രാഹുല്‍ ഗാന്ധിയുടെ ഓഫീസ്‌ അടിച്ചുതകര്‍ത്ത എസ്‌.എഫ്‌.ഐ. നടപടിയില്‍ ഇടതുമുന്നണിയില്‍ പ്രതിഷേധം

0

രാഹുല്‍ ഗാന്ധിയുടെ ഓഫീസ്‌ അടിച്ചുതകര്‍ത്ത എസ്‌.എഫ്‌.ഐ. നടപടിയില്‍ ഇടതുമുന്നണിയില്‍ പ്രതിഷേധം. സംഭവത്തില്‍ രൂക്ഷവിമര്‍ശനമാണ്‌ സി.പി.ഐ. ഉന്നയിച്ചത്‌. എസ്‌.എഫ്‌.ഐ ഭാരവാഹികളെ എ.കെ.ജി. സെന്ററില്‍ വിളിച്ചുവരുത്തി സി.പി.എം നേതൃത്വം താക്കീതും നല്‍കി.
സംസ്‌ഥാന ഭാരവാഹികള്‍ വയനാട്‌ സന്ദര്‍ശിച്ച്‌ ജില്ലാ കമ്മിറ്റി യോഗം വിളിക്കാനും കുറ്റക്കാരെന്ന്‌ കണ്ടെത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാനുമാണ്‌ നിര്‍ദേശം.
മഹാരാജാസ്‌ കോളജില്‍ വനിതാപ്രവര്‍ത്തകയെ വംശീയമായി അപമാനിച്ച സംഭവത്തില്‍ പോലും എസ്‌.എഫ്‌.ഐക്കെതിരേ വേണ്ടരീതിയില്‍ നടപടിയുണ്ടായില്ലെന്നാണ്‌ സി.പി.ഐയുടെ നിലപാട്‌. ഓരോ പാര്‍ട്ടികളുമാണ്‌ അവരുടെ സംഘടനകളെ നിയന്ത്രിക്കേണ്ടതെന്നാണ്‌ സംഭവത്തില്‍ സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചത്‌. കലാലയങ്ങളെ കൈയൂക്കിന്റെ കേന്ദ്രമാക്കിയതിന്റെ ഫലമാണിതെന്ന്‌ അസിസ്‌റ്റന്റ്‌ സെക്രട്ടറി കെ. പ്രകാശ്‌ ബാബുവും പ്രതികരിച്ചു.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ്‌ ആക്രമിച്ച സംഭവം ഇടതുമുന്നണിയെ അപ്പാടെ പ്രതിരോധത്തിലാക്കിയെന്നാണ്‌ സി.പി.ഐയുടെയും മറ്റ്‌ ഘടകകക്ഷികളുടെയും നിലപാട്‌. എസ്‌.എഫ്‌.ഐയെ കയറൂരി വിടുന്ന രീതി ഇനിയെങ്കിലും നിയന്ത്രിക്കണമെന്നും അവര്‍ മുന്നണിനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്‌.
എസ്‌.എഫ്‌.ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ വി.പി. സാനു, സംസ്‌ഥാന പ്രസിഡന്റ്‌ കെ. അനുശ്രീ എന്നിവരെയാണ്‌ ഇന്നലെ സി.പി.എം. നേതൃത്വം വിളിച്ചുവരുത്തിയത്‌. നേതൃത്വത്തിന്റെ അറിവോടെയല്ല മാര്‍ച്ച്‌ നടന്നതെന്ന്‌ ഇരുവരും ധരിപ്പിച്ചു.
അക്രമം കാട്ടിയതിനോട്‌ യോജിപ്പില്ലെന്ന്‌ നേതാക്കളെ കണ്ടശേഷം വി.പി. സാനു പറഞ്ഞു. കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും വ്യക്‌തമാക്കി. എസ്‌.എഫ്‌.ഐ നേതൃത്വം അറിഞ്ഞല്ല മാര്‍ച്ച്‌ നടന്നതെന്ന്‌ അനുശ്രീ പറഞ്ഞു.
ജില്ലാ സെക്രട്ടറിയും പ്രസിഡന്റും മാര്‍ച്ചില്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറിയായാലും മറ്റാരായായും വീഴ്‌ചയുണ്ടെന്നു കണ്ടാല്‍ നടപടിയുണ്ടാകും. എസ്‌.എഫ്‌.ഐ ജില്ലാ കമ്മിറ്റി യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും കെ. അനുശ്രീ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here