നടിയെ ആക്രമിച്ച കേസില്‍ ദിലീപ് തെളിവുകള്‍ നശിപ്പിച്ചതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍

0

 
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് തെളിവുകള്‍ നശിപ്പിച്ചതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍. ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിചാരണക്കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. 

തെളിവുകള്‍ നശിപ്പിച്ച ശേഷമാണ് ദിലീപ് മൊബൈല്‍ ഫോണുകള്‍ കോടതിയില്‍ ഹാജരാക്കിയത്. ഇതിനായി ദിലീപിന്റെ അഭിഭാഷകര്‍ മുംബൈയിലേക്ക് പോയി. ഇതിന് തെളിവുണ്ട്. ഫോണ്‍ ഹാജരാക്കുന്നതിന് മുമ്പ് ചാറ്റുകള്‍ നശിപ്പിച്ചുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 

തെളിവ് നശിപ്പിച്ച ജനുവരി 29, 30 തീയതികള്‍ സുപ്രധാനമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇത് എങ്ങനെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്തുമെന്ന് വിചാരണ കോടതി ചോദിച്ചു. ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ മാത്രമേ തെളിവ് നശിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കൂ. കേസുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിച്ചാലേ ജാമ്യം റദ്ദാക്കാനാവൂ എന്നും ജഡ്ജി അഭിപ്രായപ്പെട്ടു. 
ദിലീപിനെതിരെ വധഗൂഢാലോചനക്കേസില്‍ ഉള്ളത് കേവലം എഫ്‌ഐആര്‍ മാത്രമാണെന്ന് കോടതി പറഞ്ഞു. അഭിഭാഷകരുടെ വോയ്‌സ് ക്ലിപ്പ് അല്ലാതെ തെളിവുണ്ടോ?. ഏത് ഫോണില്‍ നിന്ന് ഏത് ക്ലിപ്പ് നശിപ്പിച്ചു എന്ന് പറയാന്‍ സാധിക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. അക്കാര്യം ഫോറന്‍സിക് റിപ്പോര്‍ട്ടിലില്ലെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കൃത്യമായ കാര്യങ്ങളാണ് കോടതിയില്‍ പറയുന്നത്. കോടതി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അഭിപ്രായപ്പെട്ടു. 

LEAVE A REPLY

Please enter your comment!
Please enter your name here