Sunday, January 23, 2022

പൂജയുടെ മറവിൽ തട്ടിപ്പ്‌ നടത്തി ഒളിവിൽകഴിഞ്ഞയാളെ പോലീസ് പിടികൂടി

Must Read

പൂജയുടെ മറവിൽ തട്ടിപ്പ്‌ നടത്തി ഒളിവിൽകഴിഞ്ഞയാളെ പോലീസ് പിടികൂടി. വയനാട് ലക്കിടി അറമല സ്വദേശി കൂപ്ലിക്കാട്ടിൽ രമേശിനെയാണ് (36) വ്യാഴാഴ്ച പുലർച്ചെ കൊല്ലം പുനലൂർ കുന്നിക്കോടുള്ള വാടകവീട്ടിൽനിന്ന്‌ നിലമ്പൂർ പോലീസ് ഇൻസ്‌പെക്ടർ ടി.എസ്. ബിനുവിന്റെ നേതൃത്വത്തിൽ അറസ്റ്റ്‌ ചെയ്തത്. ഇയാൾ രമേശൻ നമ്പൂതിരി, രമേശൻ സ്വാമി, സണ്ണി തുടങ്ങിയ പേരുകളിലും അറിയപ്പെട്ടിരുന്നു.

പ്രത്യേക പൂജ നടത്തി സ്വർണനിധി എടുത്തുനൽകാമെന്നും ചൊവ്വാദോഷം മാറ്റിനൽകാമെന്നും പറഞ്ഞ് പത്രപ്പരസ്യം നൽകി ആളുകളെ വലയിൽ വീഴ്ത്തി ലക്ഷങ്ങളുടെ സ്വർണവും പണവും തട്ടിയെടുത്ത്‌ മുങ്ങിയയാളാണ് രമേശ്.

വണ്ടൂർ സ്വദേശിനിയിൽനിന്ന് 2017 ഓഗസ്റ്റ് 16 മുതൽ വിവിധ ദിവസങ്ങളിലായി അക്കൗണ്ട് വഴി 1,10,000 രൂപ കൈപ്പറ്റി. ചൊവ്വാദോഷമകറ്റി വിവാഹം ശരിയാക്കിക്കൊടുക്കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. ഇവരുടെ പരാതിയിൽ നിലമ്പൂർ പോലീസ് കഴിഞ്ഞ ജനുവരിയിൽ കേസെടുത്തു. ഈ കേസിലാണ് ഇപ്പോൾ അറസ്റ്റ്.

വയനാട് ജില്ലയിൽ പ്രതി സമാനമായ തട്ടിപ്പുകൾ നടത്തിയതായി പോലീസ് പറയുന്നു. രണ്ടു കുട്ടികളുടെ മാതാവായ കോഴിക്കോട്ടുകാരിയായ വീട്ടമ്മയെ പ്രണയിച്ച്‌ വിവാഹം കഴിച്ച ഇയാൾ കല്പറ്റ മണിയൻകോട് ക്ഷേത്രത്തിനു സമീപം പൂജയും തട്ടിപ്പും നടത്തി താമസിച്ചിരുന്നു.

ഈ ബന്ധത്തിൽ രണ്ടു പെൺകുട്ടികൾ ജനിച്ചശേഷം രണ്ടു വർഷംമുമ്പ് ഇവരെ ഉപേക്ഷിച്ച്‌ മുങ്ങി. ഭർത്താവും രണ്ടു കുട്ടികളുമുള്ള വയനാട് കോറോമിലെ മറ്റൊരു യുവതിയുമായി പ്രണയത്തിലായ ഇയാൾ അവർക്കൊപ്പം പുനലൂരിൽ താമസിക്കുകയായിരുന്നു. അതിനിടയിലാണ് അറസ്റ്റ്.

വയനാട്ടിൽനിന്ന്‌ പുനലൂരിലേക്ക് മുങ്ങിയ പ്രതി വയനാട്ടിലെ ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ ആദ്യഭാര്യയുമായോ ഒരു ബന്ധവും പുലർത്തിയില്ല.

പുനലൂരിലെ ഒരു ഹോട്ടലിൽ ചീഫ് ഷെഫായി ജോലി ചെയ്യുകയായിരുന്നു പ്രതി. പോലീസുകാർ ആഴ്ചകളോളം പല വേഷത്തിൽനടന്ന്‌ നിരീക്ഷണം നടത്തിയാണ് പ്രതിയുടെ സാന്നിധ്യം മനസ്സിലാക്കിയത്. അവിടെയും പ്രതി പൂജകൾ നടത്തുന്നതായി പോലീസിന് വിവരമുണ്ട്.

വയനാട് മണിയങ്കോട് സ്വദേശിനിയായ വീട്ടമ്മയുടെ പറമ്പിൽ നിധിയുണ്ടെന്നു വിശ്വസിപ്പിച്ച് പുറത്തെടുക്കാനും പൂജ നടത്താനുമുള്ള ചെലവിലേക്ക് അഞ്ച്‌ പവന്റെ സ്വർണാഭരണം തട്ടിയെടുത്തതായും കണ്ടെത്തിയിട്ടുണ്ട്. സമാനരീതിയിൽ മീനങ്ങാടി സ്വദേശിനിയായ യുവതിയിൽനിന്ന് എട്ടു പവന്റെ സ്വർണാഭരണവും തട്ടിയെടുത്തു. മണിയങ്കോട് സ്വദേശി സന്തോഷിനെയും സമാനമായ രീതിയിൽ പറ്റിച്ചു.

ഒരു ലക്ഷം രൂപ കൈപ്പറ്റുകയും നിധി കുഴിച്ചെടുക്കാനെന്ന പേരിൽ വീടിനുചുറ്റും ആഴത്തിൽ കുഴികളെടുത്ത്‌ വീടും പരിസരവും വാസയോഗ്യമല്ലാതാക്കുകയും ചെയ്തു.

പ്രതിയെ നിലമ്പൂർ കോടതി റിമാൻഡ് ചെയ്തു. നിലമ്പൂർ ഡിവൈ.എസ്.പി. സാജു കെ. എബ്രഹാമിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തിലെ എസ്.ഐ. എം. അസൈനാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദാലി, സഞ്ചു, സി.പി.ഒ.മാരായ അഭിലാഷ് കൈപ്പിനി, ആസിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, എം. കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News