Thursday, January 27, 2022

പാർട്ടി പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ന്യൂ ഇയർ ആഘോഷിക്കാൻ അമ്മ വീട്ടിലേക്ക് രാഹുൽ ഗാന്ധി; അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദ് ചെയ്ത് വയനാട് എംപി ഇറ്റലിക്ക് പോകുന്നത് ഈ മാസം 31ന്; മോദിയും അമിത്ഷായും തെരഞ്ഞെടുപ്പ് ഗോദയിൽ അശ്വമേധം നടത്തുമ്പോൾ കോൺഗ്രസ് നേതാവിന് ഉല്ലാസ യാത്ര

Must Read

ന്യഡൽഹി: നിർണായകമായ തെരഞ്ഞെടുപ്പുകളിലെ പ്രചാരണങ്ങൾ നിർത്തിവെച്ച് രാഹുൽ ​ഗാന്ധി അമ്മ വീട്ടിലേക്ക് പോകുന്നതിൽ കോൺ​ഗ്രസിലും കടുത്ത എതിർപ്പ്. വയനാട് എംപി രാഹുൽ ഗാന്ധി ഡിസംബർ 31ന് ഇറ്റലിയിലേക്ക് പറക്കും. വ്യക്തിപരമായ കാര്യങ്ങൾക്കാണ് ഇറ്റലി യാത്ര എന്നാണ് വിവരം. എന്നാൽ, കോൺ​ഗ്രസിനെ നിർണായകമായ സമയത്ത് തെരഞ്ഞെടുപ്പ് പ്രചാരണം പോലും നിർത്തിവെച്ച് അമ്മയുടെ ജന്മസ്ഥലമായ ഇറ്റലിയിലേക്കുള്ള രാഹുലിന്റെ യാത്രയിൽ മുതിർന്ന കോൺ​ഗ്രസ് നേതാക്കൾക്ക് ഉൾപ്പെടെ എതിർപ്പുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കൊഴുക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ ഇറ്റലി യാത്ര. ജനുവരി മൂന്നിന് പഞ്ചാബിലെ മോഗ ജില്ലയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കേണ്ടിയിരുന്ന റാലി ഇറ്റലി യാത്രയെ തുടർന്ന് മാറ്റിവെച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

തീർത്തും വ്യക്തിപരമായ കാരണങ്ങൾക്കാണ് രാഹുൽ ഗാന്ധിയുടെ ഇറ്റലി യാത്രയെന്ന് വിശദീകരണം. ബിജെപിയും അവരുടെ മാധ്യമ സുഹൃത്തുക്കളും രാഹുൽ ഗാന്ധിയുടെ യാത്രയെക്കുറിച്ച് അപവാദങ്ങൾ പറഞ്ഞുപരത്തരുതെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല എഎൻഐയോട് പറഞ്ഞു. എന്നാൽ എത്ര ദിവസത്തേക്കാണ് യാത്ര എന്ന് വ്യക്തമല്ല.

രാഹുൽ ഗാന്ധിയുടെ ഇറ്റലി യാത്രയുടെ സമയത്തുതന്നെ പഞ്ചാബിൽ ബിജെപിയുടെ പ്രചാരണ പരിപാടികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നുണ്ട്. ജനുവരി അഞ്ച് മുതലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പഞ്ചാബിൽ ബിജെപിയുടെ റാലി നടക്കുക. രാഹുൽ ഗാന്ധിയുടെ ഇറ്റലി യാത്ര തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ചർച്ചയാക്കാനായിരിക്കും ബിജെപിയുടെ ശ്രമം.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ പഞ്ചാബിൽ മാത്രമാണ് കോൺ​ഗ്രസിന് ഭരണമുള്ളത്. എന്നാൽ ഇവിടെയും ഭരണം നിലനിർത്തുക എന്നത് വലിയ വെല്ലുവിളിയാണ് കോൺ​ഗ്രസിന്. പ്രമുഖ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാനാകാതെ കോൺ​ഗ്രസ് നേതൃത്വം വലയുകയാണ്. രണ്ട് കോൺ​ഗ്രസ് എംഎൽഎമാരാണ് ഈ ആഴ്ച്ച ബിജെപിയിൽ ചേർന്നത്. മുതിർന്ന കോൺഗ്രസ് നേതാവായ പ്രതാപ് ബജ്‍വ എംപിയുടെ സഹോദരന്‍ ഫതെഹ് ജുങ് സിങ് ബജ്‍വയാണ് ബിജെപിയിൽ ചേർന്ന ഒരു എംഎല്‍എ. ഖാഡിയനിൽ നിന്നുള്ള നിയമസഭാംഗമാണ് ഫതെഹ് ജുങ് സിങ് ബജ്‍വ. ഹർഗോബിന്ദ്പൂറിൽ നിന്നുള്ള എംഎൽഎ ബാൽവിന്ദർ സിങ് ലഡ്ഡിയാണ് കോൺ​ഗ്രസ് പാളയം വിട്ട് ബിജെപിയിൽ ചേക്കേറിയ മറ്റൊരു നേതാവ്. പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോൺഗ്രസിലെ കൊഴിഞ്ഞു പോക്ക് എന്നത് ചർച്ചയാകുന്നു.

