Sunday, January 23, 2022

ബസിൽ കുഴഞ്ഞുവീണ വയോധികന്റെ ജീവൻ രക്ഷിക്കാൻ സ്വകാര്യ ബസ് ഡ്രൈവറുടെയും ജീവനക്കാരുടെയും എൻഎസ്എസ് വൊളന്റിയർമാരുടെയും കഠിന പരിശ്രമം

Must Read

കോഴിക്കോട് ∙ ബസിൽ കുഴഞ്ഞുവീണ വയോധികന്റെ ജീവൻ രക്ഷിക്കാൻ സ്വകാര്യ ബസ് ഡ്രൈവറുടെയും ജീവനക്കാരുടെയും എൻഎസ്എസ് വൊളന്റിയർമാരുടെയും കഠിന പരിശ്രമം. കുഴഞ്ഞു വീണ യാത്രക്കാരനെ സമയം ഒട്ടുംപാഴാക്കാതെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാവിലെ എട്ടേകാലോടെയാണ് സംഭവം.

മലാപ്പറമ്പ് വഴി മെഡിക്കൽ കോളജിലേക്കു പോകുകയായിരുന്ന സൂപ്പർഷൈൻ ബസ്സിലെ യാത്രക്കാരനാണ് പാച്ചാക്കിലിനു സമീപം കുഴഞ്ഞുവീണത്. ബസിലെ യാത്രക്കാരനായ അതിഥിത്തൊഴിലാളി വയോധികനെ താങ്ങിനിർത്തി. സീറ്റിൽ ഇരുത്താൻ നോക്കിയെങ്കിലും കുഴഞ്ഞു പോയതിനാൽ അതിനു സാധിക്കാതെ വന്നു. ബസ്സിൽ കിടത്താൻ നോക്കിയപ്പോൾ തലയിണയില്ലെന്നായി. ഈ സമയം ബസിലുണ്ടായിരുന്ന റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വൊളന്റിയർമാരായ എം.ഒ.നജാനസ്രിൻ, എടക്കാട്ട്താഴം മഞ്ചിമ പ്രമോദ് എന്നിവർ അവരുടെ ബാഗ് തലയിണയാക്കി വച്ചു.

എല്ലാവരും ചേർന്ന് വയോധികനെ ബസ്സിൽ കിടത്തി. ഈ സമയം ബസ് മറ്റു സ്റ്റോപ്പുകളിലൊന്നും നിർത്താതെ ഡ്രൈവർ പറമ്പിൽ ബസാർ സ്വദേശി അജ്നാസ് നേരെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിലെത്തിച്ചു. ഉടനെ എൻഎസ്എസ് വൊളന്റിയർമാർ സ്ട്രെച്ചറെടുത്ത് സുരക്ഷാ ജീവനക്കാരന്റെ സഹായത്തോടെ യാത്രക്കാരനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

അവിടെ ഉണ്ടായിരുന്ന വൊളന്റിയർമാരും സഹായിച്ചു. അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാർ ഏറെ പരിശ്രമിച്ചെങ്കിലും വയോധികന്റെ ജീവൻ രക്ഷിക്കാനായില്ല. നേരത്തേ ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനായ വയോധികൻ തുടർ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്കു പോകുന്നതിനു വേണ്ടിയാണ് ഭാര്യയോടൊപ്പം മലാപ്പറമ്പിൽനിന്ന് ബസിൽ കയറിയത്.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News