ഡാനിഷ് സിദ്ദിഖി ഉൾപ്പെടെ നാല് ഇന്ത്യക്കാർക്ക് പുലിറ്റ്‌സർ പുരസ്കാരം

0

ന്യൂയോർക്ക്: മാധ്യമപ്രവർത്തകർക്കുള്ള ഏറ്റവും വലിയ അം​ഗീകാരമായ പുലിറ്റ്‌സർ പുരസ്കാരം ഇന്ത്യക്കാരായ നാല് ഫോട്ടോഗ്രാഫർമാർക്ക്. ഡാനിഷ് സിദ്ദിഖി, സന്ന ഇർഷാദ് മാറ്റു, അദ്‌നാൻ അബിദി, അമിത് ദവെ എന്നിവർക്കാണ് ഫീച്ചർ ഫോട്ടോഗ്രാഫി വിഭാഗത്തിൽ പുരസ്കാരം. താലിബാൻ ക്രൂരമായി കൊലപ്പെടുത്തിയ ഫോട്ടോഗ്രാഫറാണ് ഡാനിഷ് സിദ്ദിഖി. രണ്ടാം തവണയാണ് സിദ്ദിഖി പുലിറ്റ്‌സർ പുരസ്കാരത്തിന് അർഹനാകുന്നത്.

ഇന്ത്യയിലെ കോവിഡ് ദുരിതത്തിന്റെ നേർക്കാഴ്ച പകർത്തിയ ഫോട്ടോഗ്രാഫറാണ് ഡാനിഷ് സിദ്ദിഖി. ഇതിനാണ് ഇത്തവണത്തെ പുലിസ്റ്റർ പുരസ്കാരവും. റോഹിംഗ്യൻ അഭയാർത്ഥികളുടെ ദുരിതം ക്യാമറയിലാക്കിയ ഡാനിഷിന് 2018ൽ പുലിസ്റ്റർ പുരസ്കാരത്തിന് അർഹരായിരുന്നു.

റോയിട്ടേഴ്‌സിനുവേണ്ടി കാണ്ഡഹാറിൽ അഫ്ഗാൻ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് കൊല്ലപ്പെടുന്നത്. യുക്രൈനിൽ ധൈര്യത്തോടെയും പ്രതിബദ്ധതയോടെയും യുദ്ധം റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകർക്ക് പ്രത്യേക പരാമർശമുണ്ട്. ഡാനിഷ്‌ സിദ്ദിഖിക്കും അഡ്‌നാൻ അബിദിക്കും 2018-ലും പുരസ്കാരം ലഭിച്ചിരുന്നു.

റോയിട്ടേഴ്‌സിന്റെ ഫോട്ടോഗ്രാഫർ എന്ന നിലയിൽ ഡാനിഷിന്റെ വളർച്ച അതിവേഗത്തിലായിരുന്നു. 2016-ലെ മൊസുൾ യുദ്ധം, 2015 ഏപ്രിൽ മാസത്തിലെ നേപ്പാൾ ഭൂകമ്പം തുടങ്ങിയ സംഭവങ്ങളുടെ ഫോട്ടോ ഇമേജുകൾ മികവോടെയാണ് ഡാനിഷ് പകർത്തിയത്. 2019-2020-ലെ റോഹിംഗ്യൻ വംശഹത്യയിൽനിന്നുണ്ടായ അഭയാർഥി പ്രവാഹത്തെക്കുറിച്ചുള്ള ഡാനിഷിന്റെ ഫോട്ടോകൾ ലോകമെങ്ങും ചർച്ച ചെയ്യപ്പെട്ടു. സ്വന്തം ജന്മനാട്ടിൽനിന്ന് അപകടകരമായ തോണിയാത്രയിലൂടെ ബംഗാൾ ഉൾക്കടൽ കടന്ന് ബംഗ്ലാദേശ് അതിർത്തിയിലുള്ള ഷാ പൊറിഡ് ദ്വീപിലെത്തിയ അവശരായ അഭയാർഥികളുടെ ചിത്രങ്ങൾ ആരുടെയും മനസ്സലിയിക്കുന്നതായിരുന്നു. അന്ന് തന്റെ സഹപ്രവർത്തകനായ അദ്‌നാൻ അബീദിയോടൊപ്പം അവാർഡ് പങ്കിട്ടപ്പോൾ ഡാനിഷ് പുലിറ്റ്‌സർ പുരസ്‌കാരം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനായി.

2020-ലെ ഡൽഹി കലാപത്തിൽ അദ്ദേഹം ക്ലിക്കുചെയ്ത ഒരു ഫോട്ടോ റോയിട്ടേഴ്‌സ് ‘ആ വർഷത്തെ നിർവചിക്കുന്ന’ ഫോട്ടോഗ്രാഫുകളിലൊന്നായി അവതരിപ്പിച്ചു. സിദ്ദിഖി പകർത്തിയ ഇന്ത്യയിലെ കോവിഡ് മരണങ്ങളും ദുരിതങ്ങളും രാജ്യത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here