കഴിഞ്ഞ ദിവസം നടന്ന റാലിയിൽ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജോത് സിങ് സിദ്ദു ഫതെഹ് ബജ്‍വയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതേ സീറ്റ് തന്നെ തനിക്ക് വേണമെന്ന് ആവശ്യപ്പെട്ട് പ്രതാപ് ബജ്‍വയും രംഗത്തെത്തി. കൂടുതൽ സാധ്യത സഹോദരനാണെന്ന് മനസ്സിലാക്കിയാണ് ഫതെഹ് ബജ്‍വ മറുകണ്ടം ചാടിയതെന്നാണ് റിപ്പോർട്ട്.

ഹർഗോബിന്ദ്പൂറിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ബാൽവിന്ദർ സിങ് ലഡ്ഡിയാണ് ബിജെപിയിലേക്ക് പോയ മറ്റൊരാൾ. കഴിഞ്ഞയാഴ്ച് മറ്റൊരു കോൺഗ്രസ് എംഎൽഎ ആയ റാണ ഗുർമീത് സോധിയും ബിജെപിയിൽ ചേർന്നിരുന്നു. ഈ മൂന്ന് പേരും പഞ്ചാബ് മുൻ കോൺഗ്രസ് നേതാവ് അമരീന്ദർ സിങ്ങിന്റെ വിശ്വസ്തരായിരുന്നു. എന്നാൽ മൂന്ന് പേരും അമരീന്ദർ രൂപീകരിച്ച പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പാർട്ടിയിൽ ചേരാതെ ബിജെപിയിൽ ചേർന്നതാണ് ശ്രദ്ധേയം.

മുൻ ക്രിക്കറ്റ് താരം ദിനേഷ് മോംഗിയയും ബിജെപിയിൽ അംഗത്വം എടുത്തു. 44–കാരനായ മോംഗിയ ബിജെപിയുടെ ഡൽഹി ഓഫീസിലെത്തിയാണ് അംഗത്വം സ്വീകരിച്ചത്. കൂടുതൽ കോൺഗ്രസ്, അകാലിദൾ നേതാക്കൾ ബിജെപിയിലേക്ക് എത്തുമെന്നാണ് അവരുടെ അവകാശവാദം. കൂടുതൽ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് കോൺഗ്രസിൽ നെഞ്ചിടിപ്പേറ്റുകയാണെന്നാണ് റിപ്പോർട്ട്.

കർഷക സംഘടനകളുടെ പ്രക്ഷോഭവും തത്വത്തിൽ വിനയായിരിക്കുന്നത് കോൺ​ഗ്രസിനാണ് രാജ്യത്ത് കോൺ​ഗ്രസ് ഭരിക്കുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നായ പഞ്ചാബിലും കോൺ​ഗ്രസിന് ഭരണം നഷ്ടപ്പെടുമെന്ന് ഉറപ്പായിരിക്കുകയാണ്. സംയുക്ത കിസാൻ മോർച്ചയുടെ ഭാഗമായ 22 കർഷക യൂണിയനുകൾ പുതിയ രാഷ്ട്രീയ പാർട്ടി രൂപവത്കരിച്ചത് കോൺ​ഗ്രസിന് വലിയ ഭീഷണിയാകും ഉയർത്തുക. ‘സംയുക്ത സമാജ് മോർച്ച’ എന്ന പേരിൽ രൂപവത്കരിച്ച കർഷക സംഘടനകളുടെ പാർട്ടി അടുത്ത വർഷം നടക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ബിജെപി വിരുദ്ധ വോട്ടുകൾ തങ്ങൾക്ക് ലഭിക്കില്ലെന്ന് കോൺ​ഗ്രസും ഉറപ്പിച്ച് കഴിഞ്ഞു.

