രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തികാട്ടരുതെന്ന് പ്രശാന്ത് കിഷോർ; തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സഖ്യത്തിലേർപ്പെടണമെന്നും നിർദ്ദേശം; പടുകുഴിയിലായ കോൺഗ്രസിനെ പിടിച്ചുയർത്താൻ രാഷ്ട്രീയ തന്ത്രജ്ഞൻ മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങൾ ഇങ്ങനെ..

0

ന്യൂഡൽഹി: പരാജയങ്ങൾ തുടർച്ചയായതോടെ പടുകുഴിയിലായ കോൺഗ്രസിനെ പിടിച്ചുയർത്താൻ തന്ത്രങ്ങൾ മെനഞ്ഞ് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ കോൺഗ്രസിൽ ചേരുമോ ഇല്ലയോ എന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും പാർട്ടിയെ വീണ്ടും പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാനുള്ള നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. അതിൽ പ്രധാനമായും അദ്ദേഹം പറയുന്ന ഒന്നാണ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നത് ഒഴിവാക്കണം എന്നത്. രാഷ്ട്രീയത്തിൽ സ്ഥിരത പുലർത്താത്ത എഐസിസി ജനറൽ സെക്രട്ടറിയെ സ്ഥാനാർത്ഥിയാക്കുന്നത് ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്റെ നിർദ്ദേശം.

പഴയ പ്രതാപമില്ലാത്ത കോൺഗ്രസ് പ്രാദേശിക പാർട്ടികളുമായി നല്ല ബന്ധം ഉണ്ടാക്കണമെന്ന നിർദ്ദേശമാണ് പ്രശാന്ത് കിഷോർ പ്രധാനമായും മുന്നോട്ട് വെക്കുന്നത്. അണിയറയിൽ വൻ പദ്ധതികൾ തയ്യാറാക്കി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സജ്ജമാക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ തന്ത്രജ്ഞൻ. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പദ്ധതി കോൺഗ്രസിന്റെ ഉന്നതതല നേതൃത്വത്തിന് മുൻപിൽ പ്രശാന്ത് കിഷോർ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്.

കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ പ്രശാന്ത് കിഷോർ തീരുമാനിച്ചിട്ടുണ്ടെങ്കിലും കോൺഗ്രസിൽ ചേരുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസും പ്രശാന്ത് കിഷോറും തമ്മിൽ ചർച്ചകൾ നടന്നിരുന്നെങ്കിലും കടുത്ത ഭിന്നതയിലാണ് അത് അവസാനിച്ചത്. മേഘാലയിൽ പ്രശാന്ത് കിഷോറിന്റെ ചരടുവലിയിൽ കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം തൃണമൂൽ കോൺഗ്രസിൽ പോയതോടെ അകൽച്ച പൂർണമായി. എന്നാൽ ഗുജറാത്തിൽ നരേഷ് പട്ടേലിനെ പാർട്ടിയിൽ എത്തിക്കുന്നത് സംബന്ധിച്ച ചർച്ചകളോടെയാണ് പ്രശാന്ത് കിഷോറിനെ ഒപ്പം നിർത്താനുള്ള ആലോചനകളും വീണ്ടും തുടങ്ങിയത്.

താൻ പാർട്ടിയിലേക്ക് എത്തണമെങ്കിൽ പ്രശാന്ത് കിഷോറിനെ തെരഞ്ഞെടുപ്പ് ചുമതലകൾക്ക് നിയോഗിക്കണമെന്ന് നരേഷ് പട്ടേൽ ആവശ്യപ്പെട്ടതായാണ് വിവരം. കോൺഗ്രസിൽ ചേരണോ എന്ന വിഷയത്തിൽ പ്രശാന്ത് കിഷോറാണ് തീരുമാനമെടുക്കേണ്ടതെന്നാണ് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചത്. കോൺഗ്രസിനെ സംഘടനാപരമായി ശക്തിപ്പെടുത്തുന്നതിന് ഒപ്പം സഖ്യങ്ങൾ സംബന്ധിച്ചും പാർട്ടിയിൽ ചർച്ചകൾ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച അദ്ദേഹം, പ്രശാന്ത് കിഷോർ സമർപ്പിച്ച 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റ രൂപരേഖയെ കുറിച്ച് പഠിക്കാൻ സമിതിയെ ഉടൻ തീരുമാനിക്കുമെന്നും കെ സി വേണുഗോപാലും വിശദീകരിച്ചു.

