എസ്‌റ്റേറ്റ്‌ ലയത്തിലെ ആറ്‌ വയസുകാരിയുടെ മരണം , പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമം ചുമത്താത്തതില്‍ പ്രതിഷേധം കനത്തു

0

കട്ടപ്പന: എസ്‌റ്റേറ്റ്‌ ലയത്തില്‍ പീഡനത്തിനിടെ ആറ്‌ വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പട്ടികജാതി- വര്‍ഗ പീഡന നിരോധന നിയമം സംബന്ധിച്ച വകുപ്പു ചുമത്താത്തതിനെതിരേ പ്രതിഷേധം വ്യാപകം. വണ്ടിപ്പെരിയാറ്റിലാണ്‌ കഴിഞ്ഞ ജൂണ്‍ 30ന്‌ ആറ്‌ വയസുകാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസ്‌ അയല്‍വാസിയും ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനുമായ അര്‍ജുന്‍ (22) അറസ്‌റ്റിലായിരുന്നു. പീഡനത്തിനിടെ ഇയാള്‍ കുട്ടിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്‌ കണ്ടെത്തല്‍.
അതേസമയം കേസില്‍ പട്ടികജാതി- വര്‍ഗ പീഡന നിരോധന നിയമം ചുമത്താത്തതിനാല്‍ കേസ്‌ ദുര്‍ബലപ്പെടുമെന്ന ആശങ്കയാണ്‌ നിലനില്‍ക്കുന്നത്‌. നിലവില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ്‌ ഈ ആവശ്യം ഉന്നയിച്ച്‌ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്‌. ആറ്‌ വയസുകാരിയുടെ മരണത്തിനു ശേഷം സാമ്പത്തികമായും മാനസികമായും തകര്‍ന്ന കുടുംബം നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ ജില്ലാ കലക്‌ടറെ സമീപിച്ചതോടെയാണ്‌ കേസില്‍ ഈ വകുപ്പ്‌ ചുമത്തിയിട്ടില്ലെന്ന്‌ മനസിലാക്കുന്നത്‌. നഷ്‌ട പരിഹാരവുമായി ബന്ധപ്പെട്ട പരാതി കലക്‌ടര്‍ ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ക്ക്‌ കൈമാറിയിരുന്നു. എന്നാല്‍ ഇതര മതസ്‌ഥനാല്‍ പട്ടികജാതി പെണ്‍കുട്ടി കൊല്ലപ്പെട്ടാല്‍ ചുമത്തേണ്ടിയിരുന്ന നിയമം ഒഴിവാക്കി പോലീസ്‌ കേസെടുത്തതിനാല്‍ ധനസഹായം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി.തുടര്‍ന്ന്‌ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പീരുമേട്‌ ഡിവൈ.എസ്‌.പിയെ കണ്ട്‌ ഇക്കാര്യം ഉന്നയിച്ചു. പരാതി വണ്ടിപ്പെരിയാര്‍ എസ്‌.എച്ച്‌.ഒയ്‌ക്ക്‌ കൈമാറുകയും വില്ലേജ്‌ ഓഫീസര്‍ ഇക്കാര്യത്തില്‍ സാക്ഷ്യപത്രം നല്‍കുകയും ചെയ്‌തെങ്കിലും തെറ്റു തിരുത്താന്‍ ഇതുവരെ പോലീസ്‌ തയാറായിട്ടില്ല. സംഭവത്തില്‍ പോലീസിന്റെ അനാസ്‌ഥയ്‌ക്കെതിരെ കോണ്‍ഗ്രസ്‌ അടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികളും സംഘടനകളും സമരവുമായി രംഗത്തെത്തിയിരിക്കുകയാണ്‌.
അതേസമയം കേസിലെ പ്രതിയുടെ കുടുംബവും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബവും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടതായതിനാല്‍ ഈ വകുപ്പ്‌ ചുമത്തിയാലും കേസ്‌ നിലനില്‍ക്കില്ലെന്നാണ്‌ വണ്ടിപ്പെരിയാര്‍ പോലീസ്‌ വ്യക്‌തമാക്കുന്നത്‌. അധികമാരും ശ്രദ്ധിക്കാതെ അവസാനിക്കുമായിരുന്ന കേസില്‍ പ്രതിയെ കണ്ടെത്തുകയും വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും കൃത്യമായ തെളിവുകളോടെ കേസ്‌ കോടതിയിലെത്തിക്കുകയും ചെയ്‌തിട്ടുണ്ടെന്നും വണ്ടിപ്പെരിയാര്‍ പോലീസ്‌ പറഞ്ഞു.

Leave a Reply