സംയുക്ത സമാജ് മോർച്ച അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കിയേക്കുമെന്നാണ് റിപ്പോർട്ട്. പഞ്ചാബിൽ മുന്നണിയെ നയിക്കുക ബൽബീർ സിങ് രാജേവലാകും. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ 117 സീറ്റുകളിലും മത്സരിക്കുമെന്നാണ് സംയുക്ത സമാജ് മോർച്ച നേതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്. ആം ആദ്മി പാർട്ടിക്ക് പഞ്ചാബിൽ ശക്തമായ അടിത്തറയാണുള്ളത്. സംസ്ഥാനം ഭരിക്കുന്ന കോൺ​ഗ്രസാകട്ടെ ഉൾപ്പാർട്ടി പോരിൽ തകർന്ന നിലയിലാണ്. കർഷക സമരത്തിൽ രൂപം കൊണ്ട ബിജെപി വിരുദ്ധ വികാരം തങ്ങൾക്ക് ​ഗുണകരമാകുമെന്ന പ്രതീക്ഷയിലായിരുന്നു കോൺ​ഗ്രസ്. എന്നാൽ, ആ പ്രതീക്ഷയാണ് ഇപ്പോൾ തകിടംമറിഞ്ഞിരിക്കുന്നത്.

നിലവിൽ മൂന്ന് സംസ്ഥാനങ്ങളിലാണ് കോൺ​ഗ്രസ് ഭരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിൽ ഭരണ പങ്കാളിത്തവും. ഛത്തീസ്​ഗഡ്, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലാണ് കോൺ​ഗ്രസ് പാർട്ടി ഭരിക്കുന്നത്. ജാർഖണ്ഡിൽ ജാർഖണ്ഡ് മുക്തി മോർച്ചയുമായി ചേർന്ന് ഭരണം പങ്കിടുന്നുണ്ട്. മഹാരാഷ്ട്രയിൽ ശിവസേന – എൻസിപി സഖ്യത്തിന്റെ ഭാ​ഗമായാണ് കോൺ​ഗ്രസ് അധികാരം കയ്യാളുന്നത്. തമിഴ്നാട്ടിൽ ഭരണമുന്നണിയിലാണെന്ന് പറയാം എന്നല്ലാതെ പ്രത്യേകിച്ച് ​ഗുണമൊന്നുമില്ല.

പഞ്ചാബിൽ കോൺ​ഗ്രസിനുള്ളിൽ ചേരിപ്പോര് ശക്തമായിരുന്നു. മുൻ മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് കോൺ​ഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കുകയും ബിജെപിയുമായി സഖ്യമുണ്ടാക്കുകയും ചെയ്ത് കഴിഞ്ഞു. അതിനിടയിൽ കോൺ​ഗ്രസിൽ നിന്നും ബിജെപിയിലേക്കും ഒഴുക്ക് ശക്തമാണ്. മുതിർന്ന കോൺ​ഗ്രസ് നേതാവ് റാണ ​ഗുർമീത് സിങ് സോധി കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നിരുന്നു. അമരീന്ദർ സിങ് കോൺഗ്രസ് വിട്ടശേഷം പാർടിയിൽനിന്ന് പുറത്തുപോകുന്ന ആദ്യത്തെ സിറ്റിങ് എംഎൽഎയും മുൻ മന്ത്രിയുമാണ് റാണാ ഗുർമീത്. ചേരിപ്പോരാണ് പാർടി വിടാൻ കാരണമെന്ന് രാജിക്കത്തിൽ അദ്ദേഹം പറഞ്ഞു.

നേരത്തെ പാർലമെന്റ് ശീതകാല സമ്മേളനത്തിന് മുമ്പായി രാഹുൽ ഗാന്ധി ഒരു മാസത്തോളം ഇറ്റലി സന്ദർശിച്ചിരുന്നു. ഇത് നിരവധി കോണുകളിൽ നിന്ന് വലിയ തോതിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News