ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റാഫേല്‍ നദാല്‍ പുതിയ ചരിത്രം കുറിച്ചു

0

മെല്‍ബണ്‍: സ്‌പെയിന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ്‌ റാഫേല്‍ നദാല്‍ പുതിയ ചരിത്രം കുറിച്ചു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജേതാവായതോടെ 21 ഗ്രാന്‍സ്ലാമുകള്‍ നേടുന്ന ആദ്യ പുരുഷ താരമെന്ന നേട്ടമാണു നദാല്‍ കുറിച്ചത്‌.
റഷ്യയുടെ ലോക രണ്ടാം നമ്പര്‍ ഡാനില്‍ മെദ്‌വദേവിനെയാണ്‌ അഞ്ച്‌ സെറ്റ്‌ നീണ്ട പോരാട്ടത്തില്‍ നദാല്‍ തോല്‍പ്പിച്ചത്‌. വാശിയേറിയ മത്സരം അഞ്ച്‌ മണിക്കൂര്‍ 24 മിനിറ്റ്‌ നീണ്ടു. സ്‌കോര്‍: 2-6, 6-7(5), 6-4, 6-4, 7-5. 2019 ലെ യു.എസ്‌. ഓപ്പണ്‍ ഫൈനലിനു സമാനമായിരുന്നു ഇന്നലത്തെ പോരാട്ടം. നദാലിന്റെ അനുഭവ സമ്പത്തിനു മുന്നില്‍ അന്നും മെദ്‌വദേവ്‌ അടിയറ പറഞ്ഞു.
നദാലിന്റെ പോരാട്ട വീര്യത്തെ അവിശ്വസനീയം എന്നു മാത്രമാണു കളിയെഴുത്തുകാര്‍ വിശേഷിപ്പിച്ചത്‌. നദാലിന്‌ മെല്‍ബണ്‍ പാര്‍ക്ക്‌ ഏറ്റവും പ്രയാസപ്പെട്ട കോര്‍ട്ടാണ്‌്. ഒന്നാം സെറ്റിന്റെ തുടക്കത്തില്‍ തന്നെ മെദ്‌വദേവ്‌ നദാലിന്റെ സര്‍വീസ്‌ ബ്രേക്ക്‌ ചെയ്‌തു. ഇരട്ട ബ്രേക്കുകളുമായി റഷ്യന്‍ താരം 6-2 ന്‌ ഒന്നാം സെറ്റ്‌ നേടി. കരിയറിനു തന്നെ ഭീഷണിയായ പരുക്ക്‌ കാരണം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കുമോ എന്ന്‌ ഉറപ്പില്ലാതെയാണു നദാല്‍ വിമാനമിറങ്ങിയത്‌.
സൂപ്പര്‍ താരം മികവ്‌ കാണിക്കുന്നത്‌ രണ്ടാം സെറ്റിന്റെ തുടക്കം മുതലാണ്‌. തുടക്കത്തില്‍ തന്നെ സര്‍വീസ്‌ ബ്രേക്ക്‌ ചെയ്‌ത നദാല്‍ 4-1 നു മുന്നിലെത്തി. തിരിച്ചടിച്ച മെദ്‌വദേവ്‌ ബ്രേക്ക്‌ തിരിച്ചു പിടിച്ചു. ഒരിക്കല്‍ കൂടി ബ്രേക്ക്‌ നേടിയ നദാല്‍ സെറ്റ്‌ മുന്നേറുമെന്നു തോന്നി. പക്ഷേ റഷ്യന്‍ താരം നദാലിനെ തിരിച്ചു ബ്രേക്ക്‌ ചെയ്‌തു. തുടര്‍ന്ന്‌ ഇരു താരങ്ങളും സര്‍വീസ്‌ നിലനിര്‍ത്തിയപ്പോള്‍ സെറ്റ്‌ ടൈബ്രേക്കറിലായി. ടൈബ്രേക്കറിലും പിന്നില്‍നിന്ന മെദ്‌വദേവ്‌ തിരിച്ചടിച്ച്‌ നദാലിന്റെ കൈയില്‍നിന്നു സെറ്റ്‌ തട്ടിയെടുത്തു. രണ്ടാം സെറ്റ്‌ 84 മിനിറ്റ്‌ നീണ്ടു. അതോടെ റഷ്യന്‍ താരം കിരീടം നേടുമെന്ന പ്രതീതിയുണ്ടായി. മൂന്നാം സെറ്റില്‍ ബ്രേക്ക്‌ പോയിന്റുകള്‍ രക്ഷിച്ച നദാല്‍ സര്‍വീസ്‌ ബ്രേക്ക്‌ ചെയ്‌തു തിരിച്ചടിച്ചു. സര്‍വീസ്‌ നിലനിര്‍ത്തിയ നദാല്‍ സെറ്റ്‌ 6-4 നു നേടി മത്സരം നാലാം സെറ്റിലേക്കു നീട്ടി.
