ആലപ്പുഴ: ബി.ജെ.പി: ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത്ത് ശ്രീനിവാസന് വധക്കേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരു പ്രതിയെക്കൂടി ജില്ലാ പോലീസ് മേധാവി ജി. ജയദേവ് നിയമിച്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഇയാളെ എറണാകുളത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയാറായില്ല.
കൊലപാതക കൃത്യത്തില്‍ പങ്കെടുത്ത ഒന്‍പത് പേര് പിടിയിലായതായും ശേഷിക്കുന്ന മൂന്നു പേര് ഉടന്‍ പിടിയിലാകുമെന്നും അന്വേഷണ സംഘത്തിന് നേതൃത്വം നല്കുന്ന ഡിവൈ.എസ്.പി: എന്‍.ആര്. ജയരാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. അറസ്റ്റിലായ പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികളില്‍ ഒരു സംഘത്തെ കൊല്ലപ്പെട്ട രണ്‍ജിത്ത് ശ്രീനിവാസന്റെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരെ അടുത്ത ദിവസം തന്നെ ബന്ധുക്കള്‍ക്ക് മുന്നിലെത്തിച്ച് തിരിച്ചറിയില്‍ പരേഡ് നടത്തുമെന്നും ഡിവൈ.എസ്.പി. പറഞ്ഞു. രണ്‍ജിത്ത് കൊലപാതകത്തില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഇതിനകം 15 പേര് പിടിയിലായിട്ടുണ്ട്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പ്രതികളെ കൂടി പിടികൂടുന്നതോടെ കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്നും ഡിവൈ.എസ്.പി പറഞ്ഞു.
കഴിഞ്ഞ ഡിസംബര്‍ 19ന് രാവിലെ ആറരയോടെ വെള്ളക്കിണറിലെ വീട്ടില്‍വെച്ച് കുടുംബാംഗങ്ങളുടെ മുന്നില്‍വെച്ചാണ് 12 അംഗ സംഘം അഡ്വ രണ്‍ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. തലേന്ന് രാത്രി മണ്ണഞ്ചേരിയില്‍ എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിനെ ഒരു സംഘം ആര്.എസ്.എസ്. പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് രണ്‍ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.