രാഷ്‌ട്രീയം കുടപിടിച്ചു , പത്താംക്ലാസ്‌ തോറ്റ പ്യൂണ്‍ അസിസ്‌റ്റന്റായി; കൈക്കൂലി വാങ്ങി അകത്തായി

0

കോട്ടയം: കൈക്കൂലി കേസില്‍ അറസ്‌റ്റിലായ എം.ജി. സര്‍വകലാശാല ജീവനക്കാരി പ്യൂണ്‍ തസ്‌തികയില്‍നിന്നു സര്‍വകലാശാല അസിസ്‌റ്റന്റ്‌ വരെയായതു രാഷ്‌ട്രീയത്തണലില്‍. വിദ്യാര്‍ഥിയില്‍നിന്നു കൈക്കൂലി വാങ്ങവേയാണ്‌ പരീക്ഷാവിഭാഗത്തിലെ അസിസ്‌റ്റന്റായ ആര്‍പ്പൂക്കര സ്വദേശി സി.ജെ. എല്‍സിയെ വിജിലന്‍സ്‌ കഴിഞ്ഞ ദിവസം അറസ്‌റ്റ്‌ ചെയ്‌തത്‌.
പത്താം ക്ലാസ്‌ പരീക്ഷ തോറ്റ എല്‍സി സര്‍വകലാശാലയിലെ ഇന്റര്‍നാഷനല്‍ റിലേഷന്‍സ്‌ പഠനവിഭാഗത്തില്‍ സ്വീപ്പറായി താല്‍ക്കാലികാടിസ്‌ഥാനത്തിലായിരുന്നു എം.ജിയില്‍ ജോലി തുടങ്ങിയത്‌. എസ്‌.എസ്‌.എല്‍.സി. തോറ്റവര്‍ക്ക്‌ 2009ല്‍ പ്യൂണ്‍ തസ്‌തികകളില്‍ സര്‍വകലാശാല സ്‌ഥിര നിയമനം നല്‍കി. ഇതിനുമുമ്പ്‌ ഏഴാംക്ലാസ്‌ യോഗ്യതയാക്കി പ്യൂണ്‍ തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചിരുന്നു. എസ്‌.എസ്‌.എല്‍.സി തോറ്റവര്‍ക്കും ജയിച്ചവര്‍ക്കും അപേക്ഷിക്കാമായിരുന്നു. ഇതിനെതിരെ ഇടതുസംഘടനകള്‍ കേസ്‌ നല്‍കിയതോടെ റിക്രൂട്ട്‌മെന്റ്‌ മുടങ്ങി. തുടര്‍ന്നാണ്‌ 2009ല്‍ പുനര്‍വിജ്‌ഞാപനത്തിലൂടെ ഈ തസ്‌തികകളിലേക്ക്‌ പത്താംക്ലാസ്‌ തോറ്റവരില്‍നിന്നുമാത്രം അപേക്ഷ ക്ഷണിച്ചത്‌. പത്താംക്ലാസ്‌ ജയിച്ച വിവരം മറച്ചുവെച്ച്‌ ജോലിക്ക്‌ കയറിയ സ്‌ത്രീയെ പുറത്താക്കുക വരെ ചെയ്‌തു.
എഴുത്തുപരീക്ഷയില്ലാതെ നേരിട്ടുള്ള അഭിമുഖം വഴിയായിരുന്നു നിയമനം. 2009ല്‍ റാങ്ക്‌ പട്ടിക വന്നു. 2010ല്‍ എല്‍സി അടക്കമുള്ളവര്‍ ജോലിക്കു കയറി. അന്നുകയറിയ 95 ശതമാനം പേരും ഇടതുസംഘടനാബന്ധമുള്ളവരായിരുന്നു എന്ന്‌ ആക്ഷേപമുണ്ട്‌. തുടര്‍ന്ന്‌ എല്‍സി സാക്ഷരതാമിഷന്റെ പത്താംക്ലാസും പ്ലസ്‌ടുവും ജയിച്ചു, സര്‍വകലാശാലയില്‍ നിന്നു തന്നെ പ്രൈവറ്റായി ബിരുദവും നേടി. എല്‍സിയുടെ ബിരുദ നേട്ടവും അക്കാലയളവില്‍ വിവാദമായിരുന്നു.
