കൊച്ചി: സ്വകാര്യ തീവണ്ടികളുടെ പ്രാഥമിക പട്ടികയ്ക്ക് അന്തിമരൂപമായി. 12 ക്ലസ്റ്ററുകളിലായി 152 തീവണ്ടികളുടെ പട്ടികയാണ് തയ്യാറായത്. ചെന്നൈ ക്ലസ്റ്ററിൽ 28 സ്വകാര്യ തീവണ്ടികളാണ് ഉള്ളത്. ഇതിൽ നാല് ട്രെയിനുകൾ ചെന്നൈ ക്ലസ്റ്ററിന് കീഴിൽ വരുന്ന കേരളത്തിലാണ്. മൂന്നെണ്ണം കേരളത്തിൽ നിന്നു തന്നെ സർവീസ് ആരംഭിക്കുന്നതാണെന്നാണ് റിപ്പോർട്ട്.
കൊച്ചുവേളി-ലുംഡിങ് (അസം), കൊച്ചുവേളി-എറണാകുളം, എറണാകുളം-കന്യാകുമാരി എന്നിവയാണ് കേരളത്തിൽ നിന്നും പുറപ്പെടുന്ന തീവണ്ടികൾ. ഇതിൽ കന്യാകുമാരി-എറണാകുളം ദിവസേനയുള്ള തീവണ്ടിയാണ്. ബാക്കിയുള്ളവ ആഴ്ചയിൽ ഒന്നും മൂന്നും തവണ മാത്രം സർവീസ് നടത്തുന്നവയാണ്. ചെന്നൈ-മംഗലാപുരം ട്രെയിൻ കേരളത്തിലൂടെ കടന്നുപോകുന്നു.
കൊച്ചുവേളിയിൽനിന്ന് അസമിലെ ലുംഡിങ്ങിലേക്കുള്ള തീവണ്ടി ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കൊച്ചുവേളിയിൽനിന്നും പുറപ്പെടും. തിരികെ ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ലുംഡിങ്ങിൽനിന്നും പുറപ്പെടും. ഗുവാഹാട്ടിക്ക് ശേഷമുള്ള പ്രധാന സ്റ്റേഷനാണ് ലുംഡിങ്.
കന്യാകുമാരി-എറണാകുളം തീവണ്ടി ദിവസേന രാവിലെ ആറു മണിക്ക് കന്യാകുമാരിയിൽനിന്ന് പുറപ്പെട്ട് 12-ന് എറണാകുളത്തെത്തും. എറണാകുളത്തുനിന്ന് ദിവസവും ഉച്ചയ്ക്ക് രണ്ടിന് പുറപ്പെട്ട് രാത്രി 8.30-ന് കന്യാകുമാരിയിൽ എത്തും. നാല് സ്റ്റോപ്പുകൾ മാത്രം. കൊല്ലവും കോട്ടയവുമാണ് കേരളത്തിനുള്ളിലെ സ്റ്റോപ്പുകൾ.
കൊച്ചുവേളി-എറണാകുളം തീവണ്ടി ആഴ്ചയിൽ മൂന്ന് ദിവസം സർവീസ് നടത്തും. കൊച്ചുവേളിയിൽനിന്നും ബുധൻ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിൽ രാത്രി 7.50-ന് പുറപ്പെട്ട് 11.30-ന് എറണാകുളത്തെത്തും. എറണാകുളത്തുനിന്നും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 6.45-ന് പുറപ്പെട്ട് 10.25-ന് കൊച്ചുവേളിയിലെത്തും. ട്രെയിൻ കൊല്ലം, കോട്ടയം എന്നീ രണ്ടു സ്റ്റോപ്പുകളിൽ മാത്രമാണ് നിർത്തുക.
ചെന്നൈ-മംഗലാപുരം തീവണ്ടി എല്ലാ ചൊവ്വാഴ്ചയും ചെന്നൈയിൽനിന്നും രാത്രി 7.10-ന് പുറപ്പെട്ട് പിറ്റേന്ന് വൈകീട്ട് 3.50-ന് മംഗലാപുരത്ത് എത്തും. മംഗലാപുരത്തുനിന്ന് എല്ലാ ബുധനാഴ്ചയും വൈകീട്ട് 5.05-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.30-ന് ചെന്നൈയിലെത്തും. എട്ട് സ്റ്റോപ്പുകലിൽ കേരളത്തിൽ പാലക്കാടും കോഴിക്കോടും ഉൾപ്പെടുന്നു.
English summary
Preliminary list of private trains finalized.