Tuesday, June 15, 2021

പി.ടി; നിലപാടുകളുടെ കാര്‍ക്കശ്യം

Must Read

കൊച്ചി: വാഗ്മിയും മികവുറ്റ പാര്‍ലമെന്റേറിയനും കരുത്തുറ്റ സംഘാടകനും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ പി. ടി തോമസ് കെപിസിസി വര്‍ക്കിങ് പ്രസിഡന്റാകുമ്പോള്‍ സംശുദ്ധ രാഷ്ട്രീയത്തിന്റെ പുത്തനേട് കുറിക്കപ്പെടുകയാണ്. ജനങ്ങളെ സ്‌നേഹിച്ച്, നാടിനെ സേവിച്ച്, പ്രകൃതിയെ സംരക്ഷിച്ച് പൊതുപ്രവര്‍ത്തനമെന്ന ശൈലിക്ക് ലഭിക്കുന്ന അംഗീകാരം കൂടിയാണ് പി. ടിയുടെ സ്ഥാനലബ്ധി. ആള്‍ക്കൂട്ടത്തിനിടെയിലെ വേറിട്ട വ്യക്തിത്വമാണ് എക്കാലത്തും പി.ടി എന്ന രണ്ടക്ഷരത്തിലെ പി. ടി തോമസ്. ശൂന്യതയില്‍നിന്നും ആള്‍ക്കൂട്ടത്തെയും ആള്‍ക്കൂട്ടത്തില്‍നിന്നു നേതൃത്വത്തെയും രൂപപ്പെടുത്തുന്ന അനിതര സാധാരണമായ സംഘാടക മികവാണ് പി. ടിയുടെ ശക്തി. സ്ഥാനമാനങ്ങളുടെ നഷ്ടത്തെക്കുറിച്ചോര്‍ത്തു വിലപിക്കാന്‍ സമയം കളയാതെ നിലപാടുകളിലെ നിശ്ചയദാര്‍ഢ്യം കൊണ്ട് മലയാളികളുടെ മനസില്‍ സ്ഥാനം നേടിയ അദ്ദേഹത്തിന് ഇപ്പോഴത്തെ നേതൃപദം ഏറെ വൈകിയെത്തിയ അംഗീകാരമാണ്. ഇന്ന് കിട്ടേണ്ടത് നാളെയും കിട്ടാതിരുന്നേക്കാമെങ്കിലും ചുവടുറപ്പിച്ച് മുന്നേറണമെന്ന് പി. ടിയുടെ വാക്കുകള്‍ കേരളത്തിലെ പൊതുപ്രവര്‍ത്തകര്‍ക്ക് എന്നും ദിശാബോധം നല്‍കുന്നതാണ്.
1989 ല്‍ പ്രഥമ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഇടുക്കി വാത്തിക്കുടി ഡിവിഷനില്‍നിന്ന് ഉജ്വല വിജയം നേടിയാണ് പി. ടി തോമസ് രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ വക്താവായത്. 1991-96, 2001-06 കാലയളവില്‍ തൊടുപുഴയില്‍നിന്നും 2016-21, 2021 വര്‍ഷങ്ങളില്‍ തൃക്കാക്കരയില്‍നിന്നും നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ നിയമസഭയില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായിരുന്നു. 2009-2014 കാലഘട്ടത്തില്‍ പാര്‍ലമെന്റില്‍ ഇടുക്കിയെ പ്രതിനിധീകരിച്ചു. മികച്ച നിയമസഭാ സാമാജികനും രാജ്യത്തെ മികച്ച പാര്‍ലന്റേറിയനുമുള്ള നിരവധി പുരസ്‌കാരങ്ങള്‍ പി.ടിയെ തേടിയെത്തി. നിയമബിരുദധാരിയായ പി. ടി തോമസ് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
കെ. എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, എന്‍ എസ് യു ദേശീയ നിര്‍വാഹക സമിതിയംഗം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ഇടുക്കി ഡിസിസി പ്രസിഡന്റ്, കെപിസിസി നിര്‍വാഹക സമിതി അംഗം, എഐസിസി അംഗം, വീക്ഷണം ദിനപത്രം മാനേജിങ് ഡയറക്ടര്‍, ചീഫ് എഡിറ്റര്‍ എന്നീ പദവികള്‍ വഹിച്ചു.
എഡിബിയും പ്രത്യയശാസ്ത്ര ശാഠ്യങ്ങളും, വലിച്ചെറിയാത്ത വാക്കുകള്‍ എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ ഒട്ടനവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളും ജീവചരിത്രവും കേന്ദ്ര സാഹിത്യ അക്കാദമിയെക്കൊണ്ട് വിവിധ ഭാഷകളിലേയ്ക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതിന് മുന്‍കൈയെടുത്തത് പി.ടിയായിരുന്നു.
പാറത്തോട് സ്‌കൂള്‍ ചെയര്‍മാനായി ആരംഭിച്ച പൊതുപ്രവര്‍ത്തനത്തിനിടെ മാര്‍ ഇവാനിയോസ് കോളജ് ജനറല്‍ സെക്രട്ടറി, ന്യൂമാന്‍ കോളജ് കൗണ്‍സിലര്‍, കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെംബര്‍, മഹാരാജാസ് കോളജ് യൂണിയന്‍ കൗണ്‍സിലര്‍ തുടങ്ങിയ നിരവധി സ്ഥാനങ്ങളും വഹിച്ചു.

