രജിസ്ട്രേഷൻ ഇതരസംസ്ഥാനത്ത് ഓട്ടം കൊച്ചിയിൽ

0

കാക്കനാട്: നികുതി അടയ്ക്കാതെ ഇതരസംസ്ഥാനങ്ങളിൽ രജിസ്റ്റർചെയ്ത ആംബുലൻസുകൾ കൊച്ചി കേന്ദ്രീകരിച്ച് ഓടുന്നതായി മോട്ടോർ വാഹനവകുപ്പ്. തിങ്കളാഴ്ച സീപോർട്ട്-എയർപോർട്ട് റോഡിൽ ഛത്തീസ്ഗഢ്‌ രജിസ്‌ട്രേഷനിലുള്ള ആംബുലൻസ് പിടികൂടിയപ്പോഴാണ്‌ ആഡംബര വാഹനങ്ങൾക്ക്‌ പിന്നാലെ ആംബുലൻസുകളും നികുതി വെട്ടിക്കുന്നതായി കണ്ടെത്തിയത്. ഛത്തീസ്ഗഢിൽ ആംബുലൻസായി രജിസ്റ്റർ ചെയ്ത വാഹനം സർവീസ് നടത്തിയിരുന്നത് കൊച്ചിയിലാണ്. മാസങ്ങളായി കേരളത്തിലായിരുന്നിട്ടും രജിസ്‌ട്രേഷൻ മാറ്റുകയോ ടാക്സ് അടയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ വ്യക്തമായി.

രേഖകളില്ല, ഫിറ്റ്നസും

വാഹനത്തിന്റെ ഫിറ്റ്‌നസ് തീർന്നിട്ട് മാസം അഞ്ചു കഴിഞ്ഞു. ഈ അവസ്ഥയിൽ രോഗിയുമായി അതിവേഗത്തിൽ പോകുന്ന വാഹനം അപകടത്തിൽപ്പെട്ടാൽ ഇൻഷുറൻസും ലഭിക്കില്ല.

എൻ.ജി.ഒ.യുടെ മറവിലാണ് ആംബുലൻസുകൾ നികുതിവെട്ടിച്ച് ഓടുന്നതെന്ന് വെഹിക്കിൾ ഇൻസ്പെക്ടർമാർ പറഞ്ഞു.

നിരവധി ഇതരസംസ്ഥാന വാഹനങ്ങളാണ് ജില്ലയിൽ ഇത്തരത്തിൽ ആംബുലൻസ് സർവീസ് നടത്തുന്നത്. കൃത്യമായ രേഖകളോ ഫിറ്റ്‌നസോ ഇല്ലാത്തവയാണ് ഇവയിൽ പലതും.

ഇതുസംബന്ധിച്ച് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ഷാജി മാധവന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചിറ്റേത്തുകര പ്രത്യേക സാമ്പത്തിക മേഖലയ്ക്ക്‌ സമീപത്തുനിന്നാണ്‌ ഈ ആംബുലൻസ് പിടികൂടിയത്.

രോഗിയുമായി പോകുകയായിരുന്ന വാഹനം പിന്തുടർന്ന് രോഗിയെ എത്തിച്ച് മടങ്ങുന്ന വഴിക്കാണ് പിടികൂടിയത്. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഭരത്ചന്ദ്രൻ, കെ.എം. രാജേഷ്, കെ.എം. നജീബ്, ഡ്രൈവർ വി.സി. സുരേഷ് എന്നിവർ അടങ്ങിയ സംഘമാണ് മണിക്കൂറുകൾ നേരത്തെ നിരീക്ഷണത്തിനൊടുവിൽ വാഹനം പിടികൂടിയത്.

Leave a Reply