യുവതി തീകൊളുത്തി മരിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ; നിരന്തരം ശല്യം ചെയ്തിരുന്ന പ്രതിയുടെ അറസ്റ്റ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി; വിരലടയാളവും ശേഖരിച്ച് പോലീസ്

0

നായരമ്പലത്ത് യുവതി തീ കൊളുത്തി മരിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. വൈപ്പിനിലെ സിന്ധുവിന്റെയും മകന്റെയും മരണത്തിൽ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ അടക്കമുള്ള വസ്തുക്കൾ കസ്റ്റഡിയിലെടുത്തു. ഇവ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധന നടത്തിയ ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തും. വിരലടയാളം അടക്കമുള്ളവ ശേഖരിച്ചിട്ടുണ്ട്. യുവതിയുടെയും മകന്റെയും ആത്മഹത്യ ആണെന്ന നിഗമനത്തിൽ തന്നെയാണ് പോലീസ്.

അതേസമയം വൈപ്പിനിലെ സിന്ധുവിന്റെയും മകന്റെയും മരണത്തിന് പിന്നിൽ ദുരൂഹതയെന്ന് ആവർത്തിച്ച് കുടുംബം. അയൽവാസിയായ യുവാവ് നിരന്തരം ഭീഷണിപ്പെടുത്തുന്നത് സംബന്ധിച്ച് നിരവധി തവണ പരാതി നൽകിയിട്ടും പൊലീസിന്റെ ഭാ​ഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് സിന്ധുവിന്റെ സഹോദരൻ പറയുന്നു. സിന്ധുവിന്റെ അയൽവാസിയായ ദിലീപിനെതിരെ ആയിരുന്നു യുവതി പരാതി നൽകിയിരുന്നത്. എന്നാൽ, ദിലീപിനെ സംരക്ഷിക്കുന്നത് ഒരു ബിജെപി നേതാവാണെന്ന ആരോപണമാണ് ഉയരുന്നത്. കേസ് കൊടുത്ത സമയത്ത് ദിലീപിനായി ഈ നേതാവ് ഇടപെട്ടെന്നും ആരോപണമുണ്ട്.

നായരമ്പലം ഭഗവതീക്ഷേത്രത്തിന് കിഴക്ക് തെറ്റയിൽ സിന്ധുവിനെയും മകൻ അതുലിനെയും ഞായറാഴ്ച വൈകിട്ടാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. സിന്ധു ഇന്നലെയും, എഴുപത് ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അതുൽ ഇന്ന് പുലർച്ചെയുമാണ് മരിച്ചത്.സംഭവത്തിൽ സമീപവാസിയായ ദിലീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉമരിക്കുന്നതിന് തൊട്ടുമുൻപ് യുവതി സംസാരിച്ചതെന്ന് പറയപ്പെടുന്ന ശബ്ദരേഖ കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്. സിന്ധു ദിലീപിന്റെ പേര് പറയുന്നതാണ് ശബ്ദരേഖയിലുള്ളത്. പരേതനായ സാജുവിന്റെ ഭാര്യയാണ് സിന്ധു. എറണാകുളം ലൂർദ് ആശുപത്രി ജീവനക്കാരിയായിരുന്നു.

സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി മരിച്ച സിന്ധുവിന്റെ കുടുംബം. അയല്‍വാസിയായ ദിലീപ് നിരന്തരം ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെന്ന് സിന്ധുവിന്റെ സഹോദരന്‍ ജോജോ ആരോപിച്ചു. ‘ഞാറക്കല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പിറ്റേ ദിവസം രാവിലെ പോലീസ് ഇരു കക്ഷികളേയും വിളിപ്പിച്ചിരുന്നു. ദിലീപ് എത്തിയപ്പോള്‍ കൂടെ ഒരു ബിജെപി നേതാവുമുണ്ടായിരുന്നു. എങ്ങനെയെങ്കിലും തീര്‍ത്തുതരണം എന്ന് ബിജെപി നേതാവ് ആവശ്യപ്പെട്ടു. ശല്യം തുടങ്ങിയിട്ട് കാലം കുറച്ചായി. നാണക്കേട് ഒര്‍ത്താണ് നേരത്തെ പരാതി നല്‍കാതിരുന്നത്. 17 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതാണ്. മകനെ വളര്‍ത്തി വലുതാക്കാന്‍ ആശുപത്രിയില്‍ തൂപ്പുജോലി ചെയ്യുകയാണ്. പോലീസിന്റെ അനാസ്ഥ തന്നെയാണ് സംഭവത്തിന് ഇടയാക്കിയത്’, ജോജോ പറഞ്ഞു.

പോലീസില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് സിന്ധുവിന്റെ മാതാവും പറഞ്ഞു. ആറേഴ് മാസം മുമ്പ് ദിലീപിന്റെ വീട്ടില്‍ പോയി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. ജോജോയെ അടക്കം മൂന്ന് നാല് തവണ മര്‍ദ്ദിച്ചു. ഇതോടെയാണ് സിന്ധു പരാതി നല്‍കാന്‍ തയ്യാറായത്. പരാതി നല്‍കിയെങ്കിലും ഒരു അന്വേഷണവും ഉണ്ടായില്ലെന്നും ദിലീപ് ബിജെപി പ്രവര്‍ത്തകനാണെന്നും അയാള്‍ക്കു പിന്നില്‍ ആളുണ്ടെന്നും മാതാവ് ആരോപിച്ചു.

എന്നാല്‍, കേസുമായി ബന്ധപ്പെട്ട് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ഞാറക്കല്‍ പോലീസ് വ്യക്തമാക്കുന്നത്. കേസില്‍ ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു എന്നതാണ് പോലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു. സംഭവം ആത്മഹത്യയാണെന്നും പോലീസ് സ്ഥരീകരിച്ചിട്ടുണ്ട്. വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നും കതക് തകര്‍ത്താണ് നാട്ടുകാര്‍ അകത്തുകടന്നതെന്നുമാണ് പോലീസ് നല്‍കുന്ന വിവരം. ഇതിനിടെ ദിലീപിനെതിരേ പോലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയിട്ടുണ്ട്.

Leave a Reply