യു.എന്‍. നിരായുധീകരണസമ്മേളനത്തില്‍ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവിന്റെ വീഡിയോ പ്രസംഗം യൂറോപ്പിന്റെയും സഖ്യരാജ്യങ്ങളുെടയും പ്രതിനിധികള്‍ ബഹിഷ്‌കരിച്ചു

0

ജനീവ: യു.എന്‍. നിരായുധീകരണസമ്മേളനത്തില്‍ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവിന്റെ വീഡിയോ പ്രസംഗം യൂറോപ്പിന്റെയും സഖ്യരാജ്യങ്ങളുെടയും പ്രതിനിധികള്‍ ബഹിഷ്‌കരിച്ചു. ലാവ്‌റോവിന്റെ പ്രസംഗം നടക്കവേ പ്രതിനിധികള്‍ ഇറങ്ങിപ്പോയി.
പ്രസംഗം തീരുംവരെ ചേംബറിനു പുറത്ത്‌ പ്രതിനിധികള്‍ നിലകൊണ്ടു. യുക്രൈന്റെ പതാകയുമേന്തിയായിരുന്നു പ്രതിഷേധം. തങ്ങള്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഇത്തരമൊരു പ്രതിഷേധത്തിനു നേതൃത്വം നല്‍കിയതിനു യുക്രൈന്‍ അംബാസഡര്‍ യെവെലീയ ഫിലിപ്പെങ്കോ പ്രതിനിധികള്‍ക്കു നന്ദി പ്രകാശിപ്പിക്കുകയും ചെയ്‌തു.
മിക്കവാറും ഒഴിഞ്ഞ ഇരിപ്പിടങ്ങളെ സാക്ഷിയാക്കിയാണ്‌ ലാവ്‌റോവിന്റെ പ്രസംഗം നടന്നത്‌. ഇപ്പോഴത്തെ യുദ്ധത്തിനു യുക്രൈനെ പ്രതിക്കൂട്ടിലാക്കാനും പ്രസംഗത്തില്‍ ലാവ്‌റോവ്‌ ശ്രമിച്ചു. യുക്രൈന്‌ അണ്വായുധം ലഭിക്കുന്നതു തടയുകയെന്ന ലക്ഷ്യമാണ്‌ മോസ്‌കോയെ അധിനിവേശത്തിനു നിര്‍ബന്ധിതരാക്കിയത്‌. അണ്വായുധ ശക്‌തിയാകാനുള്ള വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ നീക്കം അയല്‍രാജ്യങ്ങളുടെയും രാജ്യാന്തര സമൂഹത്തിന്റെയും സുരക്ഷയ്‌ക്കു വലിയ ഭീഷണിയാണ്‌ ഉയര്‍ത്തുന്നത്‌. അങ്ങേയറ്റം അപകടകരമായ ഈ നീക്കത്തിനെതിരേ പ്രതികരിക്കാതിരിക്കാനാകില്ല- റഷ്യന്‍ അധിനിവേശത്തെ ലാവ്‌റോവ്‌ ന്യായീകരിച്ചു.
റഷ്യക്കെതിരേ യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തേത്തുടര്‍ന്ന്‌ യു.എന്‍. മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തിലും ലാവ്‌റോവിനു നേരിട്ടു പങ്കെടുക്കാനായിരുന്നില്ല. ഇക്കാര്യം അദ്ദേഹം പ്രസംഗത്തില്‍ സൂചിപ്പിക്കുകയും ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here