തൃശ്ശൂർ:തീവണ്ടികളിൽ ജൂൺ മുതൽ അൺറിസർവ്ഡ് യാത്ര അനുവദിക്കാൻ സാധ്യത. ഇപ്പോൾ ജനറൽ കോച്ചുകളിൽ നൽകി വരുന്ന സെക്കൻഡ് സിറ്റിങ് റിസർവേഷൻ മേയ് 31-നു ശേഷം നൽകേണ്ടെന്ന തീരുമാനം ഇതിന്റെ മുന്നോടിയാണെന്നാണ് വിലയിരുത്തൽ.
ദക്ഷിണ റെയിൽവേയിലാണ് ജൂൺ മുതലുള്ള റിസർവേഷൻ നിർത്തിവച്ചിരിക്കുന്നത്. റിസർവ് ചെയ്തുള്ള യാത്ര പ്രതിദിന യാത്രക്കാരെ ഏറെ പ്രയാസപ്പെടുത്തുന്നതായുള്ള പരാതികൾ റെയിൽവേയ്ക്ക് മുന്നിൽ ധാരാളം എത്തുന്നുണ്ട്. പാസഞ്ചർ തീവണ്ടികളും മെമു സർവീസുകളും തുടങ്ങാത്തത്, റിസർവേഷൻയാത്ര മാത്രമേ അനുവദിക്കുന്നുള്ളൂ എന്ന കാരണത്താലാണ്.
എന്നാൽ, രാജ്യത്ത് ഇക്കാര്യത്തിൽ ഒരു ഏകീകൃത രൂപം ഇല്ലാത്ത സ്ഥിതിയും ഉണ്ട്. വടക്കൻ റെയിൽവേയിൽ പാസഞ്ചറുകളും മെമു സർവീസുകളും എക്സ്പ്രസ് ടിക്കറ്റ് നിരക്ക് ഈടാക്കി ഓടിക്കുന്നുണ്ട്. ഇവിടെ റിസർവേഷനും വേണ്ട. കേരളത്തിൽ പാസഞ്ചറുകൾ ഓടിക്കാത്തതിന് കാരണമായി കോവിഡ് വ്യാപനമാണ് ഇപ്പോൾ ഉയർത്തിക്കാട്ടുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി അഞ്ചിൽ താഴെ വന്നാൽ മാത്രമേ പാസഞ്ചർ സർവീസുകൾ തുടങ്ങാൻ സാധ്യതയുള്ളൂ എന്നാണ് അനൗദ്യോഗിക വിവരം.
ജൂണോടെ കോവിഡ് വ്യാപനം കുറയുമെന്ന കണക്കുകൂട്ടലിലാണ് റിസർവേഷൻ നിർത്തിവക്കുന്നത്. റിസർവേഷൻ ചെയ്ത് യാത്ര ചെയ്യുന്നതിനാൽ പ്രതിദിന യാത്രക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടവുന്നത്.
ഇത്തരം യാത്രക്കാരെ ലക്ഷ്യമിട്ട് തുടങ്ങിയ വിർച്വൽ റിമോട്ട് ബുക്കിങ് സംവിധാനം ഉദ്ദേശിച്ചതിനെക്കാൾ വിജയമാണുണ്ടായതെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. ഓട്ടത്തിനിടെ റിസർവേഷൻ ചെയ്യാവുന്ന സംവിധാനമാണിത്. സംസ്ഥാനത്ത് 20 തീവണ്ടികളിൽ ഇത് ഏർപ്പാടുത്തിയിട്ടുണ്ട്. അൺറിസർവ്ഡ് യാത്ര അനുവദിച്ചാലും വിർച്വൽ റിമോട്ട് ബുക്കിങ് സംവിധാനം തുടരുമെന്നാണ് റെയിൽവേയിൽ നിന്നുള്ള സൂചനകൾ.
English summary
Possibility to allow unreserved travel on trains from June