യുക്രെയ്ൻകാരായ അഭയാർഥികളെ പോളണ്ട് ഹൃദയം തുറന്നാണു സ്വീകരിക്കുന്നത്

0

“ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്’. വാഴ്സ നഗരത്തിൽ ബസ് സ്റ്റോപ്പുകളിലും കടകളുടെ വാതിൽ‍ച്ചില്ലുകളിലുമൊക്കെ ഇങ്ങനെയൊരു വാചകം എഴുതിവച്ചിട്ടുണ്ട്. യുക്രെയ്ൻകാരായ അഭയാർഥികളെ പോളണ്ട് ഹൃദയം തുറന്നാണു സ്വീകരിക്കുന്നത്. കുഞ്ഞുങ്ങളും സ്ത്രീകളും മുതിർന്ന പൗരൻമാരുമാണ് എത്തുന്നവരിലേറെയും.

വാഴ്സയിൽ പലയിടത്തും കെട്ടിടങ്ങൾക്കു മുകളിൽ പോളണ്ടിന്റെ പതാകയ്ക്കൊപ്പം യുക്രെയ്നിന്റെ പതാകയുമുണ്ട്. ചരിത്രപരമായ സൗഹൃദമാണ് അതിന് ഒരു കാരണം. ഇരുരാജ്യങ്ങളും അനുഭവിച്ച ദുരിതങ്ങൾ സമാനമാണ്. പോളണ്ടിൽ നിർമാണമേഖലയിലും ശുചീകരണരംഗത്തും ധാരാളം യുക്രെയ്ൻകാർ ജോലി ചെയ്യുന്നുണ്ട്. സർക്കാരിന്റെ പിന്തുണയോടെ അഭയാർഥികളെ ഹൃദയത്തോടു ചേർത്തു നിർത്തുകയാണ് പോളണ്ടുകാർ.

യുക്രെയ്നിൽനിന്ന് അഭയാർഥികളായി 40 ലക്ഷം പേരെങ്കിലും അയൽരാജ്യങ്ങളിൽ എത്തുമെന്നാണ് ഐക്യരാഷ്ട്രസംഘടനയുടെ വിലയിരുത്തൽ. ഏറ്റവും കൂടുതൽ പേരെ പ്രതീക്ഷിക്കുന്നത് പോളണ്ടാണ്. 10 ലക്ഷം പേർക്കെങ്കിലും സൗകര്യമൊരുക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുമുണ്ട്. ഹംഗറി, സ്ലോവാക്യ, റുമാനിയ തുടങ്ങിയ രാജ്യങ്ങളിലേക്കും വൻതോതിൽ അഭയാർഥികൾ നീങ്ങുന്നു.

യുക്രെയ്ൻ കടന്നെത്തുന്ന അഭയാർഥികൾക്കായി അതിർത്തിക്കു സമീപംതന്നെ ക്യാംപുകൾ തുറന്നിട്ടുണ്ട്. ഭക്ഷണവും വസ്ത്രവും കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളുമൊക്കെ ക്യാംപുകളിൽ വേണ്ടത്രയുണ്ട്.

ഇന്നലെ 3 ഡിഗ്രി സെൽഷ്യസായിരുന്നു പകൽ താപനില. അഭയാർഥികളെ താമസിപ്പിക്കാൻ‍ വാഴ്സ പോലുള്ള നഗരങ്ങളിലെ ഹോസ്റ്റലുകൾ മിക്കതും സർക്കാർ ബുക്ക് ചെയ്തിരിക്കുകയാണ്. യുക്രെയ്ൻ യൂറോപ്യൻ യൂണിയനിൽ അംഗമല്ല. എന്നാൽ, ആ രാജ്യത്തുനിന്നുള്ളവർക്ക് വീസയില്ലാതെ ഏത് യൂറോപ്യൻ യൂണിയൻ രാജ്യത്തും പ്രവേശനം അനുവദിച്ചിട്ടുണ്ട്.

യുക്രെയ്നിൽ സ്ഥിരമായി താമസിക്കാൻ വീസ ഉണ്ടായിരുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും.

Leave a Reply