ക്രമസമാധാന പാലനം ഒഴികെ, മതപരമായ ആഘോഷങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ഇനി പോലീസ്‌ സേനാംഗങ്ങളെ നിയോഗിക്കേണ്ടെന്നു ശിപാര്‍ശ

0

തിരുവനന്തപുരം : ക്രമസമാധാന പാലനം ഒഴികെ, മതപരമായ ആഘോഷങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ഇനി പോലീസ്‌ സേനാംഗങ്ങളെ നിയോഗിക്കേണ്ടെന്നു ശിപാര്‍ശ. ഇത്തരം ആവശ്യങ്ങള്‍ക്ക്‌ നിശ്‌ചിത ഫീസ്‌ നല്‍കി സംസ്‌ഥാന വ്യവസായ സുരക്ഷാ സേന (എസ്‌.ഐ.എസ്‌.എഫ്‌) യെ ലഭ്യമാക്കാം. ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തലയോഗത്തിലാണു ഇതുസംബന്ധിച്ച ശിപാര്‍ശ സമര്‍പ്പിക്കപ്പെട്ടത്‌. ഫയല്‍ മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി അയച്ചു. സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ ആരായാനാണു മന്ത്രി യോഗം വിളിച്ചത്‌. ഓരോ വകുപ്പ്‌ അധ്യക്ഷന്മാരും തങ്ങളുടെ വകുപ്പുകളിന്മേലുള്ള ശിപാര്‍ശ കൈമാറി.
പൊതുതാല്‍പ്പര്യമില്ലാത്ത, സ്വകാര്യ ആവശ്യങ്ങള്‍ക്കായി പോലീസ്‌ സേനാംഗങ്ങളെ ഉപയോഗിക്കുന്ന പ്രവണത വര്‍ധിക്കുന്നതായും ഇതുമൂലം ഖജനാവിനു പ്രതിദിനം ലക്ഷങ്ങളുടെ നഷ്‌ടമുണ്ടാകുന്നതായും കണ്ടെത്തിയ സാഹചര്യത്തിലാണു പുതിയ ശിപാര്‍ശ. പണം ഈടാക്കി എസ്‌.ഐ.എസ്‌.എഫിന്റെ സേവനം വിട്ടുനല്‍കുകയാണ്‌ ഇതിനുള്ള പരിഹാരമെന്നും ഉന്നതര്‍ വിലയിരുത്തുന്നു.
ഘോഷയാത്രകള്‍, വിവിധ ജില്ലകളില്‍ നടക്കുന്ന ചെറുതും വലതുമായ പരിപാടികള്‍ എന്നിവയ്‌ക്ക്‌ മൈക്ക്‌ ഉപയോഗിക്കുന്നതിനുള്ള അനുവാദം ഇപ്പോള്‍ സൗജന്യമായാണ്‌ നല്‍കുന്നത്‌. ഇതിനു നിരക്ക്‌ ഏര്‍പ്പെടുത്തണം. ഫിറ്റ്‌നസ്‌ സെന്ററുകള്‍ക്ക്‌ (ജിം) അതത്‌ എസ്‌.എച്ച്‌.ഒമാരാണ്‌ സൗജന്യ ലൈസന്‍സ്‌ അനുവദിക്കുന്നത്‌. അതിനും നിശ്‌ചിത ഫീസ്‌ അടയ്‌ക്കണം. മറ്റുസംസ്‌ഥാനങ്ങളിലേക്ക്‌ വാഹനം കൊണ്ടുപോകുമ്പോള്‍ പോലീസിന്റെ നിരാക്ഷേപ സാക്ഷ്യ പത്രത്തിന്‌ (എന്‍.ഒ.സി) തുക ഒടുക്കണം. സര്‍ക്കാര്‍ ഉദ്യോഗത്തിനും വിദ്യാര്‍ത്ഥികള്‍ക്കും മാത്രം എന്‍.ഒ.സി പോലീസ്‌ സ്‌റ്റേഷനില്‍നിന്ന്‌ നല്‍കുകയുള്ളൂ. വിദേശ/ സ്വദേശ ജോലികള്‍ക്ക്‌ എന്‍.ഒ.സി ആവശ്യമുള്ളവര്‍ നിശ്‌ചിത തുക ട്രഷറിയില്‍ ഒടുക്കണം. ആ രസീതുമായി പോലീസ്‌ സ്‌റ്റേഷനില്‍ എത്തുന്നവര്‍ക്ക്‌ അതത്‌ എസ്‌.എച്ച്‌.ഒമാര്‍ എന്‍.ഒ.സി നല്‍കും. ഇന്‍ഷുറന്‍സ്‌ സേവനങ്ങള്‍ക്ക്‌ അടക്കം പോലീസ്‌ നല്‍കേണ്ട ചാര്‍ജ്‌ ഷീറ്റ്‌ എന്നിവയ്‌ക്കെല്ലാംനിശ്‌ചിത ഫീസ്‌ ഈടാക്കണമെന്നും ശിപാര്‍ശയുണ്ട്‌.
പൊതുജന താല്‍പ്പര്യമില്ലാത്ത, വ്യക്‌തി അധിഷ്‌ഠിതവും സ്‌ഥാപന അധിഷ്‌ഠിതവുമായ ആവശ്യങ്ങള്‍ക്കായി ചിലര്‍ പോലീസിനെ വട്ടംചുറ്റിക്കുന്നുണ്ട്‌. ചില മത സ്‌ഥാപനങ്ങള്‍, അവര്‍ സ്വയം സൃഷ്‌ടിക്കുന്ന പ്രശ്‌നം പരിഹരിക്കുന്നതിനായി മനഃപൂര്‍വം ആയിരക്കണക്കിന്‌ പോലീസുകാരെ ഉപയോഗിക്കുന്നുണ്ട്‌. ഈ സേവനം സൗജന്യമായി അനുവദിക്കുന്നത്‌ ഇത്തരം പ്രവണതകള്‍ വര്‍ധിക്കുന്നതിന്‌ കാരണമായിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
ഇത്തരം കാര്യങ്ങള്‍ക്ക്‌ എസ്‌.ഐ.എസ്‌.എഫിനെ നിയോഗിച്ചാല്‍ ക്രമസമാധാന പ്രശ്‌നങ്ങളില്‍ പോലീസിന്‌ കാര്യക്ഷമമായി ഇടപെടാനാകും. കുറ്റാന്വേഷണങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാവും.
എസ്‌.ഐ.എസ്‌.എഫിന്റെ അംഗ സംഖ്യ വര്‍ധിപ്പിക്കാനും അതുവഴി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുകയും ചെയ്യും. വൈദ്യുതി ബോര്‍ഡില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ എസ്‌.ഐ.എസ്‌.എഫിനെയാണ്‌ വിട്ടുകൊടുത്തത്‌.

Leave a Reply