Tuesday, October 26, 2021

മീഡിയ മലയാളം വാർത്ത തുണയായി; പുല്ലുവഴിയിലെ മണ്ണെടുപ്പ് നിർത്തി വെയ്ക്കാനും പെർമിറ്റ് റദ്ദാക്കാനും രായമംഗലം പഞ്ചായത്ത് സെക്രട്ടറിയുടെ ശുപാർശ

Must Read

പെരുമ്പാവൂർ: പുല്ലുവഴി മുടത്തോടിൽ സ്വകാര്യ വ്യക്തി നടത്തിയ മണ്ണെടുപ്പ് നിർത്തി വെയ്ക്കാനും പെർമിറ്റ് റദ്ദാക്കാനും ശുപാർശ. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ദിവസം മണ്ണെടുത്തത് പെർമിറ്റ് ലംഘനമാണെന്നാണ് കണ്ടെത്തൽ. ഇതേ തുടർന്ന് രായമംഗലം പഞ്ചായത്ത് സെക്രട്ടറി സുധീർ ആണ് മൈനിംഗ് ആൻ്റ് ജിയോളജി വകുപ്പിന് റിപ്പോർട്ട് നൽകിയത്. മീഡിയ മലയാളം വാർത്തയെ തുടർന്നാണ് നടപടി. മീഡിയ മലയാളം കൊച്ചി ബ്യൂറോ ചീഫ് പോളി വടക്കൻ ഇത് സംബന്ധിച്ച പരാതി വിജിലൻസിന് നൽകിയിരുന്നു.

ബന്ധപ്പെട്ട വകുപ്പുകൾ അറിയാതെ കുന്നിടിച്ച് നിരത്താൻ അനുമതി നൽകിയതായി ആക്ഷേപം ഉയർന്നിരുന്നു. നൂറോളം ടോറസ് ടിപ്പറുകളും ജെ സി ബികളും സ്ഥലത്തെത്തിയതോടെയാണ് മണ്ണെടുപ്പ് നാട്ടുകാർ അറിഞ്ഞത്. സ്ഥലത്തെത്തിയവർ അധികാരികളെ അറിയിച്ചതോടെ മണ്ണെടുപ്പ് നിർത്തി വയ്ക്കുകയായിരുന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഭരണസമിതി ഇല്ലാതിരുന്ന സമയത്ത് പഴയ രായമംഗലം പഞ്ചായത്ത് സെക്രട്ടറി ബിൽഡിംഗ് പെർമിറ്റ് നൽകിയതിൻ്റെ അടിസ്ഥാനത്തിലായിരുന്നു മണ്ണെടുപ്പിന് അനുമതി തേടിയതെന്ന് നാട്ടുകാർ പറയുന്നു.

റോഡിൽ ചെളി നിറഞ്ഞതോടെയാണ് നാട്ടുകാർ മണ്ണെടുപ്പിനെതിരെ രംഗത്തെത്തിയത്. ഏക്കറുകണക്കിന് വിസ്തീർണമുള്ള സ്ഥലത്ത് 13 സെൻറ് നികത്തുന്നതിനാണ് അനുമതി ലഭിച്ചത്. എന്നാൽ പതിമൂന്ന് സെൻ്റ് എവിടെയാണെന്ന് പഞ്ചായത്തിനോ വില്ലേജ് ഓഫീസിനോ അറിയില്ലെന്നതാണ് കൗതുകം .

വിവാദ ഭൂമി കുത്തനെ ഇറക്കമുള്ള റോഡിനോട് ചേർന്ന് കിടക്കുന്നതിനാൽ അപകടം ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ പരാതി. ബന്ധപ്പെട്ട വകുപ്പുകൾ അറിയാതെ അനുമതി ലഭിച്ചതിൽ വൻ അഴിമതി ഉണ്ടെന്ന് നാട്ടുകാർ അറിയിച്ചു. രായമംഗലം പഞ്ചായത്തിലെ പഴയ ഭരണ സമിതി യോ പുതിയ ഭരണ സമിതിയോ ഇക്കാര്യം അറിഞ്ഞിട്ട് പോലുമില്ലെന്നതാണ് വാസ്തവം.

രേഖകൾ പ്രകാരം 6288 മെട്രിക് ടൺ മണ്ണ് നീക്കം ചെയ്യുന്നതിനാണ് അനുമതി ലഭിച്ചത്. 628 ട്രാൻസിസ്റ്റ് പാസുകളും അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇന്നലെ തന്നെ നൂറോളം ടിപ്പറുകളിൽ മണ്ണെടുത്തതായി നാട്ടുകാർ പറഞ്ഞു. മണ്ണ് അളവ് തിട്ടപ്പെടുത്തി ലോഡുകളുടെ എണ്ണം കണക്കാക്കാൻ ഉദ്യോഗസ്ഥർ ആരും എത്തിയിരുന്നില്ല.

ഉദ്യോഗസ്ഥ തലത്തിൽ നടത്തിയ അഴിമതിക്കെതിരെ വിജിലൻസിൽ പരാതി നൽകിയതായി പൊതുപ്രവർത്തകനായ പോളി വടക്കൻ പറഞ്ഞു. ഇന്നലെ തന്നെ വകുപ്പ് മന്ത്രിക്ക് ഫോണിൽ പരാതി ലഭിച്ചിരുന്നു. ഇത് പ്രകാരം ഇന്ന് മൈനിംഗ് ആൻ്റ് ജിയോളജി വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു.

പൊതുവെ ജലലഭ്യത കുറഞ്ഞ പ്രദേശമാണ് ഇത്. പരിസ്ഥിതിക്ക് കോട്ടം വരുന്ന വിധം മണ്ണെടുപ്പ് നടത്തിയാൽ ജലലഭ്യത വീണ്ടും കുറയുമെന്നാണ് നാട്ടുകാരുടെ വാദം. നേരത്തേ ഇവിടെ ടവർ സ്ഥാപിക്കാൻ നീക്കം നടന്നിരുന്നു. പ്രതിഷേധത്തെ തുടർന്ന് ടവർ നിർമാണം നിർത്തി വെച്ചിരുന്നു.

ശനിയാഴ്ച മുതൽ മണ്ണെടുപ്പ് വീണ്ടും തുടങ്ങാനാണ് നീക്കം. എന്തു വില കൊടുത്തും തടയാനാണ് റസിഡൻ്റ്സ് അസോസിയേഷനുകളുടേയും നാട്ടുകാരുടേയും തീരുമാനം. ജയകേരളം റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് പോൾസൺ സെക്രട്ടറി രഞ്ജിത്ത് എന്നിവരും മൈനിംഗ് ആൻ്റ് ജിയോളജി വകുപ്പിന് പരാതി നൽകിയിരുന്നു.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News