ആലപ്പുഴ: ഗൾഫിൽനിന്നെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിൽ സ്വർണക്കടത്തുമായി ബന്ധമുള്ള സംഘം തന്നെയാണെന്ന് പോലീസിന്റെ സ്ഥിരീകരണം. യുവതിയെ തട്ടിക്കൊണ്ടുപോയ സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും വിവിധ സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം നടത്തുകയാണെന്നും ചെങ്ങന്നൂർ ഡിവൈ.എസ്.പി. പറഞ്ഞു. അതേസമയം, യുവതിക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടായിരുന്നതായും പോലീസ് കരുതുന്നു.
തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് മാന്നാർ കൊരട്ടിക്കാട് വിസ്മയ വിലാസത്തിൽ ബിന്ദുവിനെ അജ്ഞാതസംഘം വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്. കമ്പിവടിയും വടിവാളുമായി 15 പേരടങ്ങുന്ന സംഘമാണ് വീട്ടിലെത്തിയതെന്നും ആദ്യം കോളിങ് ബെല്ലടിച്ച സംഘം പിന്നീട് വീടിന്റെ വാതിൽ തകർത്ത് ബിന്ദുവിനെ തട്ടിക്കൊണ്ടുപോയെന്നുമാണ് കുടുംബം പറയുന്നത്. സംഭവത്തിന് പിന്നിൽ കൊടുവള്ളി സ്വദേശികളാണെന്നും ഇവർ ആരോപിച്ചു.
ബിന്ദു നാട്ടിലെത്തിയതിന് പിന്നാലെ ചിലർ നിരന്തരം വീടിന്റെ പരിസരത്ത് എത്തിയിരുന്നു. ബിന്ദുവിനെ നിരീക്ഷിക്കാനെത്തിയ ഇവരെക്കുറിച്ചും കുടുംബം പോലീസിന് വിവരം കൈമാറിയിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
അതിനിടെ, ആദ്യം ഖത്തറിലെ സൂപ്പർമാർക്കറ്റിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ബിന്ദു ഇടയ്ക്കിടെ കേരളത്തിൽ വന്നുപോയിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇവരുടെ പാസ്പോർട്ട് അടക്കം പരിശോധിച്ചതിന് പിന്നാലെയാണ് യുവതി ഇടയ്ക്കിടെ നാട്ടിൽവന്നിരുന്നതായി കണ്ടെത്തിയത്. കഴിഞ്ഞമാസം നാട്ടിലെത്തിയ യുവതി പിന്നീട് ദുബായിലേക്കാണ് പോയത്. തുടർന്ന് ഫെബ്രുവരി 19-ന് നാട്ടിൽ തിരിച്ചെത്തിയതായും പോലീസ് പറഞ്ഞു. ഇതാണ് യുവതി സ്വർണക്കടത്തിന്റെ കാരിയറായി പ്രവർത്തിച്ചിരുന്നുവെന്ന സംശയം ബലപ്പെടാൻ കാരണം. യുവതിക്ക് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് പോലീസിന്റെയും നിഗമനം.
English summary
Police confirm gold smuggling gang behind Gulf kidnapping