Tuesday, October 26, 2021

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മലര്‍ത്തിയടിച്ച്‌ പഞ്ചാബ്‌ കിങ്‌സ്

Must Read

ദുബായ്‌: ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മലര്‍ത്തിയടിച്ച്‌ പഞ്ചാബ്‌ കിങ്‌സ്. ഇന്നലെ നടന്ന ഐ.പി.എല്‍. ട്വന്റി20 ക്രിക്കറ്റില്‍ പഞ്ചാബ്‌ കിങ്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറ്‌ വിക്കറ്റിനാണു തോല്‍പ്പിച്ചത്‌.
നായകനും ഓപ്പണറുമായ ലോകേഷ്‌ രാഹുലിന്റെ വെടിക്കെട്ട്‌ ബാറ്റിങ്‌ പ്രകടനമാണു ടീമിനു പ്ലേ ഓഫ്‌ സാധ്യത നിലനിര്‍ത്തിയ ജയം സമ്മാനിച്ചത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ചെന്നൈ സൂപ്പര്‍ കിങ്‌സ് ആറിന്‌ 134 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത പഞ്ചാബ്‌ കളി തീരാന്‍ 42 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.
42 പന്തുകളില്‍ എട്ട്‌ കൂറ്റന്‍ സിക്‌സറുകളും ഏഴ്‌ ഫോറുമടക്കം 98 റണ്ണെടുത്ത ലോകേഷ്‌ രാഹുല്‍ പുറത്താകാതെനിന്നു. മൊയ്‌സസ്‌ ഹെന്റിക്വസാണു (മൂന്ന്‌ പന്തില്‍ മൂന്ന്‌) നായകന്റെ കൂടെയുണ്ടായിരുന്നത്‌. ഒരു ഭാഗത്ത്‌ രാഹുല്‍ അടിച്ചു തകര്‍ത്തപ്പോള്‍ മറ്റ്‌ പഞ്ചാബ്‌ ബാറ്റ്‌സ്മാന്‍മാര്‍ കാഴ്‌ചക്കാരായി. ജയത്തോടെ പോയിന്റ്‌ പട്ടികയില്‍ അഞ്ചാം സ്‌ഥാനത്തെത്താന്‍ പഞ്ചാബിനായി.
മുംബൈ ഇന്ത്യന്‍സും ഹൈദരാബാദും തമ്മിലും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മില്‍ ഇന്നു നടക്കുന്ന മത്സരങ്ങളോടെ പ്ലേ ഓഫ്‌ പട്ടിക തെളിയും. ഇന്നലെ ഓപ്പണര്‍ മായങ്ക്‌ അഗര്‍വാളിനെയും (12 പന്തില്‍ 12) സര്‍ഫ്രാസ്‌ ഖാനെയും (0) ശാര്‍ദൂല്‍ ഠാക്കൂര്‍ ഒരേ ഓവറില്‍ പുറത്താക്കി പഞ്ചാബിനെ സമ്മര്‍ദത്തിലാക്കി. രാഹുല്‍ വെടിക്കെട്ട്‌ തുടരുന്നതിനിടെ ഷാരൂഖ്‌ ഖാനും (10 പന്തില്‍ എട്ട്‌) എയ്‌ദീന്‍ മര്‍ക്രാമും (എട്ട്‌ പന്തില്‍ 13) പുറത്തായി. 25 പന്തില്‍ മൂന്ന്‌ സിക്‌സറുകളുടെ അകമ്പടിയോടെ 50 കടന്ന രാഹുല്‍ വിടാന്‍ ഭാവമില്ലാതിയിരുന്നു. ജയിച്ചെന്നു തോന്നിപ്പിച്ച ഘട്ടത്തില്‍ മത്സരം കൈവിടുന്ന പതിവ്‌ നിര്‍ണായക മത്സരത്തില്‍ പഞ്ചാബ്‌ തുടര്‍ന്നില്ല. പത്താം ഓവറില്‍ പഞ്ചാബ്‌ സ്‌കോര്‍ 100 കടന്നു. ടോസ്‌ നേടിയ പഞ്ചാബ്‌ ചെന്നൈയെ ബാറ്റിങിനു വിട്ടു. പഞ്ചാബ്‌ കിങ്‌സിനായി ഏറ്റവും കൂടുതല്‍ റണ്‍ നേടുന്ന താരമെന്ന റെക്കോഡും രാഹുല്‍ കുറിച്ചു. ഷോണ്‍ മാര്‍ഷിനെയാണു പഞ്ചാബ്‌ കിങ്‌സ് മറികടന്നത്‌. ഷോണ്‍ മാര്‍ഷിന്റെ 2477 റണ്ണായിരുന്നു ഇതുവരെയുള്ള പഞ്ചാബിനായുള്ള ഏറ്റവും കൂടുതല്‍ റണ്‍. രാഹുലിന്റെ നേട്ടം 2513 റണ്ണായി. ഡേവിഡ്‌ മില്ലര്‍ (1850), ക്രിസ്‌ ഗെയ്‌ല്‍ (1339), മായങ്ക്‌ അഗര്‍വാള്‍ (1305) എന്നിവരാണു പഞ്ചാബിന്റെ മുന്‍നിര റണ്‍ വേട്ടക്കാര്‍. ഓപ്പണര്‍ ഫാഫ്‌ ഡു പ്ലെസിസിന്റെ പ്രകടനമാണു (55 പന്തില്‍ രണ്ട്‌ സിക്‌സറും എട്ട്‌ ഫോറുമടക്കം 76) സൂപ്പര്‍ കിങ്‌സിനെ 100 കടത്തിയത്‌. സഹ ഓപ്പണര്‍ ഋതുരാജ്‌ ഗെയ്‌ക്വാദ്‌ (12), മൊയീന്‍ അലി (0), റോബിന്‍ ഉത്തപ്പ (രണ്ട്‌), അമ്പാട്ടി റായിഡു (നാല്‌) എന്നിവര്‍ രണ്ടക്കം കടന്നില്ല. നായകന്‍ എം.എസ്‌. ധോണിയെ (15 പന്തില്‍ 12) രവി ബിഷ്‌ണോയി തകര്‍പ്പന്‍ ഗൂഗ്‌ളിയിലൂടെ പുറത്താക്കി. പവര്‍പ്ലേയ്‌ക്കുള്ളില്‍ ഋതുരാജിനെയും മോയിന്‍ അലിയെയും നഷ്‌ടമായ ചെന്നൈ 42/4 എന്ന നിലയിലേക്കും വീണു. അര്‍ഷ്‌ദീപ്‌ സിങ്ങും ക്രിസ്‌ ജോര്‍ദാനും രണ്ട്‌ വിക്കറ്റ്‌ വീതം നേടിയാണ്‌ ചെന്നൈയെ തകര്‍ത്തത്‌. ഡു പ്ലെസിസ്‌ പൊരുതിയെങ്കിലും ധോണിയുടെ വിക്കറ്റെടുത്ത്‌ രവി ബിഷ്‌ണോയി കൂറ്റന്‍ സ്‌കോറിനുള്ള സാധ്യതകള്‍ ഇല്ലാതാക്കി. രവീന്ദ്ര ജഡേജയെ (17 പന്തില്‍ 15) കൂട്ടുപിടിച്ച്‌ ഫാഫ്‌ ചെന്നൈയുടെ സ്‌കോര്‍ നൂറ്‌ കടത്തി. ചെന്നൈയ്‌ക്കു വേണ്ടി ശാര്‍ദൂല്‍ ഠാക്കൂര്‍ മൂന്ന്‌ വിക്കറ്റെടുത്തു.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News