ജനപ്രതിനിധികളും മത നേതാക്കളും ഉള്‍പ്പെടെയുള്ള 424 പ്രമുഖരുടെ സുരക്ഷ പിന്‍വലിച്ച് പഞ്ചാബ് പൊലീസ്

0

ചണ്ഡീഗഢ്: ജനപ്രതിനിധികളും മത നേതാക്കളും ഉള്‍പ്പെടെയുള്ള 424 പ്രമുഖരുടെ സുരക്ഷ പിന്‍വലിച്ച് പഞ്ചാബ് പൊലീസ്. ‘അടിയന്തര ക്രമസമാധാന ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് താല്‍ക്കാലിക അടിസ്ഥാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയാണ്’ എന്ന് സുരക്ഷാ ചുമതലയുള്ള എഡിജിപി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

സിഖ് മത കേന്ദ്രമായ തക്ത്തുകളുടെ മേധാവിമാരും ദേരകളുടെ തലവന്‍മാരും പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷ പിന്‍വലിച്ചവരുടെ കൂട്ടത്തിലുണ്ട്. ഭതിണ്ഡയിലെ ദാംദമ സാഹിയ് തക്ത്തിന്റെ മേധാവിയായ ജിയാനി ഹര്‍പ്രീത് സിങും ആനന്ത്പുരിലെ കേസ്ഘര്‍ സാഹിബ് തക്ത്തിന്റെ മേധാവിയായ ജിയാനി രഘുബിര്‍ സിങ്ങും സുരക്ഷ സൗകര്യങ്ങള്‍ നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. 

മുന്‍ മന്ത്രി തിക്ഷണ്‍ സൂദ്, മുന്‍ നിയമസഭ സ്പീക്കര്‍ റാണാ കെ പി സിങ്, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ അജൈബ് സിങ് ഭട്ടി, അകാലിദളിന്റെ എംഎല്‍എ ഗണേവ് കൗര്‍ മജിതിയ, കോണ്‍ഗ്രസ് എംഎല്‍എ പര്‍ഗത് സിങ്,എഎപി എംഎല്‍എ മദന്‍ ലാല്‍ ബഗ്ഗ എന്നിവരുടെ സുരക്ഷയും പിന്‍വലിച്ചിട്ടുണ്ട്. 

ഏഴ് കോണ്‍ഗ്രസ് മുന്‍ എംഎല്‍എമാരുടെയും ബിജെപിയുടെ ഒരു മുന്‍ എംഎല്‍എ, എസ്എഡിയുടെ മൂന്ന് മുന്‍ എംഎല്‍എമാരുടെയും രണ്ട് എഎപി മുന്‍ എംഎല്‍എമാരുടെയും സുരക്ഷ പിന്‍വലിച്ചു. എഡിജിപി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെയും മുന്‍ പൊലീസ് മേധാവിമാരുടെയും സുരക്ഷയും പിന്‍വലിച്ചു.

നേരത്തെ, എഎപി സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ സംസ്ഥാനത്തെ പ്രമുഖ നേതാക്കളുടെ സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ആണ് പുതിയ നടപടി. 

LEAVE A REPLY

Please enter your comment!
Please enter your name here