എം.ജി സർവകലാശാല അസിസ്റ്റന്റ് സി.ജെ എൽസി അടക്കമുള്ളവരുടെ നിയമനത്തിൽ ഇടത് സംഘടന ഇടപെട്ടതിന്റെ രേഖകൾ പുറത്ത്

0

കോട്ടയം: മാർക്ക് ലിസ്റ്റിന് കൈക്കൂലി വാങ്ങിയതിന് പിടിയിലായ എം.ജി സർവകലാശാല അസിസ്റ്റന്റ് സി.ജെ എൽസി അടക്കമുള്ളവരുടെ നിയമനത്തിൽ ഇടത് സംഘടന ഇടപെട്ടതിന്റെ രേഖകൾ പുറത്ത്. തസ്തിക മാറ്റം വഴിയുള്ള അസിസ്റ്റന്റ് നിയമനത്തിലെ മാനദണ്ഡം മാറ്റാൻ എംപ്ലോയീസ് അസോസിയേഷൻ വി.സിക്ക് നൽകിയ കത്ത് പുറത്തുവന്നു.

രണ്ട് ദിവസം മുൻപാണ് എം.ബി.എ വിദ്യാർഥിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എം.ജി സർവകലാശാലയിലെ അസിസ്റ്റന്റ് എൽസിയെ വിജിലൻസ് സംഘം കയ്യോടെ പിടികൂടിയത്. ഒന്നരലക്ഷം രൂപയാണ് പ്രൊവിഷണൽ സർട്ടിഫിക്കറ്റിനും മാർക്ക് ലിസ്റ്റിനുമായി ഇവർ ആവശ്യപ്പെട്ടത്.

2016ലാണ് സർവകലാശാലയ്ക്ക് കീഴിലെ അനധ്യാപക നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടത്. രണ്ട് ശതമാനം താഴ്ന്ന തസ്തികയിൽ നിന്ന് പ്രമോഷനായി വരുന്നവർക്ക് അസിസ്റ്റന്റ് ഒഴിവിലേക്ക് നിയമനം നൽകണമെന്ന ഉത്തരവും അന്ന് നിലവിലുണ്ടായിരുന്നു. പിന്നീട് സർവീസ് സംഘടനകളുടെ നിർബന്ധം കാരണം രണ്ട് ശതമാനം എന്നത് നാല് ശതമാനമായി ഉയർത്തി.

അതിനിടെ എൽ.സിയുടെ ബിരുദത്തെ കുറിച്ചും അന്വേഷിക്കാൻ വിജിലൻസ് നീക്കം ആരംഭിച്ചിട്ടുണ്ട്. 2010 ൽ പ്യൂൺ തസ്തികയിലാണ് എൽസി സർവകലാശാലയിൽ ജോലിയിൽ പ്രവേശിക്കുന്നത്. ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് ഇവർ എസ്.എസ്.എൽ.സി പോലും പാസായിട്ടില്ലായിരുന്നു. എന്നാൽ 2016 ൽ താഴ്ന്ന തസ്തികയിലുള്ളവരെ അസിസ്റ്റന്റ് തസ്തികയിലേക്ക് പരിഗണിക്കുന്ന സമയത്ത് ഇവർ എസ്.എസ്.എൽ.സി പ്ലസ് ടു തുല്യത പരീക്ഷകളും എം.ജിയിൽ നിന്ന് റെഗുലറായി ഡിഗ്രിയും പാസായിട്ടുണ്ടായിരുന്നു.

Leave a Reply