Thursday, July 29, 2021

അമ്മ 50,000 രൂപയ്ക്കു വിറ്റ മൂന്നുമാസം പ്രായമുള്ള ആൺകുഞ്ഞിനെ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കണ്ടെത്തി

Must Read

ഗോരഖ്പുർ: ഉത്തർപ്രദേശിൽ അമ്മ 50,000 രൂപയ്ക്കു വിറ്റ മൂന്നുമാസം പ്രായമുള്ള ആൺകുഞ്ഞിനെ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കണ്ടെത്തി. മകനെ തട്ടിക്കൊണ്ടുപോയെന്ന അമ്മയുടെ പരാതിയിൽ പോലീസ് നടത്തിയ പരിശോധനയിൽ പരാതി കെട്ടിച്ചമച്ചതാണെന്നു കണ്ടെത്തി. ഗോരഖ്പൂരിലെ ഇലാഹിബാഗിൽ ഞായറാഴ്ചയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

സൽമ ഖാട്ടൂൺ എന്ന യുവതിയാണ് കുഞ്ഞിനെത്തട്ടിക്കൊണ്ടുപോയെന്ന് പോലീസിൽ പരാതിപ്പെട്ടത്. ചുവന്ന സാരിയുടുത്ത സ്ത്രീ കുഞ്ഞിനെ തട്ടിയെടുത്തശേഷം എസ്.യു.വിയിൽ കടന്നുകളഞ്ഞതായി അവർ പോലീസിനോടു പറഞ്ഞു. സർക്കിൾ ഇൻസ്പെക്ടർ സോനം കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടൻതന്നെ സംഭവസ്ഥലത്തെത്തി കുട്ടിക്കായി തിരച്ചിൽനടത്തി.
‘ഖാട്ടൂൺ ഇടയ്ക്ക് മൊഴി മാറ്റി. തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അവർ കുഞ്ഞിനെ മറ്റൊരു സ്ത്രീയ്ക്കു കൈമാറിയതായി കണ്ടെത്തി. ആ സ്ത്രീ ഇ-റിക്ഷയിൽ പോകുന്ന ദൃശ്യങ്ങളും കിട്ടി. ദൃശ്യങ്ങൾ പിന്തുടർന്ന പോലീസ് ഹുമയുൺപുർ റോഡിനു സമീപം കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു’-എസ്.പി. പറഞ്ഞു.
ആക്രി സാധനങ്ങൾ പെറുക്കുന്നതാണ് കുഞ്ഞിന്റെ അച്ഛന്റെ ജോലി. കുടുംബത്തിലെ പട്ടിണിയാണ് ഖാട്ടൂണിനെ കുഞ്ഞിനെ വിൽക്കാൻ നിർബന്ധിതയാക്കിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അതിനുശേഷമേ കാര്യത്തിൽ വ്യക്തത വരികയുള്ളൂവെന്നും പോലീസ് പറഞ്ഞു. എന്നാൽ, കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്ന് ഖാട്ടൂൺ പോലീസിനെ തെറ്റിദ്ധരിപ്പിച്ചതാണെങ്കിൽ അവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. അച്ഛനറിയാതെയാണ് അമ്മ കുഞ്ഞിനെ വിറ്റതെന്നും കുഞ്ഞിനെ അന്വേഷിച്ചപ്പോൾ തട്ടിക്കൊണ്ടുപോയ കഥയുണ്ടാക്കുകയായിരുന്നുവെന്നും സമീപവാസികൾ പറഞ്ഞു.

Leave a Reply

Latest News

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ

കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ. കോടതിയിൽ വ്യാജമായി പ്രാക്ടീസ് നടത്തിയ കേസിലെ പ്രതി സെസി സേവ്യര്‍ ഹൈക്കോടതിയിൽ...

More News