യുക്രൈനില്‍ യുദ്ധം മുറുകവേ ഏഷ്യയിലെയും ആഫ്രിക്കയിലെയും ദരിദ്ര രാജ്യങ്ങള്‍ ഭക്ഷ്യക്ഷാമ ഭീഷണിയില്‍

0

ഇസ്‌താംബൂള്‍: യുക്രൈനില്‍ യുദ്ധം മുറുകവേ ഏഷ്യയിലെയും ആഫ്രിക്കയിലെയും ദരിദ്ര രാജ്യങ്ങള്‍ ഭക്ഷ്യക്ഷാമ ഭീഷണിയില്‍. യുക്രൈനില്‍നിന്നും റഷ്യയില്‍നിന്നുമുള്ള ഗോതമ്പ്‌ ഇറക്കുമതിയാണു ഗള്‍ഫ്‌, ആഫ്രിക്കന്‍ രാജ്യങ്ങളുടെ പ്രധാന ആശ്രയം. ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഗോതമ്പ്‌ കയറ്റുമതി ചെയ്യുന്നത്‌ റഷ്യയാണ്‌. (ചൈനയും ഇന്ത്യയുമാണു കൂടുതല്‍ ഗോതമ്പ്‌ ഉത്‌പാദിപ്പിക്കുന്നതെങ്കിലും കയറ്റുമതി കണക്കില്‍ പിന്നിലാണ്‌).
ഗോതമ്പിന്റെ അടുത്ത വിളവെടുപ്പ്‌ ജൂലൈയിലാണ്‌. യുദ്ധവും ഉപരോധവും മൂലം ഗോതമ്പ്‌ ഇറക്കുമതി കുറഞ്ഞാല്‍ ഗള്‍ഫ്‌ രാജ്യങ്ങള്‍ പ്രതിസന്ധിയിലാകും.
റഷ്യകഴിഞ്ഞാല്‍ ഒരു കാലത്ത്‌ ആശ്രയം തുര്‍ക്കിയായിരുന്നു. ഇപ്പോള്‍ തുര്‍ക്കിയുടെ ഗോതമ്പ്‌ ആവശ്യത്തില്‍ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്‌. ഈജിപ്‌തില്‍ ആവശ്യമായ ഗോതമ്പില്‍ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നത്‌ റഷ്യയില്‍നിന്നും യുക്രൈനില്‍നിന്നുമാണ്‌. ടുണീഷ്യയുടെ ഗോതമ്പ്‌ ഇറക്കുമതിയില്‍ 60 ശതമാനവും യുക്രൈന്റെ സംഭാവനയാണ്‌.
കോവിഡിനെ തുടര്‍ന്നു കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണു ടുണീഷ്യയും ആഫ്രിക്കന്‍ രാജ്യങ്ങളും. കപ്പലിലെത്തുന്ന ഗോതമ്പിനു പോലും പണം നല്‍കാനാകാത്ത അവസ്‌ഥ.
ലബന്‍, യെമന്‍, സുഡാന്‍ എന്നീ രാജ്യങ്ങളും സമാന അവസ്‌ഥയിലൂടെയാണു കടന്നുപോകുന്നത്‌. വിലകൂടിയാലും ഗള്‍ഫിലെ സമ്പന്നരാജ്യങ്ങള്‍ പിടിച്ചുനില്‍ക്കും. പക്ഷേ, വിലക്കയറ്റം ദരിദ്ര രാജ്യങ്ങളെ പ്രതിസന്ധിയിലാക്കും.
മറ്റ്‌ ഗോതമ്പ്‌ ഉത്‌പാദക രാജ്യങ്ങളിലും പ്രതിസന്ധിയുണ്ട്‌. മൊറോക്കോയില്‍ വരള്‍ച്ചയെ തുടര്‍ന്ന്‌ ഉത്‌പാദനത്തില്‍ 30 ശതമാനം കുറവാണുണ്ടായത്‌.

Leave a Reply