അസംസ്‌കൃതവസ്തുക്കളുടെ വിലവര്‍ധന: കൊറഗേറ്റഡ് ബോക്‌സ് നിര്‍മാതാക്കള്‍ ഏപ്രില്‍ 16-ന് കരിദിനം ആചരിക്കും

0

കൊച്ചി: അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യവും വിലവര്‍ധനവും കാരണം കൊറഗേറ്റഡ് ബോക്‌സ് വില വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് പോംവഴിയില്ലെന്ന് കാണിച്ച് കേരള കൊറഗേറ്റഡ് ബോക്‌സ് മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷന്‍ (കെസിബിഎംഎ) ഈ മാസം 16-ന് കരിദിനം ആചരിക്കും. ബോക്‌സ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളായ ഡ്യൂപ്ലക്‌സ് ബോര്‍ഡിന്റെയും ക്രാഫ്റ്റ് പേപ്പറിന്റെയും വിലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 35% വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിന് പുറമേ വിവിധ കാരണങ്ങള്‍ മൂലം ഇവയ്ക്ക്  വന്‍ ദൗര്‍ലഭ്യവും നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ പാക്കിങ് ബോക്‌സുകളുടെ വില വര്‍ധിപ്പിക്കുകയല്ലാതെ നിര്‍മാതാക്കളുടെ മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് കെസിബിഎംഎ പ്രസിഡന്റ് സേവിയര്‍ ജോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബോക്‌സ് ഉപഭോക്താക്കള്‍ വിലവര്‍ധനവുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

പേപ്പര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വേസ്റ്റ് പേപ്പറിന്റെ ശേഖരണത്തില്‍ ഈയടുത്തകാലത്ത് നേരിട്ട പ്രശ്‌നവും ഈ വ്യവസായത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് കെസിബിഎംഎ കോര്‍ഡിനേറ്റര്‍ ജി. രാജീവ് വ്യക്തമാക്കി. കോവിഡ് കാലത്ത് വേസ്റ്റ് പേപ്പര്‍ ശേഖരണം വളരെയേറെ ബാധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ റഷ്യ- യുക്രെയിന്‍ യുദ്ധവും മറ്റ അനവധി കാരണങ്ങള്‍ കൊണ്ടും അസംസ്‌കൃത വസ്തുവിന്റെ വിലവര്‍ധനവിന് കാരണമായിട്ടുണ്ട്. ഇതും പേപ്പറിന്റെ വില ഉയരാന്‍ ഇടയാക്കിയിട്ടുണ്ടെന്ന് കെസിബിഎം ഭാരവാഹികള്‍ പറഞ്ഞു. ഇതിന് പുറമേ അന്താരാഷ്ട്ര വിപണിയില്‍ പേപ്പറിന് ഡിമാന്‍ഡ് കൂടിയത് കാരണം മിക്ക നിര്‍മാതാക്കളും പേപ്പര്‍ കയറ്റുമതി ചെയ്യാന്‍ തുടങ്ങിയതും ആഭ്യന്തര വിപണിയില്‍ പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഈ നില തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ ക്രാഫ്റ്റ് പേപ്പര്‍, ഡ്യൂപ്ലെക്‌സ് ബോര്‍ഡുകളുടെ വിലയില്‍ 50 മുതല്‍ 60% വരെ വര്‍ധനവുണ്ടായേക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Leave a Reply