വടക്കേക്കാട്‌ ഐ.സി.എ. സ്‌കൂളില്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിക്ക്‌ നേരെ റാഗിങ്‌

0

പുന്നയൂര്‍ക്കുളം(തൃശൂര്‍): വടക്കേക്കാട്‌ ഐ.സി.എ. സ്‌കൂളില്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിക്ക്‌ നേരെ റാഗിങ്‌. ഗുരുതര പരുക്കേറ്റ വടക്കേക്കാട്‌ കല്ലിങ്ങല്‍ പണിക്കവീട്ടില്‍ അസ്‌ലമി(17) നെ പുന്നയൂര്‍ക്കുളം ശാന്തി നഴ്‌സിങ്‌ ഹോമിലും തുടര്‍ന്ന്‌ ചാവക്കാട്‌ താലൂക്ക്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവത്തില്‍ 16 പേര്‍ക്കെതിരേ വടക്കേക്കാട്‌ പോലീസ്‌ കേസെടുത്തു. വ്യാഴാഴ്‌ച വൈകിട്ട്‌ മൂന്നരയോടെ ക്ലാസ്‌ കഴിഞ്ഞ്‌ പുറത്തേക്ക്‌ വന്ന അസ്‌ലമിനെ ഒരു സംഘം പ്ലസ്‌ടു വിദ്യാര്‍ഥികള്‍ പ്രകോപനമില്ലാതെ തടഞ്ഞു നിര്‍ത്തി റാഗ്‌ ചെയ്യുകയും തുടര്‍ന്ന്‌ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നുവെന്നു പറയുന്നു. മര്‍ദനത്തില്‍ മുഖത്തും കണ്ണിനും തലയ്‌ക്കും സാരമായി പരുക്കേറ്റ വിദ്യാര്‍ഥിയെ അധ്യാപകരാണ്‌ ആശുപത്രിയിലെത്തിച്ചത്‌.
അസ്‌ലമിന്റെ പരാതിയില്‍ പ്ലസ്‌ ടു വിദ്യാര്‍ഥികളായ 16 പേര്‍ക്കെതിരേ പോലീസ്‌ കേസെടുത്തു. ഇത്തരം സംഭവങ്ങള്‍ നിരന്തരം സ്‌കൂളില്‍ ഉണ്ടാകാറുണ്ടെന്നും ഇത്‌ ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കുന്നതിനാലാണ്‌ പ്രശ്‌നങ്ങള്‍ തുടര്‍ക്കഥയാകുന്നതെന്നുമാണു നാട്ടുകാര്‍ പറയുന്നത്‌.

Leave a Reply