കെട്ടിക്കിടക്കുന്ന ചെക്ക്‌ ബൗണ്‍സ്‌ കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ റിട്ട. ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പ്രത്യേക കോടതികള്‍ സ്‌ഥാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു കേരളം സുപ്രീം കോടതി

0

കൊച്ചി : കെട്ടിക്കിടക്കുന്ന ചെക്ക്‌ ബൗണ്‍സ്‌ കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ റിട്ട. ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പ്രത്യേക കോടതികള്‍ സ്‌ഥാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു കേരളം സുപ്രീം കോടതിയില്‍ അറിയിച്ചു. പ്രത്യേക കോടതികള്‍ സ്‌ഥാപിക്കുന്നതു സര്‍ക്കാരിനു വലിയ സാമ്പത്തിക ബാധ്യതയാകുമെന്നും സംസ്‌ഥാന ആഭ്യന്തര സെക്രട്ടറി സമര്‍പ്പിച്ച മറുപടിയില്‍ പറയുന്നു.
ഏതെങ്കിലും കോടതിക്ക്‌ അധികച്ചുമതല നല്‍കണമെന്ന അഭിപ്രായമാണു സര്‍ക്കാര്‍ മുന്നോട്ടുവച്ചത്‌. വിഷയത്തില്‍ സുപ്രീംകോടതി സംസ്‌ഥാന സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും നിലപാടു തേടിയിരുന്നു. സംസ്‌ഥാനത്തു പ്രതിവര്‍ഷം ആയിരത്തില്‍ താഴെമാത്രം ചെക്കു കേസുകളാണു രജിസ്‌റ്റര്‍ ചെയ്യപ്പെടുന്നത്‌. അതിനാല്‍ പ്രത്യേക കോടതിയുടെ ആവശ്യമില്ല.
ചെക്കു കേസ്‌ മാത്രം കൈകാര്യംചെയ്യാന്‍ മൂന്നു ജുഡീഷ്യല്‍ ഫസ്‌റ്റ്‌ ക്ലാസ്‌ കോടതികള്‍ സംസ്‌ഥാനത്തുണ്ട്‌. ചെക്കുകേസുകള്‍ കാലവിളംബം കൂടാതെ തീര്‍പ്പാക്കുന്ന കാര്യത്തില്‍ ഹൈക്കോടതിയുമായി ചര്‍ച്ച നടക്കുന്നുണ്ട്‌. സെഷന്‍സ്‌, മുന്‍സിഫ്‌ കോടതികളില്‍ അമിത ജോലി ഭാരമാണ്‌. അതിനാല്‍, മറ്റു കോടതികള്‍ക്കും ഇത്തരം കേസുകള്‍ കേള്‍ക്കുന്നതിന്‌ അധികാരം നല്‍കേണ്ടതായി വരും.-സംസ്‌ഥാന സര്‍ക്കാര്‍ അറിയിച്ചു.
ഈ വിഷയത്തില്‍ സംസ്‌ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ടുകള്‍ 18 നു സുപ്രീംകോടതി പരിഗണിക്കും. രാജ്യത്തെ വിവിധ കോടതികളിലായി 35 ലക്ഷം ചെക്ക്‌ ബൗണ്‍സ്‌ കേസുകള്‍ കെട്ടിക്കിടപ്പുണ്ടെന്ന്‌ സുപ്രീം കോടതിക്കു ലഭിച്ച പരാതിയില്‍ പറയുന്നു. സംസ്‌ഥാനത്തു കെട്ടിക്കിടക്കുന്നതു 42,390 കേസുകളാണ്‌. ഇത്തരം കേസുകള്‍ കോടതിയില്‍ നിന്നു വേര്‍പെടുത്തി വിരമിച്ച ജഡ്‌ജിമാരുടെ പ്രത്യേക ബഞ്ച്‌ രൂപീകരിച്ചു തീര്‍പ്പാക്കണമെന്നാണു 2021 ഏപ്രിലില്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ആന്ധ്രാപ്രദേശിലാണു ഏറ്റവും കൂടുതല്‍ കേസുകളുള്ളത്‌. ഡല്‍ഹി, മധ്യപ്രദേശ്‌, മഹാരാഷ്‌ട്ര, രാജസ്‌ഥാന്‍ എന്നീ സംസ്‌ഥാനങ്ങളാണു തൊട്ടുപിന്നില്‍.
ചെക്ക്‌ ബൗണ്‍സ്‌ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സുപ്രീം കോടതി 2021 ല്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു. ഒരേ ഇടപാടുമായി ബന്ധപ്പെട്ട്‌ ഒരു വ്യക്‌തിക്കെതിരേ സമര്‍പ്പിക്കുന്ന കേസുകളിലെ വിചാരണകള്‍ ഒന്നിച്ചാക്കാനും കേന്ദ്ര സര്‍ക്കാരിനോടു സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here