2024-ലോക്സഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട 370 മണ്ഡലങ്ങളെ വിശദീകരിച്ച പ്രശാന്ത് കിഷോർ കോൺഗ്രസിന്റെ ദൗർബല്യങ്ങൾ സംബന്ധിച്ചും പരിഹാരക്രിയകൾ സംബന്ധിച്ചും കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ അവതരണം നടത്തി. അദ്ദേഹത്തിന്റെ നിർദേശങ്ങളും പദ്ധതികളും ചർച്ചചെയ്യുന്നതിനും പഠിക്കുന്നതിനുമായി അഞ്ചു പേരോ അതിൽ താഴെയോ ഉള്ള ഒരു ചെറിയ സമിതി കോൺഗ്രസ് ഉടൻ രൂപീകരിക്കുമെന്ന് കെ.സി. വേണുഗോപാൽ മാധ്യമങ്ങളെ അറിയിച്ചു.

‘ദീർഘനാളായി പ്രശാന്ത് കിഷോറുമായി കോൺഗ്രസ് നേതൃത്വം ചർച്ചകൾ നടത്തിവരുന്നുണ്ട്. നേരത്തെയുള്ളതിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കുറേയധികം കാര്യങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. മൂന്ന് മണിക്കൂർകൊണ്ട് ചർച്ചചെയ്യേണ്ട നിർദേശമല്ല പ്രശാന്ത് കിഷോർ മുന്നോട്ടുവെച്ചിട്ടുള്ളത്. പാർട്ടി താഴേത്തട്ടിൽനിന്ന് ശക്തിപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങൾ അതിലുണ്ട്. കോൺഗ്രസ് അധ്യക്ഷ നിശ്ചയിക്കുന്ന സമിതി അടുത്ത ദിവസങ്ങളിൽ മുഴുവനായും പ്രശാന്ത് കിഷോറുമായി കൂടിയാലോചനകൾ നടത്തും. ഇതിന് ശേഷം സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാർട്ടി അധ്യക്ഷ അന്തിമമായ തീരുമാനം എടുക്കും. പ്രശാന്ത് കിഷോറിന്റെ റോൾ പാർട്ടിക്ക് പുറത്തുവേണോ അകത്തുവേണോ എന്നത് ഈ ചർച്ചകൾക്ക് ശേഷമാകും തീരുമാനിക്കുക’, വേണുഗോപാൽ പറഞ്ഞു.

ഏതെല്ലാം സംസ്ഥാനങ്ങളിൽ ഏതെല്ലാം പാർട്ടികളുമായി സഖ്യത്തിൽ വരണമെന്നതടക്കം പ്രശാന്ത് കിഷോർ കോൺഗ്രസ് നേതാക്കൾക്ക് മുന്നിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. ഉത്തർപ്രദേശ്, ബിഹാർ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കണം. തമിഴ്‌നാട്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ സഖ്യത്തിലേർപ്പെടണമെന്നും പ്രശാന്ത് കിഷോർ നിർദേശിച്ചതായി കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

540-ഓളം നിർദേശങ്ങൾ പ്രശാന്ത് കിഷോർ മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് വിവരം. പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ, രന്ദീപ് സിങ് സുർജെവാല, മുകുൾ വാസ്നിക്, ജയ്റാം രമേശ് എന്നീ അഞ്ച് നേതാക്കളാകും പ്രശാന്ത് കിഷോറിന്റെ നിർദേശങ്ങൾ പഠിക്കുന്ന സമിതിയിലുണ്ടാകുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം, സമിതിയെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Leave a Reply