ. തോമസ്‌ മൂലയിലാണു ബഹുമാനിക്കപ്പെടുന്നതെന്നു പ്രഫ. എം.എന്‍. കാരശേരി പറഞ്ഞു. മലയാളം അക്ഷരമാല സ്‌കൂള്‍ പാഠപുസ്‌തകങ്ങളില്‍നിന്ന്‌ ഒഴിവാക്കിയതിനെ വിമര്‍ശിച്ച്‌ ഫാ. തോമസ്‌ മൂലയില്‍ മംഗളം ദിനപത്രത്തില്‍ പലതവണ ലേഖനം എഴുതിയിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിലൂടെ നമ്മുടെ ഭാവി തലമുറ വലിയ കെടുതിയില്‍നിന്നു രക്ഷപ്പെട്ടിരിക്കുകയാണെന്നും കാരശേരി പറഞ്ഞു.
നേരത്തേ ചെറുക്ലാസുകളിലെ പാഠപുസ്‌തകങ്ങളില്‍ മലയാളം അക്ഷരമാല ഉണ്ടായിരുന്നു. ആദ്യം അക്ഷരം, പിന്നെ വാക്ക്‌, അതുകഴിഞ്ഞ്‌ വാക്യം, തുടര്‍ന്ന്‌ ആശയം എന്നതായിരുന്നു പഴയ പഠനസമ്പ്രദായം. സൂക്ഷ്‌മത്തില്‍നിന്നു സ്‌ഥൂലത്തിലേക്ക്‌ എന്നതു മാറി സ്‌ഥൂലത്തില്‍നിന്നു സൂക്ഷ്‌മത്തിലേക്ക്‌ എന്ന പഠനരീതി വന്നതോടെ അക്ഷരമാല പുറത്താകുകയായിരുന്നു. മലയാളം മീഡിയം പുസ്‌തകങ്ങളില്‍പ്പോലും അക്ഷരമാലയ്‌ക്ക്‌ ഇടമുണ്ടായില്ല.
ഭാഷാസ്‌നേഹികള്‍ ഇക്കാര്യം ഏകീകൃത രചനാസമ്പ്രദായം രൂപപ്പെടുത്തുന്നതിനും ലിപി പരിഷ്‌കരണം പുനഃപരിശോധിക്കുന്നതിനുമായി സര്‍ക്കാര്‍ രൂപീകരിച്ച ഭാഷാമാര്‍ഗനിര്‍ദേശക വിദഗ്‌ധസമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഡോ. ടി.ബി. വേണുഗോപാലപ്പണിക്കര്‍, ഡോ. ചാത്തനാത്ത്‌ അച്യുതനുണ്ണി, ഡോ. പി. സോമന്‍, ഡോ. വി.ആര്‍. പ്രബോധചന്ദ്രന്‍, പ്രഫ. വി. മധുസൂദനന്‍ നായര്‍, ചാക്കോ പൊരിയത്ത്‌, ഡോ. എന്‍.പി. ഉണ്ണി എന്നിവരാണു സമിതിയംഗങ്ങള്‍. ഇക്കാര്യം മന്ത്രിമാരായ വി. ശിവന്‍കുട്ടിയുടെയും ഡോ. ആര്‍. ബിന്ദുവിന്റെയും ശ്രദ്ധയില്‍പ്പെട്ടതോടെയാണ്‌ അനുകൂല തീരുമാനത്തിനു വഴിയൊരുങ്ങുന്നത്‌.

Leave a Reply

Latest News

സോഷ്യൽ മീഡിയയിൽ വെറലായി “പത്മ”; പ്രണയത്തിൽ ചാലിച്ച വരികൾ എഴുതിയത് എഴുപതുകാരി; പുല്ലുവഴിക്കാരി വിജയത്തിൻ്റെ പാട്ട് തരംഗമാകുന്നു

സർവീസിൽ നിന്ന് വിരമിച്ച് 15 വർഷങ്ങൾക്ക് ശേഷം, എഴുപതാം വയസിൽ ഒരു പ്രണയഗാനം എഴുതുക. അത് ‘പത്‌മ’ എന്ന പേരിൽ ഒരു സംഗീത ആൽബമായി മകൻ...

More News