തൃശൂര്‍: കുനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വ്യോമസേനാ ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ. പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി ജോലിയില്‍ പ്രവേശിച്ചു. തൃശൂര്‍ താലൂക്ക് ഓഫീസില്ക്ല റിക്കല് തസ്തികയിലാണ് എം.കോം ബിരുദധാരിയായ ശ്രീലക്ഷ്മിക്കു ജോലി. ഇന്നലെ രാവിലെ താലൂക്ക് ഓഫീസിലെത്തിയ ശ്രീലക്ഷ്മിക്കു റവന്യൂ മന്ത്രി കെ. രാജന് നിയമന ഉത്തരവ് കൈമാറി.
രാജ്യത്തിന് വേണ്ടി പോരാടുന്ന ധീരജവാന്മാര്ക്ക് സര്‍ക്കാര്‍ നല്കുന്ന വലിയ അംഗീകാരമാണ് അവരുടെ ആശ്രിതര്‍ക്കുള്ള നിയമനമെന്നു മന്ത്രി രാജന് പറഞ്ഞു.
പ്രദീപിനോടുള്ള ആദരസൂചകമായി ഭാര്യക്ക് ജോലി നല്കാന് അപകടം നടന്ന് ഒരാഴ്ചയ്ക്കകം മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു. ഒന്നരമാസം കൊണ്ട് സൈനികക്ഷേമ വകുപ്പും നിയമന ഉത്തരവ് പുറത്തിറക്കി.
നിയമനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തിലാക്കി ജില്ലാ കലക്ടര്‍ ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്കി. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി ലഭിച്ചതില്‍ നന്ദിയുണ്ടന്നു ശ്രീലക്ഷ്മി പറഞ്ഞു. മക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പമാണ് ശ്രീലക്ഷ്മി ജോലിക്കെത്തിയത്. യുദ്ധത്തിലോ യുദ്ധസമാനമായ സാഹചര്യത്തിലോ മരിക്കുന്ന സൈനികരുടെ ആശ്രിതര്‍ക്കു ജോലി നല്‍കാനാണു നിയമത്തില്‍ വ്യവസ്ഥ. പ്രദീപിന്റെ കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കുകയായിരുന്നു. മന്ത്രിക്കൊപ്പം ജില്ലാ കലക്ടര്‍ ഹരിത വി. കുമാര്‍, ആര്.ഡി.ഒ. പി.എ. വിഭൂഷണന്‍, താലൂക്ക് തഹസില്‍ദാര്‍ ടി. ജയശ്രീ എന്നിവരുമുണ്ടായിരുന്നു.