ഐ.പി.എല്ലില്‍ പ്ലേ ഓഫ്‌ ഉറപ്പിക്കാനുള്ള അവസരം പാഴാക്കി രാജസ്‌ഥാന്‍ റോയല്‍സ്‌

0

മുംബൈ: ഐ.പി.എല്ലില്‍ പ്ലേ ഓഫ്‌ ഉറപ്പിക്കാനുള്ള അവസരം പാഴാക്കി രാജസ്‌ഥാന്‍ റോയല്‍സ്‌. ഡല്‍ഹിക്കെതിരായ നിര്‍ണായക മത്സരത്തില്‍ തോല്‍വി എട്ടു വിക്കറ്റിന്‌. രാജസ്‌ഥാന്‍ ഉയര്‍ത്തിയ 161 റണ്‍ വിജയലക്ഷ്യം ഡല്‍ഹി 11 പന്ത്‌ ബാക്കി നില്‍ക്കെ മറികടന്നു. രണ്ടാം പന്തില്‍ വിക്കറ്റ്‌ വീഴ്‌ത്തി ട്രെന്റ്‌ ബോള്‍ട്ട്‌ രാജസ്‌ഥാനു മികച്ച തുടക്കം നല്‍കിയെങ്കിലും ഓസീസ്‌ താരങ്ങളായ ഡേവിഡ്‌ വാര്‍ണറുടെയും മിച്ചല്‍ മാര്‍ഷിന്റെയും തകര്‍പ്പന്‍ പ്രകടനത്തില്‍ ഡല്‍ഹി അനായാസം വിജയതീരമണഞ്ഞു. ഐ.പി.എല്ലിലെ തന്റെ കന്നി അര്‍ധസെഞ്ചുറി(38 പന്തില്‍ 50) കുറിച്ച രാജസ്‌ഥാന്റെ രവിചന്ദ്രന്‍ അശ്വിന്റെ പ്രകടനം പാഴായി. ടൂര്‍ണമെന്റിലെ ഏറ്റവും ശക്‌തമായ ബൗളിങ്‌ നിരയുള്ള രാജസ്‌ഥാനെ നാണംകെടുത്തുന്ന ബാറ്റിങ്ങാണ്‌ വാര്‍ണറും മാര്‍ഷും കാഴ്‌ചവച്ചത്‌.
മൂന്നോവറില്‍ 25 റണ്‍ വഴങ്ങി രാജസ്‌ഥാന്റെ രണ്ടു വിക്കറ്റ്‌ വീഴ്‌ത്തിയ മാര്‍ഷ്‌ ബാറ്റിങ്ങിനിറങ്ങി 62 പന്തില്‍ ഏഴു സിക്‌സും അഞ്ചുഫോറുമായി 89 റണ്ണടിച്ച്‌ ടീമിന്റെ ടോപ്‌സ്കോററായി. ഡേവിഡ്‌ വാര്‍ണര്‍ 41 പന്തില്‍ പുറത്താകാതെ 52 റണ്‍ നേടി. നാലു പന്തില്‍ രണ്ടു സിക്‌സടക്കം 13 റണ്ണടിച്ച ക്യാപ്‌റ്റന്‍ ഋഷഭ്‌ പന്തായിരുന്നു വാര്‍ണര്‍ക്കു കൂട്ട്‌.
തുടക്കം പാളിയതും മധ്യനിര അവസരത്തിനൊത്ത്‌ ഉയരാതിരുന്നതുമാണ്‌ ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്‌ഥാന്‍ റോയല്‍സ്‌ ആറുവിക്കറ്റിന്‌ 160 റണ്ണിലൊതുങ്ങിയത്‌. വ്യക്‌തിപരമായ ആവശ്യത്തിന്‌ നാട്ടിലേക്കു മടങ്ങിയ വെടിക്കെട്ട്‌ ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയറുടെ അസാന്നിധ്യം പ്രകടമാകാതിരിക്കാന്‍ അഞ്ചാമനായിറങ്ങിയ ക്യാപ്‌റ്റന്‍ സഞ്‌ജു സാംസണു തിളങ്ങാനും കഴിഞ്ഞില്ല. നാലുപേര്‍ മാത്രമാണ്‌ രാജസ്‌ഥാന്‍ നിരയില്‍ രണ്ടക്കം കടന്നത്‌.
ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ മുമ്പനായ ജോസ്‌ ബട്‌ലര്‍ ഏഴുറണ്ണുമായി ആദ്യം മടങ്ങി. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍(19 പന്തില്‍ 19) രണ്ടാമനായി പുറത്തായശേഷം അശ്വിനും ദേവ്‌ദത്ത്‌ പടിക്കലും ചേര്‍ന്ന കൂട്ടുകെട്ടാണ്‌ രാജസ്‌ഥാനെ തരക്കേടില്ലാത്ത സ്‌കോറിലെത്തിച്ചത്‌. 38 പന്തില്‍ രണ്ടു സിക്‌സും നാലു ഫോറും ഉള്‍പ്പെടുന്നതായിരുന്നു അശ്വിന്റെ ഇന്നിങ്‌സ്. ദേവ്‌ദത്ത്‌ പടിക്കല്‍ 30 പന്തില്‍ 48 റണ്ണടിച്ചു. റാസി വാന്‍ഡര്‍ ദസന്‍ 10 പന്തില്‍ പുറത്താകാതെ 12 റണ്ണടിച്ച്‌ ടീം സ്‌കോര്‍ 160-ല്‍ എത്തിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here