ലോട്ടറി എടുക്കാൻ മാരായമുട്ടത്തെ വീട്ടിൽ നിന്നും തിരുവന്തപുരത്തേക്ക് പോയ സെൽവരാജ് എന്തിനാണ് വിതുരയിൽ എത്തിയതെന്ന് ഇനിയും കണ്ടെത്താനാകാതെ പൊലീസ്

0

തിരുവനന്തപുരം: ലോട്ടറി എടുക്കാൻ മാരായമുട്ടത്തെ വീട്ടിൽ നിന്നും തിരുവന്തപുരത്തേക്ക് പോയ സെൽവരാജ് എന്തിനാണ് വിതുരയിൽ എത്തിയതെന്ന് ഇനിയും കണ്ടെത്താനാകാതെ പൊലീസ്. വിതുര മേമല ലക്ഷ്മി എസ്റ്റേറ്റിനു സമീപം തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുളള പുരയിടത്തിലെ തെങ്ങിൻ ചുവട്ടിലായിരുന്നു സെൽവരാജിന്റെ മൃതദേഹം കണ്ടെത്തിയത്. കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി കെണിയിൽ നിന്നു ഷോക്കേറ്റാണ് സെൽവരാജ് മരിച്ചത്.

നെയ്യാറ്റിൻകര മാരായമുട്ടം ചായ്ക്കോട്ടുകോണം മരുതത്തൂർ വലിയ മാവാത്തല വീട്ടിൽ സെൽവ രാജ് എന്ന 51കാരന്റെ മരണത്തിലാണ് ദുരൂഹത പെരുകുന്നത്. സെൽവരാജിനെ വെള്ളിയാഴ്ച മുതൽ കാണാനില്ലെന്ന് മാരായമുട്ടം പൊലീസ് സ്റ്റേഷനിൽ ഭാര്യ ശനിയാഴ്ച വൈകിട്ടു പരാതി നൽകിയിരുന്നു.

കളരി ആശാനും കർഷകനുമായ സെൽവരാജ് ഒന്നിച്ചു ലോട്ടറി വാങ്ങാറുണ്ട്. വെള്ളിയാഴ്ച വൈകിട്ട് 3 ന് ലോട്ടറി എടുക്കാനായി തിരുവനന്തപുരത്തേക്കു പോയതാണ്. രാത്രി വീട്ടിൽ എത്താതായതോടെ ഫോണിൽ ബന്ധപ്പെടുകയും സുഹൃത്തുക്കളോടു തിരക്കുകയും ചെയ്തിട്ടും ഒരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്നാണു ഭാര്യ പൊലീസിൽ പരാതി നൽകിയത്. മേമല ലക്ഷ്മി എസ്റ്റേറ്റിനു സമീപം തൊട്ടടുത്തുള്ള വീട്ടിലെ വൈദ്യുതി ഹീറ്ററിൽ നിന്നു മരക്കൊമ്പിൽ ഘടിപ്പിച്ച കമ്പിയിൽ തട്ടിയാണു സെൽവരാജിനു ഷോക്കേറ്റത്. ഇതു മറി കടക്കവേ ഷോക്കേറ്റു വീണതാകാമെന്നാണു പ്രാഥമിക നിഗമനം. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഷോക്കേറ്റതാണു മരണ കാരണമെന്ന് പറയുന്നു.

ശനിയാഴ്ച രാവിലെ ഒൻപതോടെ ഇതു വഴി പോയ സ്ത്രീയാണു മൃതദേഹം ആദ്യം കണ്ടത്. മൃതദേഹം നഗ്നമായിരുന്നു. വസ്ത്രങ്ങൾ ഊരി തലയിൽ ചുറ്റിയ നിലയിലും. ഇടതു കാൽമുട്ടിനു താഴെ കണങ്കാലിൽ പൊളളലേറ്റു കരിഞ്ഞ പാട് കണ്ടെത്തി. കാട്ടുപന്നിയുടെ ശല്യം രൂക്ഷമായ മേഖലയിലാണു സംഭവം. കഴി‍ഞ്ഞ രണ്ട് മാസത്തിനിടെ മേമലയിലെ വിവിധയിടങ്ങളിൽ കാട്ടുപന്നി ആക്രമണം ഉണ്ടായി. അതിനാൽ പലയിടത്തും പുരയിടത്തിന് ഉള്ളിലേക്കു കാട്ടുപന്നികൾ കയറി കൃഷി നശിപ്പിക്കാതെ ഇരിക്കാൻ വൈദ്യുതി കെണി ഒരുക്കിയിട്ടുണ്ട്. സംഭവത്തിൽ വൈദ്യുതി കെണി ഒരുക്കിയ മേമല സ്വദേശി കുര്യനെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാൾക്കെതിരെ മനഃപൂർവം അല്ലാത്ത നരഹത്യയ്ക്കു കേസെടുത്തിട്ടുണ്ട്. അതേ സമയം മരിച്ച ആൾ പ്രദേശവാസി അല്ലാത്തതിനാൽ ഇവിടെ എത്തിയതു സംബന്ധിച്ചു വ്യക്തത ഇല്ലെന്നു വിതുര സബ് ഇൻസ്പെക്ടർ വിനോദ് കുമാർ അറിയിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരത്തു പോയ ആൾ എന്തിനു വിതുരയിൽ എത്തി എന്നതു സംബന്ധിച്ചും അപായപ്പെടാൻ ഉണ്ടായ സാഹചര്യത്തെ സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തും. ജയ ആണു സെൽവരാജിന്റെ ഭാര്യ. ഡിഗ്രി വിദ്യാർഥിനിയായ രോഹിണിയാണു മകൾ. സംസ്കാരം ഇന്നലെ വീട്ടു വളപ്പിൽ നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here