ഇക്കാലയളവിലാണ്‌ ഡിഗ്രിയും നാലു വര്‍ഷത്തിലേറെ സേവനവുമുള്ള, താഴ്‌ന്ന തസ്‌തികയിലുള്ളവര്‍ക്ക്‌ അസിസ്‌റ്റന്റ്‌ തസ്‌തികയിലേക്ക്‌ സ്‌ഥാനക്കയറ്റം നല്‍കാന്‍ തീരുമാനിക്കുന്നത്‌. സര്‍വകലാശാല അസിസ്‌റ്റന്റ്‌ തസ്‌തികയില്‍ നാലു ശതമാനം പേര്‍ക്ക്‌ സ്‌ഥലം മാറ്റം വഴി പ്രമോഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. ഇത്‌ സര്‍വകലാശാലകളില്‍ എന്‍ട്രി കേഡര്‍ തസ്‌തികയുടെരണ്ടു ശതമാനമാണ്‌. സര്‍ക്കാര്‍ ഉത്തരവ്‌ ലംഘിച്ച്‌ എം.ജിയിലും നാലുശതമാനം പേര്‍ക്ക്‌ സ്‌ഥാനക്കയറ്റം നല്‍കാന്‍ തീരുമാനിച്ചു. 238 എന്‍ട്രി കേഡര്‍ തസ്‌തികയുടെ നാലുശതമാനം കണക്കാക്കുമ്പോള്‍ വെറും ഒമ്പതുപേര്‍ക്കു മാത്രമാണ്‌ സ്‌ഥാനക്കയറ്റം ലഭിക്കുക. അതോടെ യൂണിവേഴ്‌സിറ്റി അസി., സീനിയര്‍ ഗ്രേഡ്‌ അസി., അസി. സെക്ഷന്‍ ഓഫിസര്‍ എന്നിങ്ങനെ മൂന്നു കേഡറിലുമുള്ള മൊത്തം അസിസ്‌റ്റന്റുമാരുടെ നാലുശതമാനമായ 28 പേര്‍ക്ക്‌ സ്‌ഥാനക്കയറ്റം നല്‍കി.
അങ്ങനെ എം.ബി.എ വകുപ്പില്‍ സ്‌ഥാനക്കയറ്റം കിട്ടിയവരിലൊരാളാണ്‌ എല്‍സി. 2016 ഓഗസ്‌റ്റിലാണ്‌ ഈ തസ്‌തികയിലേക്ക്‌ പി.എസ്‌.സി ആദ്യ നിയമനം നടത്തുന്നത്‌. 2019 വരെ കാലാവധിയുള്ള റാങ്ക്‌ലിസ്‌റ്റ്‌ ഉള്ളപ്പോഴാണ്‌ 2017ല്‍ ഇവര്‍ക്ക്‌ അസിസ്‌റ്റന്റായി നിയമനം ലഭിച്ചത്‌. എന്നാല്‍ ഇതുവരെ ഇവര്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ തല പരിക്ഷ എഴുതിയിട്ടുമില്ല. അറസ്‌റ്റിനു പിന്നാലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേടു സംബന്ധിച്ചു മറ്റു വിവരങ്ങള്‍ ലഭ്യമായില്ല. ചിട്ടി, പലിശ ഇടപാടുകളുള്ള മറ്റൊരു സര്‍വകലാശാല ജീവനക്കാരനുമായി എല്‍സിക്കു സാമ്പത്തിക ഇടപാടുകളുണ്ടെന്ന നിഗമനത്തില്‍ ഈ ദിശയില്‍ വിജിലന്‍സ്‌ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്‌. അറസ്‌റ്റിലായ എല്‍സിയെ തിരുവനന്തപുരം വിജിലന്‍സ്‌ കോടതി റിമാന്‍ഡ്‌ ചെയ്‌തു.
വിവാദത്തില്‍ ഇടപെടാനാണു സര്‍വകലാശാല തീരുമാനം. ഇന്നു രാവിലെ 10.30നു ചേരുന്ന പ്രത്യേക സിന്‍ഡിക്കേറ്റ്‌ യോഗം കൈക്കൂലി വിഷയം ചര്‍ച്ച ചെയ്യും. എല്‍സി കൈകാര്യം ചെയ്‌തിരുന്ന ഫയലുകള്‍ അന്വേഷണ പരിധിയിലാക്കി പ്രത്യേക അന്വേഷണ സമിതി രൂപീകരിച്ചേക്കുമെന്നാണു സൂചന.

Leave a Reply