ഇരു താരങ്ങളും സര്‍വീസ്‌ നിലനിര്‍ത്താന്‍ ബുദ്ധിമുട്ടിയ നാലാം സെറ്റില്‍ ആദ്യം ബ്രേക്ക്‌ ചെയ്‌തതു നദാലാണ്‌. ബ്രേക്ക്‌ പോയിന്റുകള്‍ രക്ഷിച്ച ശേഷം ആണ്‌ നദാല്‍ ബ്രേക്ക്‌ ചെയ്‌തത്‌. നദാല്‍ സെറ്റ്‌ 6-4 നു നേടിയതോടെ മത്സരം നീണ്ടു. അതോടെ മെല്‍ബണ്‍ പാര്‍ക്കിലെ കാണികള്‍ ആവേശഭരിതരായി. ഇടയ്‌ക്ക് കാണികളില്‍ ഒരാള്‍ കളത്തിലിറങ്ങിയതു രസക്കേടായി. അഞ്ചാം സെറ്റില്‍ നദാലിനായിരുന്നു മുന്‍തൂക്കം. ആദ്യ സര്‍വീസില്‍ ബ്രേക്ക്‌ പോയിന്റ്‌ രക്ഷിക്കാന്‍ മെദ്‌വദേവിനായി. നദാലിന്റെ തുടരന്‍ ഫ്രണ്ട്‌ ഹാന്‍ഡിന്‌ മുന്നില്‍ മെദ്‌വദേവ്‌ പതറി. മെദ്‌വദേവിന്റെ ബാക്ക്‌ ഹാന്‍ഡ്‌ ഷോട്ടുകളും മികച്ചതായിരുന്നു. നദാല്‍ 5-4 നു ചാമ്പ്യന്‍ഷിപ്പിനായി സര്‍വീസ്‌ ചെയ്യാന്‍ തുടങ്ങി. പോരാട്ടം തുടര്‍ന്ന മെദ്‌വദേവ്‌ നദാലിന്റെ പിഴവ്‌ മുതലെടുത്ത്‌ തിരിച്ചു ബ്രേക്ക്‌ ചെയ്‌തതു ഞെട്ടിച്ചു. തളര്‍ന്നു തുടങ്ങിയ മെദ്‌വദേവിന്റെ സര്‍വീസ്‌ ബ്രേക്ക്‌ ചെയ്‌ത് നദാല്‍ തിരിച്ചടിച്ചു. ഇത്തവണ സര്‍വീസ്‌ നിലനിര്‍ത്തിയ നദാല്‍ സെറ്റ്‌ 7-5 നു നേടി.
23 എയ്‌സുകള്‍ മെദ്‌വദേവിനെ ലഭിച്ച 22 അവസരത്തില്‍ ഏഴു തവണയാണ്‌ നദാല്‍ ബ്രേക്ക്‌ ചെയ്‌തത്‌. വെറും മൂന്ന്‌ എയ്‌സുകള്‍ ഉതിര്‍ത്ത നദാല്‍ ആറു തവണ ബ്രേക്ക്‌ വഴങ്ങി. 35 വയസുകാരനായ നദാലിന്‌ രണ്ടാം വട്ടമാണു മെല്‍ബണ്‍ പാര്‍ക്കില്‍ (ആദ്യം 2009 ല്‍) കിരീടം നേടുന്നത്‌. 2012, 2014, 2017, 2019 സീസണുകളില്‍ റണ്ണര്‍ അപ്പായി.
2009 ല്‍ റോജര്‍ ഫെഡററെ തോല്‍പ്പിച്ചായിരുന്നു കിരീട നേട്ടം. ഫ്രഞ്ച്‌ ഓപ്പണില്‍ 13 തവണയും യു.എസ്‌. ഓപ്പണില്‍ നാലു തവണയും വിമ്പിള്‍ഡണില്‍ രണ്ടുവട്ടവും ജേതാവായി. 20 ഗ്രാന്‍സ്ലാമുകള്‍ വീതം നേടിയ റോജര്‍ ഫെഡറര്‍, നോവാക്‌ ജോക്കോവിച്ച്‌ എന്നിവര്‍ക്ക്‌ നദാലിനൊപ്പമെത്താന്‍ മത്സരിക്കാം. നാലു ഗ്രാന്‍സ്ലാമുകളും രണ്ടുവട്ടം വീതം നേടുന്ന നാലാമത്തെ താരമെന്ന നേട്ടവും നദാലിനു സ്വന്തമായി. നോവാക്‌ ജോക്കോവിച്ച്‌, റോഡ്‌ ലേവര്‍, റോയ്‌ എമേഴ്‌സണ്‍ എന്നിവരാണു മുന്‍ഗാമികള്‍. സ്‌പാനിഷ്‌ താരത്തിന്‌ 29-ാം ഗ്രാന്‍സ്ലാം ഫൈനലും മെദ്‌വദേവിന്‌ അഞ്ചാമത്തേതുമാണ്‌. ഫെഡററും ജോക്കോവിച്ചും 31 ഗ്രാന്‍സ്ലാം ഫൈനലുകളില്‍ കളിച്ചു.

Leave a Reply