ഇടുക്കി ഉപ്പുതോട് പുതിയാപറമ്പില്‍ പരേതരായ തോമസ്-അന്നമ്മ ദമ്പതികളുടെ മകനാണ് പി. ടി തോമസ്. ഉമയാണ് ഭാര്യ. ഡോ. വിഷ്ണു തോമസ്, നിയമ വിദ്യാര്‍ഥി വിവേക് എന്നിവര്‍ മക്കളാണ്. മരുമകള്‍: ഡോ. ബിന്ദു.

ഇടുക്കി ജില്ലയിലെ ഉപ്പുതോട് സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം മാര്‍ ഇവാനിയോസ്, തൊടുപുഴ ന്യൂമാന്‍, എറണാകുളം മഹാരാജാസ്, തിരുവനന്തപുരം-കോഴിക്കോട് ലോ കോളജുകള്‍ എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തീകരിച്ചു.
കേരള മാനവ സംസ്‌കൃതിസ്ഥാപക ചെയര്‍മാന്‍, സി. പി ശ്രീധരന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍, ഇടുക്കി ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം, കേരള ലൈബ്രറി കൗണ്‍സില്‍ നിര്‍വാഹക സമിതി അംഗം, കേന്ദ്ര സര്‍ക്കാരിന്റെ കീഴിലെ നാഷണല്‍ യൂത്ത് അഡൈ്വസറി ബോര്‍ഡ് അംഗം, 1989ല്‍ വെനീസില്‍ നടന്ന രാജ്യാന്തര യുജനോത്സവത്തിലെ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ തുടങ്ങിയ പദവികളും വഹിച്ചു.
മലയാള മനോരമ ബാലജനസംഖ്യം സംഘടിപ്പിച്ച അഖില കേരള പ്രസംഗമത്സരത്തില്‍ ഒന്നാമനായി വിജയിച്ചു. കെ എസ് യുവിന്റെ കലാശാല, ചെപ്പ് എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. എഐസിസി പ്രസിദ്ധീകരണമായ വര്‍ണികയുടെ കേരള പ്രദേശ് ഓര്‍ഗനൈസറായും മാനവ സംസ്‌കൃതിയുടെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave a Reply

Latest News

ഒറ്റ ‍ഡോസിന് 16–18 കോടി രൂപയാണു വേണ്ടത്; ഈ മരുന്ന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനും ആവശ്യമായ ചികിത്സ നൽകാനും സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: ഒറ്റ ‍ഡോസിന് 16–18 കോടി രൂപയാണു വേണ്ടത്. ഈ മരുന്ന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനും ആവശ്യമായ ചികിത്സ നൽകാനും സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട്...

More News