കൊച്ചി: വൈറ്റില ഫ്ളൈഓവർ ഉദ്ഘാടനത്തിന് മുമ്പ് വി ഫോർ കേരള പ്രവർത്തകർ ഗതാഗതത്തിന് തുറന്നുകൊടുത്തത് സംഘർഷത്തിൽ കലാശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു. പത്തുപേർക്കെതിരെ കേസെടുത്തു. വി ഫോർ കേരള കോ ഓർഡിനേറ്റർ നിപുൺ ചെറിയാൻ, പ്രവർത്തകരായ ആഞ്ജലോസ്, വർഗീസ്, സുരാജ് ഡെന്നീസ് എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റുചെയ്തത്. കൂടുതൽ അറസ്റ്റുണ്ടാകും. കോടതി ഇന്നലെ ഇവർക്ക് ജാമ്യം നിഷേധിച്ചു. ഇന്ന് കേസ് വീണ്ടും പരിഗണിക്കും.
പാലത്തിൽ അതിക്രമിച്ചു കടന്ന് ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന പൊതുമരാമത്ത് വകുപ്പിന്റെ പരാതിയിലാണ് കേസ്. പത്ത് വാഹന ഉടമകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ശനിയാഴ്ച രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ഫ്ളൈഓവറിൽ ചൊവ്വാഴ്ച വൈകിട്ട് ഏഴോടെയാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. കനത്ത മഴയ്ക്കിടെ അരൂർ ഭാഗത്തു നിന്ന് പാലാരിവട്ടം ഭാഗത്തേക്കുള്ള ബാരിക്കേഡുകൾ ആരോ നീക്കംചെയ്തതോടെ വാഹനങ്ങൾ പാലത്തിലേക്ക് പ്രവേശിച്ചു. ആ സമയത്ത് പൊലീസുണ്ടായിരുന്നില്ല.ഗതാഗതക്കുരുക്കിൽപ്പെട്ട് നട്ടംതിരിഞ്ഞ വാഹനയാത്രക്കാരും പ്രദേശവാസികളും ചേർന്ന് ഫ്ളൈ ഓവർ തുറന്നതായി സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചാരണവും തുടങ്ങി. വൈറ്റില ഭാഗത്ത് പാലത്തിന്റെ മറുവശം പൊലീസ് ബാരിക്കേഡ് വച്ച് അടച്ചിരുന്നു. പാലത്തിൽ കയറിയ കാറുകളും ലോറികളും ഉൾപ്പെടെ വാഹനങ്ങൾ ഇതോടെ അരമണിക്കൂറോളം കുരുങ്ങി. പൊലീസ് കേസെടുക്കുമെന്ന് പറഞ്ഞതോടെ വാഹനങ്ങളുമായി തിരിച്ച് പോകേണ്ടിയും വന്നു.പകപോക്കലെന്ന്വൈറ്റില, കുണ്ടന്നൂർ ഫ്ളൈ ഓവറുകൾ തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് വി ഫോർ കേരള സമരത്തിലായിരുന്നു. കഴിഞ്ഞദിവസം പാലത്തിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞിരുന്നു. മുൻപ് പ്രതിഷേധിച്ചതിന്റെ പേരിൽ തങ്ങളോടു പകപോക്കുകയാണെന്ന് വി ഫോർ കേരള ഭാരവാഹികൾ ആരോപിച്ചു. നിർമ്മാണം പൂർത്തിയായിട്ടും ഉദ്ഘാടനം നീട്ടിക്കൊണ്ട് പോയതിന് പൊതുമരാമത്ത് മന്ത്രിക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും നിയമനടപടി സ്വീകരിക്കും.
English summary
Prior to the inauguration of the Vytila flyover, V for Kerala activists opened it to traffic, resulting in clashes.