പോപ്പുലർ ഫ്രണ്ട് നേതാവിനെ വെട്ടിക്കൊന്നത് ബിജെപി അധ്യക്ഷൻ പാലക്കാട് സന്ദർശനം നടത്തിയതിന് പിന്നാലെ; ബിജെപി നേതൃത്വമറിയാതെ അക്രമ സംഭവം ഉണ്ടാകില്ലെന്നും സിപിഎം; കെ സുരേന്ദ്രനെതിരെ ഗുരുതര ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി

0

പാലക്കാട്: പോപ്പുലർ ഫ്രണ്ട് നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ഗുരുതര ആരോപണവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബു. ബിജെപി അധ്യക്ഷൻ പാലക്കാട് സന്ദർശനം നടത്തിയതിന് പിന്നാലെയാണ് കൊലപാതകം ഉണ്ടായിരുന്നതെന്ന് സുരേഷ് ബാബു ആരോപിച്ചു. ഇത് നേതൃത്വത്തിന്റെ പങ്കിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും സിപിഎം ആരോപിക്കുന്നു.

പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറാണ് പാലക്കാട്ട് ആദ്യം കൊല്ലപ്പെട്ടത്. ഈ കൊലപാതകത്തിന് രണ്ടു ദിവസം മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ പാലക്കാട് വന്നിരുന്നു. ഇത് നേതൃത്വത്തിന്റെ പങ്കിലേക്ക് വിരൽ ചൂണ്ടുന്നതാണെന്നും ബിജെപി നേതൃത്വമറിയാതെ അക്രമ സംഭവം ഉണ്ടാകില്ലെന്നുമാണ് സിപിഎം ആരോപിക്കുന്നത്. ബിജെപി അധ്യക്ഷന്റെ സന്ദ‍ശനത്തിലും കൊലപാതകത്തിലെ നേതൃത്വത്തിന്റെ പങ്കിലും അന്വേഷണം വേണമെന്നും സിപിഎം ജില്ലാ സെക്രട്ടറി അഭ്യർത്ഥിച്ചു.

കൊലയാളി സംഘം മുൻകൂട്ടി പ്ലാൻ ചെയ്ത് ചില കേന്ദ്രങ്ങളിൽ സംഘടിച്ചിരിക്കുന്നു. ആർ എസ് എസ്- എസ് ഡിപിഐ നേതൃത്വങ്ങളുടെ അറിവോടെയാണ് കൊലപാതകമുണ്ടായതെന്നും സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചു. എന്നാൽ സിപിഎം ജില്ലാ സെക്രട്ടറിയുടെ വാക്കുകളെ സുരേന്ദ്രൻ തള്ളി. ആഭ്യന്തര വകുപ്പ് കയ്യിലിരിക്കുന്നവരാണ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നയിക്കുന്നതെന്ന് അദ്ദേഹം തിരിച്ചടിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ എല്ലാ ജില്ലകളും സന്ദ‍ർശിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ എന്നെ അറസ്റ്റ് ചെയ്യട്ടെ. ആഭ്യന്തര വകുപ്പ് കയ്യിലിരിക്കുന്ന സിപിഎമ്മുകാർ ഇത്തരത്തിൽ അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കുന്നതിന് മറുപടിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here