പുതുപ്പരിയാരം ഇരട്ടക്കൊല; അമ്മയുടെ ദേഹത്ത് 33 വെട്ടുകൾ, അച്ഛന്റെ ദേഹത്ത് 26 എണ്ണം; ജീവന് വേണ്ടി പിടഞ്ഞപ്പോൾ മുറിവുകളിലും വായിലും കീടനാശിനി ഒഴിച്ചു; മൃതദേഹത്തിന് അടുത്തിരുന്ന് ആപ്പിൾ കഴിച്ചുവെന്നും മകന്റെ വെളിപ്പെടുത്തൽ

0

പാലക്കാട് : പാലക്കാട് പുതുപ്പരിയാരത്ത് നടന്നത് അരുംകൊലയെന്ന് പോലീസ് റിപ്പോർട്ട്. കൊല നടന്ന ദിവസം രാവിലെ അമ്മ വെള്ളം ചോദിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്ന് പ്രതിയായ സനൽ വെളിപ്പെടുത്തി. പുതുപ്പരിയാരം ഓട്ടൂർകാട് പ്രതീക്ഷാ നഗറിൽ റിട്ട. ആർഎംഎസ് ജീവനക്കാരൻ ചന്ദ്രൻ ( 68), ഭാര്യ ദൈവാന ദേവി ( ദേവി-54) എന്നിവരെ കഴിഞ്ഞ ദിവസം രാവിലെയാണ് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയായ ഇവരുടെ മകൻ സനലിനെ പോലീസ് പിടികൂടിയിരുന്നു. തുടർന്ന് സനൽ കുറ്റം സമ്മതിക്കുകയും ചെയ്തു.

അമ്മ ദേവി വെള്ളം ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിന് പിന്നാലെ സനൽ അടുക്കളയിൽ നിന്ന് അരിവാളും കൊടുവാളും കൊണ്ടുവന്ന് അമ്മയെ വെട്ടിവീഴ്‌ത്തുകയായിരുന്നു. കൈകളിലും കഴുത്തിലും തലയിലും കവിളിലും ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു. ദേവിയുടെ ശരീരത്തിൽ 33 വെട്ടുകൾ എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

നടുവിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ നിലവിളിച്ചതിനെ തുടർന്ന് ചന്ദ്രനെയും വെട്ടി. ചന്ദ്രന്റെ ശരീരത്തിൽ 26 വെട്ടേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇരുവരും മരണവേദനയിൽ പിടയുമ്പോൾ ഇയാൾ മുറിവുകളിലും വായിലും കീടനാശിനി ഒഴിച്ചുകൊടുത്തു.

കൊലയ്‌ക്ക് ശേഷം രക്തം കഴുകിക്കളഞ്ഞത് അച്ഛൻ കിടന്ന മുറിയിൽ നിന്നാണെന്ന് പ്രതി പറഞ്ഞു. ഇതിന് ശേഷം അമ്മയുടെ മൃതദേഹത്തിനടുത്തിരുന്ന് ആപ്പിൾ കഴിച്ചുവെന്നും പ്രതി മൊഴി നൽകി. ചോദ്യം ചെയ്യലിൽ ഒരു കുറ്റബോധമില്ലാതെയാണ് ഇയാൾ പ്രതികരിച്ചത് എന്ന് പോലീസ് പറയുന്നു. സംഭവത്തിന് ശേഷം ബംഗളൂരുവിൽ ഒളിവിൽ പോയ പ്രതിയെ തന്ത്രപരമായാണ് നാട്ടിൽ എത്തിച്ചത്. ഓട്ടോറിക്ഷയിൽ എത്തിയ ഇയാളെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Leave a Reply