പൊലീസുകാരനെ ഉന്നത ഉദ്യോഗസ്ഥർ മർദിച്ച സംഭവം; മൂന്ന് പേർക്ക് സസ്പെൻഷൻ

0

കൊച്ചി: തൃപ്പൂണിത്തുറ ഹിൽപ്പാലസിൽ കെഎപി ഫസ്റ്റ് ബെറ്റാലിയനിലെ പൊലീസുകാരനെ ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് മർദിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. കെഎപി ഫസ്റ്റ് ബെറ്റിലിയനിലെ ഹവിൽദാർമാരായ അന്‍സാർ, അരുൺ ദേവ്, രാജേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
വകുപ്പുതല അന്വേഷ‍ണ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി കെപിഎ ബെറ്റാലിയന്‍ ഡിഐജി സഞ്ജയ്കുമാർ ഗുരുഡാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്. ഡിസംബർ 31ന് വൈകുന്നരം സേനയ്ക്ക് അവമതിപ്പുണ്ടാക്കുന്നതരത്തിൽ സംഘം ചേർന്ന് ബാബുവിനെ മർദിച്ചുവെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. സംഭവം മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തത് മുഴുവൻ പൊലീസ് സേനയ്ക്കും അത് അവമതിപ്പുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
എന്നാൽ സംഭവത്തിൽ വകുപ്പ് തല നടപടിയ്ക്കപ്പുറമുള്ള നിയമനടപടികളുണ്ടാകില്ലെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഇതോടെ കേസിൽ ആരോപണ വിധേയരായ പൊലീസ് അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെ രക്ഷപെടുന്ന നിലയാണുള്ളത്. ആറംഗ സംഘം മർദിച്ചുവെന്ന് ബാബു ഉൾപ്പെടെ മൊഴിനൽകിയിട്ടും മൂന്നു പേരിൽ മാത്രമായി നടപടിയൊതുക്കിയതും ഇതിന്‍റെ ഭാഗമാണെന്നാണ് ആക്ഷേപം. ആരോപണ വിധേയരായ പൊലീസ് അസോസിയേഷൻ ഭാരവാഹികൾക്കെതിരേ നടപടിയില്ലാതെ ജൂനിയർ ഉദ്യോഗസ്ഥരിൽ മാത്രം നടപടിയൊതുക്കിയതിൽ സേനയിൽ തന്നെ അതൃപ്തി ശക്തമാണ്. സംഭവം ഒതുക്കി തീർക്കാൻ ശ്രമിച്ച മൂന്ന് ഉദ്യോഗസ്ഥർക്കെതിരേയും നടപടിയില്ലെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ ഡിസംബർ 31നാണ് സംഭവം. പുതുവർഷ തലേന്ന് രാത്രി ബാബുവുമായി തർക്കത്തിലേർപ്പെട്ട മദ്യലഹരിയിലായിരുന്ന ഉന്നത ഉദ്യോഗസ്ഥർ ബാരക്കിനകത്തിട്ട് മർദിച്ചുവെന്നാണ് പരാതി. കട്ടിലിൽ പിടിച്ചു കിടത്തി മാറി മാറി മർദിക്കുകയായിരുന്നു. മർദനത്തിനിടെ സഹായമഭ്യർഥിച്ച് ബാബു പൊലീസ് ടോൾഫ്രീ നമ്പറായി 112 ൽ ബന്ധപ്പെട്ടു. ഇതുകണ്ട ഉദ്യോഗസ്ഥർ ഫോൺ ബലമായി പിടിച്ചു വാങ്ങി കോൾ കട്ടു ചെയ്തു. കോൾ സെന്‍ററിൽ നിന്ന് തിരിച്ചു കോൾ വരാതിരിക്കാൻ ഫോണും നശിപ്പിക്കുകയായിരുന്നു. മർദനമേറ്റ ബാബു അവശനായതോടെയാണ് ആക്രമിസംഘം പിന്മാറിയത്. തുടർന്ന് അന്ന് രാത്രി ഡ്യൂട്ടി ഓഫിസിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും പരാതി സ്വീകരിക്കാൻ തയാറായില്ല. പിറ്റെ ദിവസം ബാബു ഹെർട്ട്ക്വട്ടേഴ്സ് ഓഫിസർ കമാൻഡിന് പരാതി നൽകാനെത്തിയെങ്കിലും ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പ്രശ്നം ഒതുക്കി തീർക്കുകയായിരുന്നു. തുടർന്ന് ബാബുവിന് അവധി നൽകി വീട്ടിലേക്കയക്കുകയായിരുന്നു.

Leave a Reply