വീട്ടിലെ ഒരുരുള ചോറ്‌ വായിലേക്കുവച്ചപ്പോള്‍ രമ്യ രവിയുടെ കണ്ണു നിറഞ്ഞു. ജീവിതം തന്നെ കൈവിട്ടുപോകുമെന്ന അവസ്‌ഥയില്‍നിന്നു വീട്ടിലെത്തിയതിലുള്ള സന്തോഷമായിരുന്നു അത്‌

0

കോതമംഗലം: വീട്ടിലെ ഒരുരുള ചോറ്‌ വായിലേക്കുവച്ചപ്പോള്‍ രമ്യ രവിയുടെ കണ്ണു നിറഞ്ഞു. ജീവിതം തന്നെ കൈവിട്ടുപോകുമെന്ന അവസ്‌ഥയില്‍നിന്നു വീട്ടിലെത്തിയതിലുള്ള സന്തോഷമായിരുന്നു അത്‌. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ അനുഭവിച്ച യാതനകളും വേദനയും അത്ര വലുതായിരുന്നു.
ഫെബ്രുവരി 24 ന്‌ വൈകിട്ട്‌ യുക്രൈനിലെ വിനിത്സിയ യൂണിവേഴ്‌സിറ്റി കാമ്പസില്‍നിന്നാണ്‌ രമ്യ രവി എന്ന ഒന്നാം വര്‍ഷ എം.ബി.ബി.എസ്‌. വിദ്യാര്‍ഥിനിയുടെ പലായന കഥ തുടങ്ങുന്നത്‌. ഹോസ്‌റ്റല്‍ ബങ്കറിലേക്ക്‌ വിദ്യാര്‍ഥികള്‍ നീങ്ങിയത്‌ ആ ദിവസത്തെ യുദ്ധ മുന്നറിയിപ്പ്‌ സൈറണോടുകൂടിയാണ്‌.
യുദ്ധം മുറുകുമ്പോഴും നിങ്ങളൊന്നും പേടിക്കേണ്ട എന്നായിരുന്നു യൂണിവേഴ്‌സിറ്റിയുടെ പല്ലവി. ഒടുവില്‍ ഹോസ്‌റ്റല്‍ അന്തേവാസികളായ 57 വിദ്യാര്‍ഥികളും ഏതാനും സീനിയര്‍ വിദ്യാര്‍ഥികളും ചേര്‍ന്ന 67 അംഗം സംഘം 27 ന്‌ ഉച്ചയോടെ ഏജന്റുമാര്‍ സംഘടിപ്പിച്ചു നല്‍കിയ ബസില്‍ രണ്ടും കല്‍പ്പിച്ച്‌ യാത്ര തുടങ്ങി.
ഖാര്‍ക്കീവില്‍നിന്ന്‌ അഞ്ചു മണിക്കൂര്‍ യാത്രാദൂരമുള്ള സ്‌ഥലമാണ്‌ വിനിത്സിയ. യുക്രൈന്റെ പടിഞ്ഞാറന്‍ പ്രദേശമായ ഇവിടെ പോളണ്ട്‌, ഹംഗറി, റൊമേനിയ എന്നിവയാണ്‌ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍. എല്ലാവരും ആദ്യം ചോപ്‌ റെയില്‍വേ സ്‌റ്റേഷനിലും അവിടെ നിന്ന്‌ സൊഹാനി റയില്‍വേ സ്‌റ്റേഷനിലുമെത്തി. യാത്രയ്‌ക്കിടെ യുക്രൈന്‍ സൈനികരുടെ വിവേചനാപരമായ പെരുമാറ്റവും ടിക്കറ്റ്‌ ഉള്‍പ്പെടെയുള്ളവയ്‌ക്കായുള്ള കൈക്കൂലിയുമെല്ലാം ഇവരെ വലച്ചു. മൈനസ്‌ ഡിഗ്രി തണുപ്പിന്റെ കാഠിന്യത്തില്‍ സൊഹാനിയില്‍ ഒരു ദിവസം തങ്ങിയപ്പോഴാണ്‌ ഹംഗറിയിലെ ബുഡാപെസ്‌റ്റിലേക്കുള്ള യാത്ര തരപ്പെട്ടത്‌.
വിനിത്സിയയില്‍നിന്നു വാങ്ങി സൂക്ഷിച്ച ഭക്ഷവും വെള്ളവുമെല്ലാം ഇതിനകം തീര്‍ന്നിരുന്നു. ഒരു മിഠായിയുടെ കരുത്തിലാണ്‌ ഒരു ദിവസം പിടിച്ചുനിന്നതെന്ന്‌ പറയുമ്പോള്‍ രമ്യയുടെ കണ്‌ഠമിടറി. ബുഡാപെസ്‌റ്റിലെത്തുമ്പോള്‍ കേരള സമൂഹവും ഇന്ത്യന്‍ എംബസിയുമെല്ലാം സ്വീകരിക്കാനുണ്ടായിരുന്നു. അന്ന്‌ ഹോട്ടലില്‍ താമസിച്ച്‌ പിറ്റേന്ന്‌ വൈകിട്ട്‌ ഡല്‍ഹിയിലേക്ക്‌. ഡല്‍ഹിയില്‍ കേരള ഹൗസിലേക്കും പിന്നീട്‌ വ്യാഴാഴ്‌ച വൈകിട്ട്‌ നെടുമ്പാശേരിയിലേക്കും. രാത്രി 10.45 ന്‌ ഇവിടെയെത്തുമ്പോള്‍ അച്‌ഛന്‍ രവി, അമ്മ മിനി, സഹോദരി നേഹ തുടങ്ങിയവരെല്ലാം സ്വീകരിക്കാന്‍ എത്തിയിരുന്നു. പലായനം ചെയ്യുന്നവരെ സാമ്പത്തികമായി മുതലെടുക്കുന്നവരാണ്‌ എങ്ങുമെന്നും വീട്ടുകാര്‍ അയച്ചു നല്‍കിയ പണം അമിത കിഴിവ്‌ നല്‍കി യുക്രൈന്‍ പണമാക്കി മാറ്റിയതുകൊണ്ടാണ്‌ രക്ഷപ്പെടാനായതെന്നും രമ്യ പറയുമ്പോള്‍ യുദ്ധത്തിന്റെ മറ്റൊരുമുഖം കൂടി കാണാം.
ബാങ്ക്‌ ലോണെടുത്ത്‌ പഠിക്കാന്‍ പോയവര്‍ക്ക്‌, യൂണിവേഴ്‌സിറ്റി ആദ്യ വര്‍ഷം പൂര്‍ത്തിയായെന്ന വിവരം നല്‍കാത്തതുകൊണ്ട്‌ പലിശയ്‌്ക്കു പണമെടുത്ത്‌ ഫീസ്‌ അടയ്‌ക്കേണ്ടി വന്നു. വിദ്യാര്‍ഥികളുടെയെല്ലാം എസ്‌.എസ്‌.എല്‍.സി., പ്ലസ്‌ ടു സര്‍ട്ടിഫിക്കറ്റുകള്‍ യൂണിവേഴ്‌സിറ്റികളിലാണ്‌. സാഹചര്യം അനുകൂലമാകുമ്പോള്‍ യുക്രൈനിലേക്കു മടങ്ങി പഠനം പൂര്‍ത്തിയാക്കാനാണു രമ്യയുടെ തീരുമാനം.

Leave a Reply