യുക്രൈനോടു പുടിന്‍ സേനാദൗത്യം നിര്‍ത്താം; ആയുധം താഴെവച്ച്‌ ആവശ്യം അംഗീകരിക്കൂ

0

മോസ്‌കോ: ആയുധം താഴെവച്ച്‌ ക്രെംലിന്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ യുക്രൈനോടു റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാദിമിര്‍ പുടിന്‍. തുര്‍ക്കി പ്രധാനമന്ത്രി തയിപ്‌ എര്‍ദോഗനുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണു പുടിന്റെ ഭീഷണി സ്വരത്തിലുള്ള നിര്‍ദേശം.
നൂറുകണക്കിനു ജീവനുകള്‍ പൊലിഞ്ഞ “പ്രത്യേക സൈനിക ദൗത്യ”ത്തിന്‌ അന്ത്യമാകണമെങ്കില്‍ യുക്രൈന്‍ ഇപ്പോള്‍ നടത്തുന്ന പോരാട്ടം അവസാനിപ്പിക്കണം. ഏറ്റുമുട്ടല്‍ നിര്‍ത്തി റഷ്യ മുന്നോട്ടുവച്ച ആവശ്യങ്ങളോട്‌ അനുകൂല സമീപനം കൈക്കൊള്ളണം. മൂന്നാം ഘട്ട സമാധാന ചര്‍ച്ചയില്‍ “സൃഷ്‌ടിപരമായ സമീപനം” സ്വീകരിക്കുന്നതാണ്‌ ഉചിതമെന്നു യുക്രൈനെബോധ്യപ്പെടുത്തണമെന്നും എര്‍ദോഗനോടു പുടിന്‍ ആവശ്യപ്പെട്ടു.
അടിയന്തരമായി വെടിനിര്‍ത്തലിനു തയാറാകണമെന്നായിരുന്നു പുടിനോട്‌ എര്‍ദോഗന്റെ അഭ്യര്‍ഥന. ഇത്‌ മേഖലയിലെ മനുഷ്യത്വപരമായ ആശങ്കകള്‍ക്ക്‌ അല്‍പമെങ്കിലും ആശ്വാസം പകരും. ഒപ്പം രാഷ്‌ട്രീയമായ പ്രശ്‌നപരിഹാരത്തിനു വഴിതുറക്കുകയും ചെയ്യും. സമാധാനക്കരാറില്‍ ഒപ്പുവച്ച്‌ മനുഷ്യത്വ ഇടനാഴി ഉടന്‍ തുറക്കണം. സമാധാനത്തിലേക്കുള്ള പാത തുറക്കാന്‍ യോജിച്ചു നീങ്ങാമെന്നും എര്‍ദോഗന്‍ പറഞ്ഞു. സമാധാനമാര്‍ഗത്തിലൂടെ യുക്രൈന്‍ പ്രശ്‌നത്തിനു പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ക്ക്‌ സാധ്യമായതെല്ലാം തുര്‍ക്കിയുടെ ഭാഗത്തുനിന്നുണ്ടാകും. യുക്രൈന്‍ പ്രസിഡന്റുമായി നിരന്തരം ബന്ധപ്പെടുന്നണ്ടെന്നും എര്‍ദോഗന്‍ കൂട്ടിച്ചേര്‍ത്തു.
ലോകരാജ്യങ്ങള്‍ റഷ്യക്കെതിരായ ഉപരോധം കടുപ്പിക്കുന്നതു യുദ്ധപ്രഖ്യാപനത്തിനു തുല്യമാണെന്നു പുടിന്‍ മുന്നറിയിപ്പു നല്‍കി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു എര്‍ദോഗനുമായുള്ള ഫോണ്‍സംഭാഷണം. യുക്രൈന്‍ സൈനികദൗത്യം ആസൂത്രണം ചെയ്‌തതുപോലെ തന്നെയാണു മുന്നോട്ടുപോകുന്നത്‌. കീവുമായുള്ള പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ ആവുന്നതു ശ്രമിച്ചു. വഴികളടഞ്ഞതോടെയാണു സേനാദൗത്യത്തിലേക്കു നീങ്ങിയത്‌. ബുദ്ധിമുട്ടേറിയതായിരുന്നു അത്തരമൊരു തീരുമാനം- പുടിന്‍ പറഞ്ഞു.
യുക്രൈന്റെ രാഷ്‌ട്രപദവിക്കു ഭീഷണി ഉയരുന്നുണ്ടെങ്കില്‍ അതിന്‌ ഉത്തരവാദികള്‍ ഇപ്പോഴത്തെ ഭരണനേതൃത്വം മാത്രമാണെന്നു പുടിന്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ ചെയ്‌തികളുടെ അനന്തരഫലമെന്താകുമെന്ന്‌ യുക്രൈന്‍ നേതൃത്വം മനസിലാക്കണം. ഇതു തുടരാനാണ്‌ തീരുമാനമെങ്കില്‍ യുക്രൈന്റെ രാഷ്‌ട്രപദവിതന്നെ ഭാവിയില്‍ ചോദ്യചിഹ്നമായേക്കാം. അത്തരമൊരു സാഹചര്യത്തിനു യുക്രൈന്‍ ഭരണകൂടമാകും ഉത്തരവാദികള്‍- പുടിന്‍ വ്യക്‌തമാക്കി.

Leave a Reply